ഇഴഞ്ഞ് കാനം-ചാമംപതാൽ റോഡുപണി

To advertise here,

വാഴൂർ : തകർന്നുകിടക്കുന്ന കാനം- ചാമംപതാൽ റോഡിലൂടെ ജനങ്ങളുടെ ദുരിതയാത്ര തുടരുന്നു. കാത്തിരിപ്പിനൊടുവിൽ ടെൻഡർ ചെയ്തു. മഴ മാറിയാൽ ഉടൻ പണിയുമെന്ന് അറിയിച്ചെങ്കിലും നിർമാണം നീളുകയാണ്.

പരാതികൾ ഏറിയതോടെ ചിലയിടങ്ങളിൽ കരിങ്കൽക്കെട്ട് നിർമാണം തുടങ്ങി. റോഡിനടിയിലൂടെ ജലവകുപ്പിന്റെ പൈപ്പുകൾ സ്ഥാപിക്കാതെ നിർമാണം ആരംഭിക്കാൻ കഴിയാത്ത സ്ഥിതിയാണ്. സാങ്കേതിക തടസ്സങ്ങളുണ്ടെന്നാണ് പി.ഡബ്ലു.ഡി.യും ജലവകുപ്പും പറയുന്നത്. ഏഴുകോടിയ്ക്ക് ടെൻഡർ ചെയ്ത് മാസങ്ങൾ കഴിഞ്ഞിട്ടും പൈപ്പുകൾ പുന:സ്ഥാപിക്കാൻ നടപടിയുണ്ടായില്ല. നിർമാണ ജോലികൾ എപ്പോൾ തുടങ്ങാനാകുമെന്ന് പറയാനും കഴിയില്ല. പൂർണമായി തകർന്ന റോഡിലൂടെ സ്കൂട്ടർപോലും ഓടിക്കാൻ കഴിയാത്ത സ്ഥിതിയാണ്.

തിരഞ്ഞെടുപ്പ് സമയത്ത് തകർന്ന ഭാഗങ്ങളിൽ മെറ്റൽ നിരത്തിയത് മഴക്കാലത്ത് ഒഴുകിപ്പോയി. ബസുകളടക്കം സർവീസ് നടത്തുന്ന റോഡിലെ കുഴികളുടെ എണ്ണം ഇരട്ടിയായി. പലയിടത്തും ടാറിങ് കാണാൻ പോലുമില്ല. മഴ മാറിയതോടെ പൊടിശല്യത്താൽ ബുദ്ധിമുട്ടുകയാണ് യാത്രക്കാരും സമീപവാസികളും.

അയ്യേ 2026ലും വെല്ലുവിളിയാണ്‌...

മാസങ്ങൾക്ക് മുൻപ് ടെൻഡർ ചെയ്ത റോഡ് പണിയാതെ നീട്ടിക്കൊണ്ടുപോകുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. പൈപ്പ് സ്ഥാപിച്ച് തീരാൻ ഇനി എത്രകാലം കാത്തിരിക്കണം. അത് വരെ ജനങ്ങൾ ബുദ്ധിമുട്ടണമെന്നാണോ?

- കെ.എസ്. അഭിജിത്ത്, പൊതുപ്രവർത്തകൻ

 

നന്നാക്കിയാൽ മതി

മഴക്കാലത്ത് ചെളിവെള്ളക്കെട്ട്, വേനലായാൽ പൊടിശല്യം. എത്രകാലമായി ജനങ്ങൾ ബുദ്ധിമുട്ടുന്നു. ഓട്ടോറിക്ഷയ്ക്കുപോലും ബുദ്ധിമുട്ടാണ്. നീട്ടിക്കൊണ്ടു പോകാതെ നന്നാക്കിയാൽ മതി.

- സെലിൻ ജോസ്, ചാമംപതാൽ

വല്ലാത്ത ദുരിതം

പൂർണമായി തകർന്നതോടെ മറ്റ് വഴി ആശ്രയിക്കേണ്ട ഗതികേടിലാണ്. കുഴികളിൽ ചാടി വാഹനങ്ങൾക്ക് കേടുപാടുണ്ടാകുന്നത് പതിവാണ്. ഒട്ടേറെ ഇരുചക്രവാഹനങ്ങളാണ് അപകടത്തിൽപെടുന്നത്. ഒരുവിധത്തിലും സഞ്ചരിക്കാൻ കഴിയില്ല.

- എം.എം. ബഷീർ. പ്രദേശവാസി

 

  വാഴൂർ പഞ്ചായത്തിലെ വിവിധ പ്രശ്നങ്ങൾ മാതൃഭൂമിയിലൂടെ വായനക്കാർക്കും പ്രതികരിക്കാം. #mathruvoicepk എന്ന ഹാഷ്‌ടാഗോടെ നിർദേശങ്ങളും അഭിപ്രായങ്ങളും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുക. മികച്ച നിർദേശങ്ങൾ അധികൃതർ ശ്രദ്ധിക്കുന്നതിനായി പ്രസിദ്ധീകരിക്കും. വാർത്താ ഉള്ളടക്കമുള്ള വീഡിയോകളും നല്ല ചിത്രങ്ങളും പോസ്റ്റുചെയ്യാം.