കല്പകഞ്ചേരി : വൈലത്തൂർ ടൗണിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന പൊന്മുണ്ടം ഗ്രാമപ്പഞ്ചായത്ത് കെട്ടിടത്തിലെ മത്സ്യമാർക്കറ്റിൽ കെട്ടിക്കിടക്കുന്ന മലിനജലവും ദുർഗന്ധവും കാരണം ഇതുവഴി കടന്നുപോകാൻ കഴിയാത്ത അവസ്ഥയാണ്.
വൈലത്തൂരിൽ 2010-ൽ നിർമിച്ച രാജീവ് ഗാന്ധി ഷോപ്പിങ് കോംപ്ലക്സിന്റെ രണ്ടാംനിലയിലാണ് പൊന്മുണ്ടം ഗ്രാമപ്പഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. ടൗണിന് എതിർവശത്തായിരുന്ന മത്സ്യമാർക്കറ്റ് പഞ്ചായത്ത് കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ചതോടെ മാർക്കറ്റിലെ മലിനജലം ഒഴുക്കിവിടാൻ സംവിധാനം ഇല്ലാതായി. കെട്ടിടം നിർമിച്ചപ്പോഴുള്ള മലിനജലനിർഗമന സംവിധാനങ്ങളൊന്നും മതിയാകാതെവന്നു. മത്സ്യമാർക്കറ്റിലെ ഉപ്പുവെള്ളവും ഐസിൽനിന്നുള്ള വെള്ളവും മാർക്കറ്റിൽ കെട്ടിനിൽക്കാൻ തുടങ്ങിയതോടെ അന്നത്തെ ഭരണസമിതി ജില്ലാ ശുചിത്വമിഷനുമായിച്ചേർന്ന് പഞ്ചായത്ത് കെട്ടിടത്തിനുമുകളിലായി മുപ്പത് ലക്ഷത്തോളം രൂപ ചെലവഴിച്ച് 30,000 ലിറ്റർ ശേഷിയുള്ള മലിനജല സംസ്കരണപ്ലാന്റ് നിർമ്മിച്ചു. മലിനജലം പമ്പ് ചെയ്ത് ശുദ്ധീകരിച്ച് താഴെയുള്ള സെപ്റ്റിക് ടാങ്കിലേക്ക് പമ്പ് ചെയ്യുന്ന സംവിധാനമാണിത്. എന്നാൽ പ്ലാന്റിന്റെ അശാസ്ത്രീയ നിർമ്മാണംകാരണം നിരന്തരം പൈപ്പ് പൊട്ടി മലിനജലം പുറത്തേക്കൊഴുകാൻ തുടങ്ങി. സ്ഥിരമായി ഉപ്പുവെള്ളം കെട്ടിനിന്ന് നിലവിലെ കെട്ടിടത്തിന് ബലക്ഷയവും സംഭവിച്ചു.
കെട്ടിടത്തിന് സുരക്ഷാഭീഷണി
കഴിഞ്ഞ സെപ്റ്റംബറിൽ കാലിക്കറ്റ് എൻ.ഐ.ടി.യിൽനിന്നുള്ള വിദഗ്ധസംഘം നടത്തിയ പരിശോധനയിൽ പ്ലാന്റിന്റെ അധികഭാരംകാരണം രണ്ടാംനിലയിലെ മേൽക്കൂര സ്ലാബുകളിലും താങ്ങിനിൽക്കുന്ന ബീമുകളിലും ഘടനാപരമായ വിള്ളലുകൾ ഉണ്ടായിരിക്കാമെന്ന് കണ്ടെത്തി. സ്ലാബിലെ കമ്പികൾക്ക് തുരുമ്പ് പിടിച്ചതായും താഴത്തെ നിലയിലെ ഒരുതൂണിൽ ഗുരുതരമായ വിള്ളലും കമ്പികൾക്ക് തുരുമ്പും ഉള്ളതായി കണ്ടെത്തി. നിലവിലെ പ്ലാന്റ് നീക്കംചെയ്യണമെന്നും അതിന് സാധിക്കാത്തപക്ഷം കെട്ടിടത്തിന്റെ ഘടനാപരമായ ബലപ്പെടുത്തൽ നടത്തണമെന്നും എൻ.ഐ.ടി. നിർദേശിച്ചു.
മലിനജല പ്രശ്നത്തിന് പരിഹാരംകാണണം
:പതിനഞ്ച് വർഷംമുൻപ് അശാസ്ത്രീയമായ രീതിയിലാണ് കെട്ടിടം നിർമ്മിച്ചിട്ടുള്ളത്. അറ്റകുറ്റപ്പണികൾ കൃത്യമായി ചെയ്താൽ മലിനജലസംസ്കരണ പ്ലാന്റ് നല്ലരീതിയിൽ കൊണ്ടുപോകാൻ സാധിക്കും. മാർക്കറ്റിലെ മലിനജലപ്രശ്നം ഉടൻ പരിഹാരം കാണണം. ജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പുവരുത്തണം.
പി.കെ. മൊയ്തീൻകുട്ടി,
മുസ്‍ലിം ലീഗ് പൊന്മുണ്ടം പഞ്ചായത്ത് ജനറൽ സെക്രട്ടറി
Published: 26 Nov 2026, 03:10 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented