വിദ്യാർഥികളെ കയറ്റാൻ മടിച്ച ബസ് തടഞ്ഞ് പഞ്ചായത്തംഗം
കടുത്തുരുത്തി : വിദ്യാർഥികളെ ബസിൽ കയറ്റാൻ മടി. കയറുന്ന കുട്ടികളോട് ജീവനക്കാരുടെ അസഭ്യവർഷവും ദേഷ്യപ്പെടലും. പരിശോധിക്കാൻ ഉത്തരവാദിത്വപ്പെട്ടവർ പലപ്പോഴും അറിഞ്ഞഭാവം നടിക്കാറില്ല. സംഭവം തുടർച്ചയായതോടെ കല്ലറപഞ്ചായത്തംഗം അരവിന്ദ് ശങ്കർ ബസ് തടഞ്ഞ് വിദ്യാർഥികളെ കയറ്റിവിട്ടു. കഴിഞ്ഞദിവസം വൈകീട്ട് കല്ലറ പുത്തൻപള്ളിയിലാണ് സംഭവം. കല്ലറ-കടുത്തുരുത്തി റൂട്ടിൽ സ്വകാര്യ ബസുകളാണ് സർവീസ് നടത്തുന്നത്.
കല്ലറ പുത്തൻപള്ളിയിലുള്ള എൻ.എസ്.എസ്. ഹയർ സെക്കൻഡറി സ്‌കൂളിലെയും ഹൈസ്‌കൂളിലെയും കുട്ടികളുടെ യാത്രാമാർഗം വൈക്കം-കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകളാണ്. പുത്തൻപള്ളിയിൽ വിദ്യാർഥികൾ നിൽക്കുന്നതുകണ്ടാൽ ദൂരെ മാറ്റി ആളെയിറക്കി വേഗത്തിൽ പോകുകയാണ് ബസുകാർ ചെയ്യുന്നത്. കഴിഞ്ഞദിവസം ബസിൽ കയറിയ ഒരു വിദ്യാർഥിയെ ജീവനക്കാരൻ ചീത്തവിളിക്കുകയും ബാഗിൽ പിടിച്ച് തള്ളുകയും ചെയ്തു. ഇതുസംബന്ധിച്ച് വിദ്യാർഥികളും ബസ് ജീവനക്കാരും തമ്മിൽ വാക്കേറ്റവും ഉണ്ടായിരുന്നു. സംഭവം അറിഞ്ഞതോടെ കല്ലറ പഞ്ചായത്ത് നാലാം വാർഡംഗമായ അരവിന്ദ് ശങ്കർ വിഷയത്തിലിടപെടുകയായിരുന്നു. പതിവുപോലെ കുറച്ചുവിദ്യാർഥികളെ മാത്രം കയറ്റി മുന്നോട്ടെടുത്ത ബസ് പഞ്ചായത്തംഗം തടയുകയായിരുന്നു. തുടർന്ന് മുഴുവൻ വിദ്യാർഥികളെയും കയറ്റിയശേഷമാണ് ബസ് പുറപ്പെടാൻ അനുവദിച്ചത്. മോട്ടോർവാഹന വകുപ്പിനും പോലീസിനും ബസ് ജീവനക്കാരുടെ മോശം പെരുമാറ്റത്തിനെതിരേ പരാതി നൽകിയതായി അരവിന്ദ് ശങ്കർ പറഞ്ഞു.
Published: 11 Sept 2026, 02:44 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented