കൂട്ടുമ്മേൽ ക്ഷേത്രം- മൂഴിക്കൽ റോഡ് നിർമാണം പൂർത്തിയായില്ല
മറവൻതുരുത്ത് : മറവൻതുരുത്ത് പഞ്ചായത്തിലെ 11, 12 വാർഡുകളിലെ നൂറോളം കുടുംബങ്ങളുടെ യാത്രാദുരിതത്തിന് ഒന്നരപ്പതിറ്റാണ്ടുപിന്നിട്ടിട്ടും പരിഹാരമില്ല. പ്രദേശവാസികളുടെ ഏക ആശ്രയമായ കൂട്ടുമ്മേൽ ക്ഷേത്രം- മൂഴിക്കൽ ഗ്രാമീണറോഡ് 35 മീറ്റർ ദൂരം മാത്രമാണ് ഇനി പൂർത്തിയാകാനുള്ളത്. ബാക്കി ഭാഗം ടാറിങ് നടത്തി. ആകെ ഒരുകിലോമീറ്ററാണ് ദൂരം. എന്നാൽ, സ്ഥലത്തിന്റെ പേരിൽ റോഡ് നിർമാണം വഴിമുട്ടി.
ഈ ചെറിയ ഭാഗംകൂടി പൂർത്തിയായാൽ വൈക്കം- എറണാകുളം റോഡിലേക്ക് പ്രദേശവാസികൾക്ക് എളുപ്പത്തിൽ എത്തിച്ചേരാം.
കുലശേഖരമംഗലം ഗവ. ഹയർസെക്കൻഡറി സ്കൂളിന്റെ കൈവശമുള്ള മൂന്ന് സെന്റ് സ്ഥലം വിട്ടുനൽകിയാൽ മാത്രമേ റോഡ് നിർമ്മാണം പൂർത്തിയാക്കാൻ സാധിക്കൂ.
2010-ൽ പ്രദേശവാസികൾ ചേർന്ന് ജനകീയസമിതി രൂപവത്‌കരിച്ചു. പഞ്ചായത്ത്, വില്ലേജ്, താലൂക്ക്, കളക്ടറേറ്റ്, ജില്ലാപഞ്ചായത്ത് തുടങ്ങി മുഖ്യമന്ത്രിയുടെ ഓഫീസ് വരെ 350 പേർ ഒപ്പിട്ട ഹർജി നൽകി.
പഞ്ചായത്ത് അംഗങ്ങളായ ബിന്ദു പ്രദീപ്, പോൾ തോമസ് എന്നിവരുടെ നേതൃത്വത്തിൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ജനസമ്പർക്ക പരിപാടിയിലും പരാതി നൽകി. തുടർന്ന് സർക്കാർ നിർദേശപ്രകാരം ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തുകയും അനുകൂല റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു.
സ്കൂളിന്റെ മൂന്നുസെന്റ് സ്ഥലം 30 വർഷത്തെ പാട്ടത്തിനെടുക്കാനുള്ള നടപടികൾ സ്വീകരിക്കാൻ പഞ്ചായത്തിനോട് കളക്ടറേറ്റിൽനിന്ന് നിർദേശവും നൽകി.
എന്നാൽ, ഫയൽ ചുവപ്പുനാടയിൽ കുടുങ്ങിയതോടെ റോഡ് നിർമാണം മാത്രം നടന്നില്ല. നിലവിൽ കൂട്ടുമ്മേൽ ക്ഷേത്രത്തിന്റെ നടപന്തലിനോട് ചേർന്നാണ് നാട്ടുകാർ കാൽനടയായും വാഹനങ്ങളിലും സഞ്ചരിക്കുന്നത്. തർക്കമുള്ള 35 മീറ്റർ ഭാഗം ഒഴിവാക്കിയാണ് സ്കൂളിന് ചുറ്റും മതിൽ നിർമിച്ചത്. റോഡ് നിർമാണം വൈകുന്നതിനൊപ്പം സ്കൂളിന് ചുറ്റുമതിൽ പൂർത്തിയാകാത്തത് കുട്ടികളുടെ സുരക്ഷയെയും ബാധിക്കുന്നുണ്ട്.
എം.എൽ.എ. ഉറപ്പുനൽകി
കഴിഞ്ഞ 16 വർഷക്കാലമായി ഇതിനുവേണ്ടി പ്രവർത്തിക്കുന്നു. പഞ്ചായത്ത്, സ്കൂൾ പി.ടി.എ., വിദ്യാഭ്യാസ വകുപ്പ് ഇവരെല്ലാം അനുകൂല നിലപാട് സ്വീകരിച്ചിട്ടുണ്ട്.അടുത്ത കാലത്ത് കെ. ബിനിമോൻ എം.എൽ.എ.യുടെ ശ്രദ്ധയിൽപ്പെടുത്തി. സർക്കാർ നടപടികൾ വേഗത്തിലാക്കുമെന്ന് എം.എൽ.എ. ഉറപ്പുനൽകി.
- പോൾതോമസ്, മണിയില,കൺവീനർ, ജനകീയ സമിതി
ക്ഷേത്രനിർമാണ പ്രവർത്തനങ്ങൾക്കും തടസ്സം
ക്ഷേത്രത്തിലെ സ്റ്റേജ് നിർമിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തുകൂടിയാണ് ഇപ്പോൾ യാത്രക്കാർ പോകുന്നത്. നടപ്പന്തലിനോടു ചേർന്ന് തറയോടുകൾ പാകാൻ തീരുമാനിച്ചെങ്കിലും കഴിയുന്നില്ല. റോഡ് പൂർത്തിയാകാത്തത് ക്ഷേത്രത്തിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് തടസ്സമാകുന്നു.
- ടി.ഡി. അജിത് കുമാർ, കടവന.
കൂട്ടുമ്മേൽ ക്ഷേത്രോപദേശകസമിതി ഭാരവാഹി
Published: 11 Sept 2026, 02:43 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented