കിഴക്കമ്പലം : വൈകുന്നേരമായാൽ പട്ടിമറ്റം ജങ്ഷൻ കടക്കാൻ വാഹനയാത്രക്കാർ ബുദ്ധിമുട്ടുന്നു. നാലു ഭാഗത്തുനിന്നുമെത്തുന്ന വാഹനങ്ങൾ വിവിധ ദിശകളിലേക്ക് തിരിയുന്നതോടെ ജങ്ഷനിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുകയാണ്.
ഗതാഗതം നിയന്ത്രിക്കാൻ സ്ഥിരമായി പോലീസ് സാന്നിധ്യമില്ലാത്തതിനാൽ വാഹനങ്ങൾ തോന്നിയപോലെ കവലയിലേക്ക് കടന്നുവരുന്നതും പോകുന്നതും ഗതാഗതക്കുരുക്ക് വർധിപ്പിക്കുന്നു.
അടിയന്തരമായി പട്ടിമറ്റം കവലയിൽ സിഗ്നൽ സംവിധാനം ഏർപ്പെടുത്തുകയോ, സ്ഥിരമായി പോലീസിനെ നിയമിക്കുകയോ വേണമെന്ന ആവശ്യമാണ് പൊതുസമൂഹം മുന്നോട്ടുവെയ്ക്കുന്നത്. മൂവാറ്റുപുഴ ഭാഗത്തുനിന്നും എത്തുന്ന ടോറസ് ഉൾപ്പെടെയുള്ള വലിയ ലോറികളാണ് ഗതാഗതക്കുരുക്കിന് മറ്റൊരു പ്രധാന കാരണം.
വലിയ വാഹനങ്ങൾക്ക് ജങ്ഷനിൽ ഒറ്റയടിക്ക് തിരിയാൻ കഴിയാത്തതിനാൽ മറ്റു വാഹനങ്ങളും കുരുക്കിൽപ്പെടുന്നു. തിരക്കേറിയ സമയങ്ങളിൽ വലിയ ലോറികൾകൂടി എത്തിയാൽ വാഹനങ്ങളുടെ നീക്കം മന്ദഗതിയിലാകുകയും മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടുകയും ചെയ്യുന്നു.
വാഹനങ്ങൾ തിരിച്ചുവിടണം
: പട്ടിമറ്റം കവലയിലേക്ക് വാഹനങ്ങൾ എത്തേണ്ടതില്ലെങ്കിൽ മറ്റു എളുപ്പവഴികളിലൂടെ വാഹനങ്ങൾ തിരിച്ചുവിടാൻ സംവിധാനമൊരുക്കണമെന്ന നിർദേശവും നാട്ടുകാർ ഉന്നയിക്കുന്നുണ്ട്.
പെരുമ്പാവൂർ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ മൂവാറ്റുപുഴ ഭാഗത്തേക്ക് പോകേണ്ടവയാണെങ്കിൽ ഡബിൾ പാലത്തിൽനിന്നും തിരിഞ്ഞ് അത്താണിയിലേക്ക് പോകാനുള്ള എളുപ്പവഴി പ്രയോജനപ്പെടുത്തണം.
അതോടൊപ്പം ഡബിൾപാലത്തിൽനിന്നും കനാൽബണ്ട് റോഡ് വഴി പട്ടിറ്റം-കിഴക്കമ്പലം റോഡിലേക്ക് കയറാനാവുന്ന സൗകര്യവും ഏർപ്പെടുത്തണം. കിഴക്കമ്പലം- നെല്ലാട് റോഡ് അത്യാധുനികരീതിയിൽ പുനർനിർമാണം പൂർത്തിയായതോടെ എറണാകുളത്തുനിന്ന് ഹൈറേഞ്ചിലേക്ക് പോകുന്ന ടൂറിസ്റ്റുകളും സ്ഥിരം യാത്രക്കാരുമടക്കം പട്ടിമറ്റം വഴി തിരഞ്ഞെടുത്തതോടെയാണ് തിരക്ക് വർധിച്ചത്.
തൃപ്പൂണിത്തുറ, തിരുവാങ്കുളം, മാമല, കോലഞ്ചേരി വഴി പോയിരുന്ന വാഹനങ്ങൾ കാക്കനാടുവന്ന് കിഴക്കമ്പലം- പട്ടിമറ്റം വഴിയാണ് യാത്ര ചെയ്യുന്നത്.
ഒറ്റമഴയിൽ വെള്ളക്കെട്ട്
: ഗതാഗതക്കുരുക്കിനൊപ്പം മഴക്കാലത്ത് പട്ടിമറ്റം ജങ്ഷൻ നേരിടുന്നത് രൂക്ഷമായ വെള്ളക്കെട്ടാണ്. ഒരുകോടി രൂപ ചെലവിട്ട് ജങ്ഷൻ വികസനം പൂർത്തിയാക്കിയെങ്കിലും മഴവെള്ളം ശാസ്ത്രീയമായി ഒഴുക്കിവിടാനുള്ള സംവിധാനം ഒരുക്കാത്തതാണ് പ്രശ്നത്തിന് കാരണം.
നാലുവശങ്ങളിലുമുള്ള ഓടകൾക്ക് മുകളിൽ സ്ലാബിട്ട് ടൈൽ പാകിയെങ്കിലും വെള്ളം സുഗമമായി ഒഴുകിപ്പോകാനുള്ള സംവിധാനമില്ലാത്തതിനാൽ ശക്തമായ മഴപെയ്താൽ ജങ്ഷൻ വെള്ളത്തിൽ മുങ്ങും.
Published: 12 Sept 2026, 03:44 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented