ചെറായി : വൈപ്പിൻകരയിലെ വിവിധ മേഖലകളിൽ സംസ്ഥാന പാതയിലുള്ള അനധികൃത വാഹന പാർക്കിങ് ജനങ്ങൾക്ക് വലിയ ദുരിതമാകുന്നു.
പ്രധാന റോഡിന്റെ വീതികുറഞ്ഞ ഭാഗങ്ങളിൽപോലും യാതൊരുവിധ മാനദണ്ഡങ്ങളും പാലിക്കാതെ വാഹനങ്ങൾ നിർത്തിയിടുന്നത് പതിവാണ്. ഇതുമൂലം ഒട്ടേറെ അപകടങ്ങളാണ് ദിനംപ്രതി സംഭവിക്കുന്നത്.
റോഡിൽ അരികുചേർത്ത് നിർത്തിയിടുന്ന വാഹനങ്ങൾ കാഴ്ച മറയ്ക്കുന്നതുമൂലം എതിർദിശയിൽനിന്ന് വരുന്ന വാഹനങ്ങൾ കാണാൻകഴിയാതെ നിരവധി അപകടങ്ങളാണ് ഈ പ്രദേശങ്ങളിൽ ഉണ്ടായിട്ടുള്ളത്. പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇടിച്ച് ടൂവീലറുകൾ അടക്കമുള്ളവ അപകടത്തിൽപ്പെടുന്നതും പതിവാണ്.
എടവനക്കാട് പഞ്ചായത്ത് ഓഫീസിനു സമീപം റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിലിടിച്ച് മറ്റൊരു വാഹനം അപകടത്തിൽപ്പെട്ടത് ഏതാനും മാസങ്ങൾക്ക് മുൻപാണ്. സംസ്ഥാനപാതയുടെ വീതികൂടിയ സ്ഥലങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും അപകടങ്ങൾക്കു കാരണമാകാറുണ്ട്. നായരമ്പലം പെട്രോൾ പമ്പിന് സമീപം റോഡരികിൽ പാർക്ക് ചെയ്യാൻ ശ്രമിച്ച വാഹനം പെട്ടെന്നു നിർത്തിയതോടെ തൊട്ടുപിറകിൽ വന്ന ടൂവീലർ നിർത്താൻ കഴിയാതെ അപകടമുണ്ടായത് ഏറ്റവും ഒടുവിലുണ്ടായ ഉദാഹരണമാണ്.
സംസ്ഥാനപാതയുടെ സൗന്ദര്യവത്കരണത്തിന് ശേഷം പലയിടങ്ങളിലും റോഡിന്റെ വീതികുറഞ്ഞതും പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്.
നിലവിൽ പലയിടത്തും ഓട്ടോറിക്ഷകൾ പ്രധാന പാതയിലേക്ക് ഇറക്കിയിട്ടാണ് പാർക്ക് ചെയ്യുന്നത്. സ്കൂളുകൾക്ക് സമീപത്തെ സിഗ്‌സാഗ് ലൈനുകളിൽ പോലും ഓട്ടോറിക്ഷകൾ യാത്രക്കാരെ കാത്ത് നിർത്തിയിട്ടിരിക്കുന്നതായി കാണാം. ഇവ കാഴ്ച മറയ്ക്കുന്നതുമൂലം റോഡ് മുറിച്ചുകടക്കുന്ന കുട്ടികൾക്ക് ഈ വാഹനങ്ങൾ ജീവനുതന്നെ ഭീഷണിയാകുന്നുണ്ട്.
കടകൾക്ക് മുന്നിൽ വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്യുന്നത് വ്യാപാരികളും ഓട്ടോറിക്ഷാ ഡ്രൈവർമാരും തമ്മിൽ വാക്കേറ്റങ്ങൾക്കും സംഘർഷങ്ങൾക്കും കാരണമാകുന്നുണ്ട്. വൈപ്പിൻ-മുനമ്പം റോഡിലെ രൂക്ഷമായ തിരക്കും അനധികൃത പാർക്കിങ്ങും ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്.
ഈ വിഷയത്തിൽ പോലീസും മോട്ടോർവാഹന വകുപ്പും വേണ്ടത്ര കർശന നടപടികൾ സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
അനധികൃത വാഹന പാർക്കിങ്ങിനെതിരേ പ്രതിഷേധം ശക്തമായതിനെ തുടർന്ന് അടുത്തിടെ പോലീസ് കാരണം കാണിക്കൽ നോട്ടീസ് നൽകുന്ന സാഹചര്യം വരെയുണ്ടായി.
അധികൃതർ ഇനിയെങ്കിലും കണ്ണുതുറന്ന് കർശന നിയമനടപടികൾ സ്വീകരിച്ചാൽ മാത്രമേ വൈപ്പിൻകരയിലെ റോഡപകടങ്ങൾ ഒരുപരിധിവരെ കുറയ്ക്കാൻ കഴിയൂ എന്നാണ് നാട്ടുകാർ പറയുന്നത്.
Published: 10 Sept 2026, 02:51 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented