കഴിഞ്ഞ വർഷം ചത്ത് കരയ്ക്കടിഞ്ഞത് 161 കടൽ സസ്‌തനികൾ

To advertise here,

കൊച്ചി : ഇന്ത്യൻ തീരങ്ങളിൽ 2024-25 വർഷത്തിൽ 161 സമുദ്ര സസ്‌തനികൾ ചത്തു കരയ്ക്കടിഞ്ഞതായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സി.എം.എഫ്.ആർ.ഐ.) പഠന റിപ്പോർട്ട്. കൊച്ചിയിൽ നടക്കുന്ന അന്താരാഷ്ട്ര സമുദ്ര സിമ്പോസിയത്തിലാണ് പഠന റിപ്പോർട്ട് അവതരിപ്പിച്ചത്. തിമിംഗിലം, ഡോൾഫിൻ തുടങ്ങിയ കടൽ സസ്‌തനികൾ കൂടുതലായി കരയ്ക്കടിയുന്ന തീരപ്രദേശങ്ങൾ തിരിച്ചറിഞ്ഞ് സംരക്ഷണ പ്രവർത്തനങ്ങൾ ഊർജിതമാക്കുകയാണ് പഠനത്തിന്റെ ലക്ഷ്യം. ഏറ്റവും കൂടുതൽ സസ്‌തനികൾ ചത്തടിഞ്ഞത് ഗോവയിലാണ്. 113 എണ്ണം. 13 എണ്ണം റിപ്പോർട്ട് ചെയ്ത കേരളമാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്.

വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കടൽ സസ്‌തനികളുടെ കരയ്ക്കടിയൽ കണക്കുകൾ തത്സമയം നൽകുന്ന ഇന്ററാക്ടീവ് പ്ലാറ്റ്‌ഫോമും സി.എം.എഫ്.ആർ.ഐ. വികസിപ്പിച്ചിട്ടുണ്ട്. 32 ഇനം കടൽ സസ്‌തനികളുമായി ബന്ധപ്പെട്ട 1,300-ഓളം ഭൗമശാസ്ത്ര വിവര പോയിന്റുകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കരയ്ക്കടിഞ്ഞ സ്ഥലം, ജീവിവർഗം, സംഭവം നടന്ന സമയം, മരണകാരണം എന്നിവ ഇതിലൂടെ എളുപ്പത്തിൽ വിശകലനം ചെയ്യാൻ സാധിക്കും.സീനിയർ സയന്റിസ്റ്റ് ഡോ. രതീഷ് കുമാർ രവീന്ദ്രന്റെ നേതൃത്വത്തിലാണ് പഠനം പൂർത്തിയാക്കിയത്. സസ്‌തനികളിൽ ഏറ്റവും കൂടുതൽ ചത്തടിഞ്ഞത് ഡോൾഫിനുകളാണ്, 82 എണ്ണം. സി.എം.എഫ്.ആർ.ഐ.യുടെ വിവിധ പ്രാദേശിക കേന്ദ്രങ്ങളിലെ വിദഗ്ധരും പരിശീലനം ലഭിച്ച സന്നദ്ധപ്രവർത്തകരും ചേർന്നാണ് തീരങ്ങളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചത്. ട്രെവർ പ്ലാറ്റ് സയൻസ് ഫൗണ്ടേഷൻ, കുസാറ്റ് കെമിക്കൽ ഓഷ്യനോഗ്രഫി വിഭാഗം, സി.എം.എഫ്.ആർ.ഐ., മറൈൻ ബയോളജിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ എന്നിവ ചേർന്നാണ് മൂന്ന് ദിവസത്തെ സിമ്പോസിയം സംഘടിപ്പിക്കുന്നത്. സിമ്പോസിയം വെള്ളിയാഴ്ച സമാപിക്കും. സമാപന സമ്മേളനം കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി ഡോ. ശ്രീനിവാസ കുമാർ തുമ്മല ഉദ്ഘാടനം ചെയ്യും.