അരയൻകാവ് : കോട്ടയം-എറണാകുളം റോഡിൽ മറ്റൊരു വാഹനത്തെ കൊടുംവളവിൽ മറികടന്നെത്തിയ ടൂറിസ്റ്റ് ബസ് ഇടിക്കാതിരിക്കാൻ അരികിലേക്കൊതുക്കിയ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് റോഡിന് താഴേക്ക് ചരിഞ്ഞു.
അരയൻകാവ് കഴിഞ്ഞ് സെയ്ന്റ് ജോർജ് ആശുപത്രിക്കു മുന്നിൽ തിങ്കളാഴ്ച രാവിലെ 6.10-ഓടെയായിരുന്നു അപകടം. അപകടം പതിവായ വളവിൽ, എറണാകുളം ഭാഗത്തുനിന്നും വന്ന ടൂറിസ്റ്റ് ബസ് മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുമ്പോൾ എറണാകുളത്തേക്കുള്ള ലിമിറ്റഡ് സ്റ്റോപ്പ് ബസ് എതിരേവരുകയായിരുന്നു. നേരിട്ട് വാഹനങ്ങൾ ഇടിക്കാതിരിക്കാൻ ലിമിറ്റഡ് സ്റ്റോപ്പ് ബസ് ഇടതുവശത്തേക്കു വെട്ടിച്ചപ്പോൾ ബസ് റോഡരികിലെ കലുങ്കിന് സമീപം താഴ്ചയിലേക്ക് ചരിഞ്ഞ് നിൽക്കുകയായിരുന്നു.
യാത്രക്കാരേറെയുണ്ടായിരുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ് വെട്ടിച്ചില്ലായിരുന്നെങ്കിൽ ഇരുവാഹനങ്ങളും കൂട്ടിയിടിച്ച് വലിയൊരു ദുരന്തമായി മാറുമായിരുന്നെന്ന് സമീപത്തെ വ്യാപാരികൾ ചൂണ്ടിക്കാട്ടി.
അരികിലേക്കൊതുക്കിയ വാഹനം അമിതവേഗത്തിലായിരുന്നില്ലെന്നും ഇല്ലെങ്കിൽ താഴേക്കു മറിഞ്ഞ് അപകടമുണ്ടാകുമായിരുന്നെന്നും പരിസരവാസികൾ പറഞ്ഞു. അപകടത്തിൽ ആർക്കും പരിക്കില്ല.
അപകടത്തെത്തുടർന്ന് കോട്ടയം-എറണാകുളം റൂട്ടിൽ അരമണിക്കൂറിലധികം ഗതാഗതം സ്തംഭിച്ചു. വിവരമറിഞ്ഞ് പോലീസും നാട്ടുകാരും സ്ഥലത്തെത്തി ഗതാഗതം പുനഃസ്ഥാപിച്ചു.
Published: 22 Sept 2026, 02:48 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented