കരാറുകാരൻ കൈയൊഴിയുമ്പോൾ മറ്റൊരാളെക്കൊണ്ട് ഏറ്റെടുപ്പിക്കാൻ നെട്ടോട്ടം
കാഞ്ഞിരമറ്റം : ഗ്രാമീണമേഖലയിൽ നിന്നുള്ള നൂറുകണക്കിന് യാത്രക്കാർക്ക് യാത്രാസൗകര്യമൊരുക്കിയിരുന്ന കാഞ്ഞിരമറ്റം റെയിൽവേ സ്റ്റേഷനെ റെയിൽവേ അവഗണിച്ച് അടച്ചു പൂട്ടലിലേക്കു നയിക്കുന്നുവെന്നാരോപിച്ചുള്ള പ്രതിഷേധങ്ങൾ തുടരുന്നു. കോവിഡ് കാലത്ത് റെയിൽവേ പിൻവലിച്ച ഏതാനും തീവണ്ടികൾ പുനഃസ്ഥാപിച്ചില്ലെങ്കിൽ ഇവിടെ യാത്രക്കാർ കൂടില്ലെന്നും കരാറെടുക്കുന്നവർക്ക് നഷ്ടങ്ങൾ മാത്രമേ ഉണ്ടാകൂവെന്നും നിലവിൽ കരാറെടുത്തവർ ചൂണ്ടിക്കാട്ടുന്നു.
ഏതാനും വർഷങ്ങളായി നാട്ടുകാരുടെ യാത്രാസൗകര്യം മുടങ്ങാതിരിക്കാൻ നഷ്ടം സഹിച്ചാണ് കരാർ തുടരുന്നത്. എന്നാൽ പിൻവലിച്ച തീവണ്ടികൾക്കെങ്കിലും സ്റ്റോപ്പുകൾ തിരിച്ചുനൽകാതെ സ്റ്റേഷൻ പ്രവർത്തനം ലാഭത്തിൽ നടത്താനാവില്ല. ഈ ആവശ്യങ്ങൾ ഉന്നയിച്ച് നിരവധി നിവേദനങ്ങളും അപേക്ഷകളും ജനപ്രതിനിധികൾക്കും രാഷ്ട്രീയനേതാക്കൾക്കും നൽകിയിട്ടുണ്ട്. എന്നാൽ അനുകൂലമായ തീരുമാനങ്ങളൊന്നും ഉണ്ടാകാത്ത സാഹചര്യത്തിൽ നിലവിലുള്ള കരാർ ഒക്ടോബറോടെ അവസാനിപ്പാക്കാനാണ് തീരുമാനമെന്ന് കരാറുകാരൻ അറിയിച്ചു.
റെയിൽവേ കൂടുതൽ തീവണ്ടികൾക്ക് സ്റ്റോപ്പനുവദിക്കാത്തത് സ്റ്റേഷനോടുള്ള അവഗണനയാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ജനങ്ങളുടെയും ജനപ്രതിനിധികളുടെയും നിരന്തര സമ്മർദത്തേത്തുടർന്ന് സ്റ്റേഷനിലെ ശൗചാലയവും കാത്തിരിപ്പുകേന്ദ്രവുമൊക്കെ ചെറിയ രീതിയിൽ നവീകരിച്ചെങ്കിലും കൂടുതൽ തീവണ്ടികൾക്ക് സ്റ്റോപ്പനുവദിച്ചാലേ സ്റ്റേഷൻ നേരിടുന്ന അടിസ്ഥാന പ്രശ്നം പരിഹരിക്കാനാവൂ.
യാത്രക്കാരുടെ എണ്ണവും അതുവഴി കരാറുകാർക്കും റെയിൽവേക്കും കൂടുതൽ വരുമാനവും ഉണ്ടാക്കാൻ കൂടുതൽ തീവണ്ടികൾ സ്റ്റേഷനിൽ നിർത്തണം. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ബി.ജെ.പി. നേതാക്കൾക്കും റെയിൽവേ ഉദ്യോഗസ്ഥർക്കും സ്ഥലം എം.പി.യ്ക്കുമൊക്കെ നിരവധി നിവേദനങ്ങളും നൽകിയിട്ടുണ്ട്. എന്നാൽ റെയിൽവേ ഇത്തരം ആവശ്യങ്ങളോട് അനുകൂലമായ ഒരു പ്രതികരണവും നടത്താത്തതിൽ പതിവുയാത്രക്കാർക്കും കോവിഡിനുമുൻപ് സ്റ്റോപ്പുണ്ടായിരുന്ന തീവണ്ടികളിൽ സഞ്ചരിച്ചിരുന്നവർക്കും ശക്തമായ പ്രതിഷേധമാണുള്ളത്.
കാഞ്ഞിരമറ്റം റെയിൽവേ സ്റ്റേഷൻ നിലനിർത്തണമെന്ന ജനകീയാവശ്യം മാതൃഭൂമി പലതവണ വാർത്തായി നൽകിയതോടെ ഇക്കാര്യത്തിൽ രാഷ്ട്രീയപ്പാർട്ടികളും ഇടപെടൽ ശക്തമാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച കോൺഗ്രസ് മുളന്തുരുത്തി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞിരമറ്റം റെയിൽവേ സ്റ്റേഷനുമുന്നിൽ വൈകീട്ട് 4-ന് സ്റ്റേഷൻ അടച്ചുപൂട്ടരുതെന്നാവശ്യപ്പെട്ട് ജനകീയ പ്രതിഷേധ ധർണ നടത്തുന്നുണ്ട്. സമരം ഫ്രാൻസിസ് ജോർജ് എം.പി. ഉദ്ഘാടനം ചെയ്യും. യു.ഡി.എഫ്. പിറവം നിയോജക മണ്ഡലം ചെയർമാൻ കെ.ആർ. ജയകുമാർ മുഖ്യപ്രഭാഷണം നടത്തും. കോൺഗ്രസ് മുളന്തുരുത്തി ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ആർ. ഹരി യോഗത്തിൽ അധ്യക്ഷത വഹിക്കും.
ഒക്ടോബറിൽ നിലവിലുള്ള കരാർ തീരുന്നതോടെ സ്റ്റേഷൻ പ്രവർത്തനം നിന്നുപോവാതിരിക്കാൻ ആരെയെങ്കിലും കണ്ടെത്തി കരാറേറ്റെടുപ്പിക്കാനുള്ള നീക്കം ട്രെയിൻ പാസഞ്ചേഴ്‌സ് അസോസിയേഷനും നടത്തുന്നുണ്ട്.
Published: 13 Sept 2026, 02:56 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented