എടപ്പാൾ : വർഷങ്ങളുടെ നിയമപോരാട്ടത്തിനൊടുവിൽ രാജനും ഭാര്യക്കും വീട്ടിലേക്കുള്ള വഴി തടയരുതെന്ന കോടതിവിധി വന്നിട്ടും വഴി തെളിയാതെ വയോധികരായ രാജനും ഭാര്യയും.
ഫണ്ടനുവദിച്ചിട്ടും ചിലരുടെ എതിർപ്പുമൂലം സ്വന്തം വീട്ടിലെത്താൻ കഴിയാതെ പ്രയാസപ്പെട്ടിരുന്ന വയോധികർ കോടതി കയറിയിറങ്ങി നേടിയ വിധി അധികൃതർക്ക് സമർപ്പിച്ച് കാത്തിരിക്കുകയാണിപ്പോൾ.
അണ്ണക്കമ്പാട് മലയംപുറത്ത് രാജൻ (83), ഭാര്യ നിർമല (73) എന്നിവരാണ് പ്രയാസത്തിലായത്. വാടകവീട്ടിലായിരുന്ന ഈ കുടുംബത്തിന്, മകനും പ്രാദേശിക ചാനൽ പ്രവർത്തകനുമായിരുന്ന സിജീഷിന്റെ മരണശേഷം ‘മാതൃഭൂമി’യിൽ നിരന്തരം വന്ന വാർത്തകൾക്കുശേഷമാണ് നാട്ടുകാരും മുസ്‍ലിംലീഗ് നേതാക്കളും ഇടപെട്ട് സ്വന്തം സ്ഥലവും വീടുമായത്. കഷ്ടപ്പാടുകൾക്കിടയിലും ഏകമകന്റെ കണ്ണുകൾ ദാനം ചെയ്ത് മാതൃകയായ കുടുംബത്തിന് നാട് നൽകിയ പ്രത്യുപകാരമായിരുന്നു അത്.
എന്നാൽ പഴയകാലത്ത് മാണൂർ കായൽ പാടത്തേക്ക് കന്നുകാലികളെ കൊണ്ടുപോകാനും കൃഷി ആവശ്യങ്ങൾക്കും ഉപയോഗിച്ചിരുന്ന ചെറിയ വഴിയായിരുന്നു ഏക ആശ്രയം. വശങ്ങളിടിഞ്ഞും കാടുപിടിച്ചും കല്ലും മുള്ളും നിറഞ്ഞതാണ് ഈ വഴി.
നിരന്തരം അസുഖങ്ങൾ വരാറുള്ള ഇവരെ ഓട്ടോറിക്ഷയിലേക്കും മറ്റും എടുത്തുകൊണ്ടുപോകുകയാണ് ചെയ്യുന്നത്.
ഇതുസംബന്ധിച്ച് ‘മാതൃഭൂമി’യിൽ വന്ന വാർത്ത കണ്ട് വഴി കോൺക്രീറ്റ് ചെയ്യാൻ കെ.ടി. ജലീൽ എം.എൽ.എ. രണ്ടരലക്ഷം രൂപ അനുവദിച്ചു.
പണി ആരംഭിക്കാനായി പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് കരാർ കൊടുക്കുകയും റോഡ് നിർമിക്കാനുള്ള സാധനങ്ങൾ വഴിയോരത്ത് ഇറക്കുകയും ചെയ്തു.
ഇതോടെ പ്രദേശത്തെ ചിലർ ഇതിനെതിരേ രംഗത്തുവന്നു. ഇവിടെ വഴിയില്ലെന്നും തങ്ങളുടെ സ്ഥലം വഴിയിലേക്കിറങ്ങിയിട്ടുണ്ടെന്നുമെല്ലാം പറഞ്ഞ് പലർക്കും പരാതി അയച്ചു. അതോടെ പണി നിലച്ചു. കോടതിയിൽ കേസ് നൽകിയതോടെ നടപടികൾ നീണ്ടു. ഇതോടെ റോഡ് നിർമാണത്തിനനുവദിച്ച ഫണ്ട് പാഴായി.
ഇതിനിടെ അസുഖബാധിതനായി രാജൻ ആശുപത്രിയിലായതോടെ കോടതിയിലെത്താനായില്ല. വിധി എതിർകക്ഷികൾക്ക് അനുകൂലമായി വന്നു.
പിന്നീട് രോഗം മാറിയശേഷം രാജൻ വീണ്ടും കോടതിയെ സമീപിച്ചാണ് ഇപ്പോൾ അനുകൂല വിധി നേടിയത്.
104 മീറ്റർ നീളവും 1.7 മീറ്റർ വീതിയുമുള്ള വഴി തടസ്സപ്പെടുത്തി ഇവരുടെ സഞ്ചാരസ്വാതന്ത്ര്യം തടയരുതെന്നാണ് പൊന്നാനി മുൻസിഫ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടത്. കോടതിവിധിയനുസരിച്ച് റോഡ് നന്നാക്കാൻ വേണ്ട നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഗ്രാമപ്പഞ്ചായത്തിനെ സമീപിച്ചിരിക്കുകയാണ് രാജനിപ്പോൾ.
Published: 26 Nov 2026, 03:12 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented