പെരുമ്പാവൂർ : ആലുവ-മൂന്നാർ റോഡരികിൽ നഗരത്തിന്റെ ഹൃദയഭാഗത്തുള്ള നഗരസഭാ വെജിറ്റബിൾ മാർക്കറ്റ് കോംപ്ലക്സിലെ മുറികളിൽ ഏറെയും വാടകയ്ക്കെടുക്കാൻ ആളില്ലാതെ അടഞ്ഞുകിടക്കുന്നു. സമുച്ചയത്തിലെ വൈദ്യുതി പാനൽബോർഡുകൾ തകരാറിലായിട്ട് മാസങ്ങളായി. വൈദ്യുതി കണക്ഷൻ നൽകാൻ കഴിയാത്തതിനാലാണ് മുറികൾ വാടകയ്ക്കെടുക്കാതെ കിടക്കുന്നത്.
നാലുനിലകളിലായി നിർമിച്ച വ്യാപാര സമുച്ചയമാണ് മുനിസിപ്പൽ അധികൃതരുടെ അനാസ്ഥകൊണ്ട് ആളൊഴിഞ്ഞ ഇടമായി മാറിയത്. വലിയ തുക അഡ്വാൻസായും വാടകയായും നൽകിയാണ് ഇവിടെ ആളുകൾ മുറികൾ ഏറ്റെടുത്തത്. എന്നാൽ, കോംപ്ലക്സിൽ അടിസ്ഥാനസൗകര്യങ്ങൾ പോലുമില്ലാത്തതിനാൽ പലരും മുറികൾ ഒഴിഞ്ഞുപോയി. ഇവരിൽ പലർക്കും അഡ്വാൻസായി വാങ്ങിയ തുക നഗരസഭ മടക്കിക്കൊടുത്തിട്ടില്ലെന്ന് ആക്ഷേപമുണ്ട്. ഇതേതുടർന്ന് പലരും കോടതിയെ സമീപിച്ചിരിക്കുകയാണ്. അതിനിടെയാണ് പാനൽ ബോർഡുകൾ തകരാറായതിനെ തുടർന്ന് പലമുറികളിലും വൈദ്യുതി മുടങ്ങിയത്. ഇതോടെ ആവശ്യക്കാരുണ്ടായിട്ടും മുറികൾ വാടകയ്ക്ക് നൽകാൻ കഴിയാത്ത സ്ഥിതിയായി.
ഇതിനിടയിൽ മുറികൾ വാടകയ്ക്ക് എടുത്തവരാകട്ടെ വൈദ്യുതി കണക്ഷൻ ഇല്ലാത്തതിനാൽ സ്ഥാപനം തുറക്കാൻകഴിയാതെ വെട്ടിലായി. സമുച്ചയത്തിന്റെ ഇരുഭാഗത്തുമുള്ള മുറികളിലാണ് പാനൽ ബോർഡുകൾ സ്ഥാപിച്ചിട്ടുള്ളത്. ഇവിടെനിന്ന് മീറ്ററുകൾ ഉൾപ്പെടെ മോഷ്ടിക്കപ്പെട്ടിട്ടുണ്ട്. പുതിയ പാനൽബോർഡ് സ്ഥാപിക്കുമെന്ന് നഗരസഭാ അധികൃതർ പറയുന്നുണ്ടെങ്കിലും മാസങ്ങളായി നടപടികളൊന്നുമില്ല.
പാർക്കിങ് ഏരിയയിലെ അനധികൃത നിർമാണം പൊളിച്ചുനീക്കി
: വെജിറ്റബിൾ മാർക്കറ്റ് കോംപ്ലക്സിന്റെ പാർക്കിങ് ഏരിയയിൽ വ്യാപാരികളിൽ ചിലർ അനധികൃതമായി ഷെഡ് നിർമിച്ചത് നഗരസഭാ കൗൺസിലിന്റെ തീരുമാനപ്രകാരം പൊളിച്ചുതുടങ്ങി. വാഹനങ്ങൾ പാർക്ക് ചെയ്യാൻ കഴിയാത്തവിധം െെകയേറി നടത്തിയ നിർമാണപ്രവർത്തനങ്ങൾക്കെതിരേ വ്യാപാരസമുച്ചയത്തിലെ മറ്റു വ്യാപാരികൾ നഗരസഭയ്ക്ക് പരാതി നൽകിയതിനെത്തുടർന്നാണ് നടപടി. പാർക്കിങ് ഏരിയയിലും പാണാട്ടില്ലം റോഡിലും ഇതുമൂലം ഗതാഗതക്കുരുക്കും പതിവായിരുന്നു. അനധികൃതമായി നിർമിച്ച ഷെഡ് റെഗുലറൈസ് ചെയ്ത് നൽകണമെന്ന ആവശ്യവുമായി ഇവർ രംഗത്തെത്തിയെങ്കിലും നടപടിയുണ്ടായില്ല.
Published: 10 Sept 2026, 02:51 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented