എറണാകുളം നോർത്ത് സ്റ്റേഷനിൽ ടിക്കറ്റെടുപ്പ് 'സാഹസിക ദൗത്യം'

To advertise here,

കൊച്ചി : പ്ലാറ്റ്‌ഫോമിലേക്ക് ആളുകൾ ഇരച്ചുകയറുന്നു... അതേ വഴിയിൽ ടിക്കറ്റ് എടുക്കാൻ നീണ്ട ക്യൂ. തീവണ്ടി വരാറാകുമ്പോൾ യാത്രക്കാരുടെ നെട്ടോട്ടവും ടിക്കറ്റ് എടുക്കാനുള്ള തിരക്കും ഒരുമിച്ചാകുമ്പോൾ എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്‌ഫോമിൽ യാത്രക്കാർ നേരിടുന്നത് കടുത്ത ദുരിതം.

രണ്ടാം പ്ലാറ്റ്‌ഫോമിലെ ടിക്കറ്റ് കൗണ്ടറിന് മുന്നിലൂടെയുള്ള ഇടുങ്ങിയ ഇടനാഴിയാണ് യാത്രക്കാരുടെ ദുരിതത്തിന് വേദിയാകുന്നത്. പരിമിതമായ സ്ഥലത്താണ് കൗണ്ടർ പ്രവർത്തിക്കുന്നത്.

ടിക്കറ്റ് എടുക്കാൻ ക്യൂ നിൽക്കുന്നവരും പ്ലാറ്റ്‌ഫോമിലേക്ക് വേഗത്തിൽ എത്താൻ ശ്രമിക്കുന്നവരും ഒരേ വഴിയിലൂടെ കടന്നുപോകേണ്ട സ്ഥിതിയാണ്. തീവണ്ടി എത്താറാകുന്നതോടെ തിരക്ക് ഇരട്ടിയാകും. ടിക്കറ്റിനായി ക്യൂവിൽ നിൽക്കുന്നവരുടെ ഇടയിലൂടെ തള്ളിത്തിരക്കി വേണം പ്ലാറ്റ്‌ഫോമിലേക്ക് എത്താൻ. ബാഗും മറ്റും തൂക്കി ഓടിയെത്തുന്ന യാത്രക്കാർ ഇതിനിടെ ക്യൂവിൽ കുടുങ്ങുന്നതും പതിവാണ്. വാരാന്ത്യ ദിവസങ്ങളിൽ തിരക്ക് കൂടുന്നതോടെ ഇടനാഴിയിൽ ശ്വാസംമുട്ടുന്ന സാഹചര്യമാണെന്ന് യാത്രക്കാർ പറയുന്നു.

ക്യൂവിൽ കുടുങ്ങി, തീവണ്ടി പോയി

നീണ്ട ക്യൂ കാരണം പലപ്പോഴും യാത്രക്കാർക്ക് തീവണ്ടി കൺമുന്നിലൂടെ പോയത് നോക്കിനിൽക്കേണ്ടിവരുന്നതായും പരാതിയുണ്ട്.

തീവണ്ടി വരാൻ മിനിറ്റുകൾ മാത്രം ശേഷിക്കുമ്പോൾ ടിക്കറ്റ് എടുക്കാൻ ക്യൂവിൽ നിൽക്കേണ്ടിവരുന്നതാണ് പ്രധാന പ്രശ്നം. ''തീവണ്ടി വരാൻ മിനിറ്റുകൾ മാത്രം ബാക്കിയുള്ളപ്പോഴാണ് ഈ ഇടുങ്ങിയ വഴിയിൽ ക്യൂ നിൽക്കേണ്ടിവരുന്നത്. കൗണ്ടറിൽ എത്തുമ്പോഴേക്കും പ്ലാറ്റ്‌ഫോമിൽ ബെല്ലടിച്ചുകഴിയും. പിന്നെ ഓടിയെത്തിയാലും തീവണ്ടി കിട്ടുമെന്നുറപ്പില്ല,'' എറണാകുളം കളക്ടറേറ്റിൽ ജോലി ചെയ്യുന്ന ഒരു യാത്രക്കാരി പറഞ്ഞു.

തിരക്കിൽ മോഷണഭീതിയും

യാത്രക്കാരുടെ സുരക്ഷയ്ക്കും ഈ സാഹചര്യം ആശങ്ക ഉയർത്തുന്നതാണ്. ക്യൂവിൽ നിൽക്കുന്നവരെയും തിടുക്കത്തിൽ പ്ലാറ്റ്‌ഫോമിലേക്ക് നീങ്ങുന്നവരെയും ഒരേ ഇടുങ്ങിയ സ്ഥലത്ത് കൂട്ടിയിടിക്കുന്ന തരത്തിലാണ് നിലവിലെ ക്രമീകരണം.

തിരക്കിനിടയിൽ ബാഗുകളും മൊബൈൽ ഫോണുകളും പേഴ്‌സുകളും സൂക്ഷിക്കുന്നത് യാത്രക്കാർക്ക് വെല്ലുവിളിയാകുന്നു.

തിരക്കിന്റെ മറവിൽ മോഷണം നടക്കാനുള്ള സാധ്യതയുണ്ടെന്നും പ്രത്യേകിച്ച് വിലപിടിപ്പുള്ള സാധനങ്ങളുമായി എത്തുന്ന യാത്രക്കാർ കൂടുതൽ ജാഗ്രത പാലിക്കേണ്ട സാഹചര്യമാണെന്നും യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു.

തീവണ്ടി പിടിക്കാനുള്ള ധൃതിയിൽ പരസ്പരം തള്ളിക്കയറുന്നതിനിടെ വയോധികർക്കും കുട്ടികൾക്കും സ്ത്രീകൾക്കും കൂടുതൽ ബുദ്ധിമുട്ടുണ്ടാകാനും സാധ്യതയുണ്ട്.

അടിയന്തര സാഹചര്യത്തിൽ യാത്രക്കാരെ വേഗത്തിൽ ഒഴിപ്പിക്കുന്നതിനും ഈ ഇടുങ്ങിയ ഭാഗത്തെ തിരക്ക് തടസ്സമാകുമെന്ന ആശങ്കയും ഉയരുന്നുണ്ട്. യാത്രക്കാരുടെ എണ്ണം വർധിച്ചിട്ടും ടിക്കറ്റ് കൗണ്ടറിന്റെ സൗകര്യം അതിനനുസരിച്ച് മെച്ചപ്പെടുത്തിയിട്ടില്ലെന്നാണ് ആക്ഷേപം.

പ്ലാറ്റ്‌ഫോമിലേക്കുള്ള പ്രധാന യാത്രാമാർഗത്തിൽനിന്ന് ടിക്കറ്റ് കൗണ്ടറിലെ ക്യൂ വേർതിരിക്കുന്നതിനുള്ള ക്രമീകരണം ഒരുക്കണമെന്ന ആവശ്യവും ശക്തമാണ്.