മരട് : കുണ്ടന്നൂർ ജങ്ഷനിൽ നിർത്താതെ മേൽപ്പാലത്തിലൂടെ റൂട്ട് മാറിയോടുന്ന പ്രൈവറ്റ് ബസുകളുടെ നടപടിക്കെതിരേ സി.പി.ഐ. മരട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു.കുണ്ടന്നൂർ പഞ്ചാബ് നാഷണൽ ബാങ്കിന് മുൻവശത്ത് നടന്ന പ്രതിഷേധ പരിപാടി അഡ്വ. ടി.ബി. ഗഫൂർ ഉദ്ഘാടനം ചെയ്തു.

To advertise here,

യോഗത്തിൽ ലോക്കൽ കമ്മിറ്റി അംഗം കെ.പി. യേശുദാസ് അധ്യക്ഷത വഹിച്ചു.സമരത്തിനിടെ ജങ്ഷനിൽ കയറാതെ മേൽപ്പാലത്തിലൂടെ പോയ രണ്ട് പ്രൈവറ്റ് ബസുകൾ പ്രതിഷേധക്കാർ തടഞ്ഞിട്ടു.

തുടർന്ന് പോലീസ് എത്തി ബസുകൾക്കെതിരേ പിഴ ഈടാക്കുകയും ചെയ്തു. പരിശോധനയിൽ ഒരു ബസിലെ കണ്ടക്ടർക്ക് ലൈസൻസ് ഇല്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് അയാൾക്കെതിരേയും പോലീസ് പിഴ ചുമത്തി.പെർമിറ്റ് നിയമങ്ങൾ ലംഘിച്ച് മേൽപ്പാലത്തിലൂടെ പോകുന്ന ബസുകൾ യാത്രക്കാർക്കും വിദ്യാർഥികൾക്കും തൊഴിലാളികൾക്കും വലിയ യാത്രാക്ലേശമാണ് ഉണ്ടാക്കുന്നതെന്നും, ജനങ്ങളുടെ പരാതികൾക്കുനേരേ മരട് നഗരസഭയും ബന്ധപ്പെട്ട അധികാരികളും കണ്ണടയ്ക്കുകയാണെന്നും സമരക്കാർ ആരോപിച്ചു.

അടിയന്തര നടപടി ഉണ്ടായില്ലെങ്കിൽ വരുംദിവസങ്ങളിൽ ശക്തമായ ബഹുജന പ്രക്ഷോഭങ്ങളുമായി മുന്നോട്ടുപോകുമെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകി. മണ്ഡലം കമ്മിറ്റി അംഗം എ.ആർ. പ്രസാദ്, ലോക്കൽ കമ്മിറ്റി അംഗങ്ങളായ പി.കെ ഷാജി, ഷിഹാബ്, സിയാദ് എസ്., കനീഷ് എസ്. ടി.കെ. ജയേഷ് എന്നിവർ സംസാരിച്ചു.