കോതമംഗലം : എസ്.സി.-എസ്.ടി. വകുപ്പിന്റെ കീഴിൽ കിഫ്ബി സാമ്പത്തിക അനുമതി ലഭിച്ച നേര്യമംഗലം പോസ്റ്റ്‌മെട്രിക് ട്രൈബൽ ബോയ്‌സ് ഹോസ്റ്റലിന്റെയും കുട്ടംപുഴ പഞ്ചായത്തിലെ ആദിവാസി മേഖലയായ പിണവൂർകുടിയിലെ പ്രീമെട്രിക് ട്രൈബൽ ഹോസ്റ്റലിന്റെയും നിർമാണ നടപടികൾ വേഗത്തിലാക്കാൻ ഷിബു തെക്കുംപുറം എം.എൽ.എ. നിർദേശം നൽകി. ഹോസ്റ്റലുകളുടെ നിർമാണ ചുമതലയുള്ള കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷന്റെ പ്രോജക്ട് മാനേജർ, പ്രോജക്ട് എൻജിനിയർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ എം.എൽ.എ.യുടെ സാന്നിധ്യത്തിൽ ഇരുസ്ഥലങ്ങളും സന്ദർശിച്ച് പരിശോധന നടത്തി.

To advertise here,

 

നിർമാണവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന തർക്കങ്ങളും സ്ഥലം സംബന്ധിച്ച പ്രശ്നങ്ങളും പരിശോധിച്ച് പരിഹാരം കണ്ടെത്തുന്നതിന് തുടർനടപടി സ്വീകരിച്ചു. നേര്യമംഗലം പോസ്റ്റ്‌മെട്രിക് ട്രൈബൽ ബോയ്‌സ് ഹോസ്റ്റലിന് 4.22 കോടി രൂപയും പിണവൂർകുടി പ്രീ-മെട്രിക് ഹോസ്റ്റലിന് 3.92 കോടി രൂപയുടേയും ഭരണാനുമതിയാണ് ലഭിച്ചിട്ടുള്ളത്. കെട്ടിടങ്ങളുടെ ഡിസൈൻ, എസ്റ്റിമേറ്റ് എന്നിവ തയ്യാറാക്കി സമർപ്പിക്കുന്നതോടെ കിഫ്ബിയുടെ സാമ്പത്തിക അനുമതി നേടി ടെൻഡർ നടത്താനാകും.

നേര്യമംഗലം ട്രൈബൽ പെൺകുട്ടികളുടെ ഹോസ്റ്റലും എം.എൽ.എ. സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി സാജു, പഞ്ചായത്ത് പ്രസിഡന്റുമാരായ മേരി കുര്യാക്കോസ്, ബിന്ദു ജോർജ്, ജില്ലാ പഞ്ചായത്ത് അംഗം സൗമ്യാ ശശി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പ്രിയങ്കാ ടോമി, ചിഞ്ജു എബ്രഹാം, വാർഡ് അംഗങ്ങളായ ബിന്ദു രാജേന്ദ്രൻ, പി.എം. കണ്ണൻ തുടങ്ങിയവരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുത്തു.