ചെറായി : എടവനക്കാട് അണിയിലിൽ വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചതിനെ തുടർന്ന് പ്രദേശത്തെ ജനങ്ങൾ മുഴുവൻ ആശങ്കയിലായി. ഒഴിഞ്ഞ പറമ്പുകളിലും നടപ്പാതകളുടെ അരികിലും വളർന്നുനിൽക്കുന്ന കാടുകളും മറ്റും വെട്ടി വൃത്തിയാക്കുന്നതിൽ പഞ്ചായത്തുകൾ അടിയന്തരമായി മുൻകൈയെടുക്കണമെന്നാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം. സമീപകാലത്തായി ജനവാസ മേഖലകളിൽ പാമ്പുകളുടെ ശല്യം വൻതോതിൽ ഉയർന്നിട്ടുണ്ടെന്ന് പ്രദേശവാസികൾ വ്യക്തമാക്കുന്നു.
വൈപ്പിൻകരയ്ക്ക് പുറമേ നിന്നും ചെമ്മണ്ണും ഗ്രാവലും എത്തിച്ചു തുടങ്ങിയതോടെയാണ് മേഖലയിൽ വിഷപ്പാമ്പുകളുടെ സാന്നിധ്യം വർധിച്ചതെന്ന് ജനങ്ങൾ പറയുന്നു. നിലവിൽ ഉയർന്ന ചൂടും കാലാവസ്ഥാ വ്യതിയാനങ്ങളുമാണ് ഇഴജന്തുക്കൾ കൂട്ടത്തോടെ പുറത്തേക്കിറങ്ങാൻ കാരണം.
വേനൽ കടുക്കുന്നതോടെ തോടുകളും കുളങ്ങളും വറ്റിവരളുന്നതു മൂലം അണലി, വെള്ളിക്കെട്ടൻ, മൂർഖൻ തുടങ്ങിയ മാരക വിഷമുള്ള പാമ്പുകൾ തണുപ്പു തേടി വീടുകളിലേക്ക് എത്തുന്നുണ്ടെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. പലയിടങ്ങളിലും ആളുകൾക്കും വളർത്തുമൃഗങ്ങൾക്കും പാമ്പുകടിയേൽക്കുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാത്രികാലങ്ങളിൽ പോക്കറ്റ് റോഡുകളിൽ വഴിവിളക്കുകൾ ഇല്ലാത്തത് അപകടസാധ്യത ഇരട്ടിയാക്കുന്നു.
കടിയേറ്റാൽ വിദഗ്ധ ചികിത്സയ്ക്കായി ദൂരെയുള്ള ആശുപത്രികളെ ആശ്രയിക്കേണ്ടി വരുന്നത് പ്രതികൂല ഘടകമാണ്. പാമ്പുകൾ വീടുകളിൽ പ്രവേശിക്കുന്നത് തടയാൻ വനംവകുപ്പും ആരോഗ്യ വകുപ്പും നേരത്തേ തന്നെ കർശന ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. വീടും പരിസരവും കാടും പടലവും ഇല്ലാതെ വൃത്തിയായി സൂക്ഷിക്കണമെന്നും വീടിനോട് ചേർന്ന് ചിരട്ടകൾ, വിറക്, മടൽ തുടങ്ങിയവ കൂട്ടിയിടരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു. വീട്ടിലേക്കുള്ള ചെറിയ മാളങ്ങളും ജനലുകളിലെയും വാതിലുകളിലെയും വിടവുകളും സിമന്റ് ഉപയോഗിച്ച് അടയ്ക്കണമെന്നും നിർദേശങ്ങളിലുണ്ട്.
പാമ്പുകളെ കണ്ടെത്തുകയോ അടിയന്തര സാഹചര്യം ഉണ്ടാവുകയോ ചെയ്താൽ സ്വയം പിടികൂടാൻ ശ്രമിക്കാതെ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെയോ ലൈസൻസുള്ള റെസ്‌ക്യൂവർമാരുടെയോ സഹായം തേടേണ്ടതാണെന്ന് അധികൃതർ അറിയിച്ചു. എന്നാൽ നിർദേശങ്ങൾക്ക് അപ്പുറം പഞ്ചായത്തുകൾ മുൻകൈയെടുത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ഒഴിഞ്ഞ പറമ്പുകളും വഴിയോരങ്ങളും വൃത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Published: 11 Sept 2026, 03:05 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented