വൈപ്പിൻ : കടൽതീരങ്ങളേക്കാൾ അതിമനോഹരമായ ചെറുദ്വീപുകൾ കൊണ്ട് സമ്പന്നമാണ് വൈപ്പിൻകരയുടെ കിഴക്കൻ മേഖലയിലെ ചെറുദ്വീപുകളും കായലോരവും. യാത്രാസൗകര്യങ്ങളുടെ കുറവാണ് സഞ്ചാരികൾ കൂടുതലായി എത്തുന്നതിന് തടസ്സമായി നിൽക്കുന്നത്. എന്നിട്ടും കായലോരത്തെ കേന്ദ്രീകരിച്ച് നിരവധി ഹോം സ്റ്റേകൾ ഇപ്പോൾതന്നെ പ്രവർത്തിച്ചുവരുന്നുണ്ട്. ഈ മേഖലകൾ കേന്ദ്രീകരിച്ച് നിരവധി സിനിമകളുടെ ഷൂട്ടിംഗും നടക്കുന്നുണ്ട്. നിലവിൽ ഫോർട്ട് വൈപ്പിനിലേക്ക് മാത്രമാണ് ജലമെട്രോ ഉള്ളത്. പുക്കാട് സ്ഥലമേറ്റെടുത്തിട്ടുണ്ടെങ്കിലും നടപടികൾ ഒന്നും മുന്നോട്ടുപോയിട്ടില്ല.

To advertise here,

നെടുങ്ങാട് തുടങ്ങിയ ഇടങ്ങളിലേക്കുകൂടി ജലമെട്രോ വേണം. അതേസമയം ഉൾനാടൻ ജലഗതാഗതവുമായി ബന്ധപ്പെടുത്തി ഇപ്പോൾ തന്നെ മറൈൻഡ്രൈവിൽനിന്ന് വിനോദയാത്ര പാക്കേജുകൾ ഉണ്ട്. വൈപ്പിൻകരയുടെ കിഴക്കേ അതിരിലെ വീരൻപുഴ ദേശീയ ജലപാതയുടെ ഭാഗം കൂടിയാണ്.

നിർദിഷ്ട കായലോര റോഡ് യാഥാർഥ്യമായാൽ കായലോര വിനോദസഞ്ചാരത്തിന് വലിയ സാധ്യതകളാണുള്ളത്. തീരദേശപാതയേക്കാൾ എളുപ്പത്തിൽ പൂർത്തിയാക്കാൻ കഴിയുന്നതാണ് കായലോരപാത. കിഴക്കൻ അതിർത്തിയിലെ വീരൻപുഴ ആഴപ്പെടുത്തുമ്പോൾ കിട്ടുന്ന എക്കൽ പുഴയുടെ ഓരങ്ങളിൽ ചിറ കെട്ടി അതിൽ നിക്ഷേപിച്ചാൽ റോഡ് രൂപപ്പെടുത്താനാകും.

ഇതിനുള്ള പദ്ധതികൾ പലപ്പോഴും ചർച്ച ചെയ്യപ്പെടുകയും നിയമസഭയിൽവരെ പദ്ധതി പരിഗണനയിലെന്ന് പ്രഖ്യാപനം ഉണ്ടാവുകയും ചെയ്തെങ്കിലും തുടർനടപടികൾ ഒന്നുമുണ്ടായില്ല.

പുക്കാട്, വലിയവട്ടം, നെടുങ്ങാട്, താമരവട്ടം തുടങ്ങി നിരവധി ചെറുദ്വീപുകളാണ് വൈപ്പിൻകരയുടെ കിഴക്കൻ മേഖലയിലുള്ളത്. പൊക്കാളി പാടശേഖരങ്ങളും ചെറുതോടുകളും കൊണ്ട് സമ്പന്നമായ ഇടങ്ങൾ. പലയിടങ്ങളും പക്ഷിസങ്കേതം കൂടിയാണ്. സഹോദരൻ അയ്യപ്പൻ സ്മാരകം, പള്ളിപ്പുറം കോട്ട തുടങ്ങി ചരിത്രപ്രാധാന്യമുള്ള ഇടങ്ങളും കായലോരത്തോട് ചേർന്നുണ്ട്.

വേണ്ടവിധം പരിപാലിക്കുകയും ദീർഷവീക്ഷണത്തോടുകൂടിയുള്ള പദ്ധതികൾ തയ്യാറാക്കുകയുമാണ് വേണ്ടത്. വിനോദസഞ്ചാരത്തിന്റെ അനന്തസാധ്യതകളുള്ള ഈ മേഖല വേണ്ടവിധം ശ്രദ്ധിക്കപ്പെടാതെ പോയി എന്നതാണ് യാഥാർഥ്യം.