സി.എം.എഫ്.ആർ.ഐ.യിൽ രാജ്യാന്തര സമുദ്ര സിമ്പോസിയം തുടങ്ങി

To advertise here,

കൊച്ചി : സമുദ്രോപരിതല താപനിലയിലെ വർധന, ഉഷ്ണതരംഗങ്ങൾ, മത്സ്യലഭ്യതയിലെ മാറ്റങ്ങൾ, പവിഴപ്പുറ്റുകളുടെ നാശം, ഉപദ്രവകാരികളായ ആൽഗകളുെട പെരുകൽ (ആൽഗൽ ബ്ലൂം) എന്നിവ സമുദ്ര ആവാസവ്യവസ്ഥയ്ക്കും മത്സ്യത്തൊഴിലാളികൾക്കും വലിയ ഭീഷണി ഉയർത്തുന്നതായി സമുദ്ര ശാസ്ത്രജ്ഞർ. കൊച്ചിയിലെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സി.എം.എഫ്.ആർ.ഐ.) ആരംഭിച്ച രാജ്യാന്തര ട്രെവർ സഫാരി സിമ്പോസിയത്തിലാണ് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്.

സമുദ്ര ആവാസവ്യവസ്ഥയിലെ ഭൗതിക-ജൈവ മാറ്റങ്ങൾ കൂടുതൽ കൃത്യമായി മനസ്സിലാക്കുന്നതിനും സമയബന്ധിതമായ സമുദ്ര മുന്നറിയിപ്പുകളും നിർദേശങ്ങളും നൽകുന്നതിനുള്ള സംവിധാനം കൂടുതൽ കാര്യക്ഷമമാക്കണം.

ഇതിനായി, സാറ്റ്‌ലൈറ്റ് റിമോട്ട് സെൻസിങ്, സമുദ്രനിരീക്ഷണ സംവിധാനങ്ങൾ, കാലാവസ്ഥാ മോഡലുകൾ, നിർമിതബുദ്ധി എന്നിവ ഏകോപിപ്പിക്കണമെന്നും വിദഗ്ധർ പറഞ്ഞു.

30 രാജ്യങ്ങളിൽ നിന്നുള്ള ഫിഷറീസ്, കാലാവസ്ഥാപഠനം, സമുദ്രനിരീക്ഷണം, റിമോട്ട് സെൻസിങ് മേഖലകളിലെ മുന്നൂറിലേറെ വിദഗ്ധരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.

പാർട്ണർഷിപ്പ് ഫോർ ഒബ്‌സർവേഷൻ ഓഫ് ദി ഗ്ലോബൽ ഓഷ്യൻ (പോഗോ) സി.ഇ.ഒ. ഡോ. സോഫി സീയാവെ സിമ്പോസിയം ഉദ്ഘാടനം ചെയ്തു.

ഗ്രീസിലെ നാഷണൽ ആൻഡ് കപോഡിസ്ട്രിയൻ സർവകലാശാലയിലെ ഡോ. ജോൺ എ. ഗിറ്റിംങ്സ് സംസാരിച്ചു.

കൊച്ചി ശാസ്ത്ര-സാങ്കേതിക സർവകലാശാലയിലെ കെമിക്കൽ ഓഷ്യനോഗ്രഫി വകുപ്പ്, ട്രെവർ പ്ലാറ്റ് സയൻസ് ഫൗണ്ടേഷൻ, സി.എം.എഫ്.ആർ.ഐ., മറൈൻ ബയോളജിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ എന്നിവർ സംയുക്തമായാണ് സിമ്പോസിയം സംഘടിപ്പിക്കുന്നത്.

കുസാറ്റ് വൈസ് ചാൻസലർ ഡോ. എം. ജുനൈദ് ബുഷിരി അധ്യക്ഷത വഹിച്ചു. ഇന്ത്യയുടെ സമുദ്രനിരീക്ഷണ ഉപഗ്രഹങ്ങൾ കടൽ ആവാസവ്യവസ്ഥയെക്കുറിച്ചുള്ള വിവര ശേഖരണത്തിന് കരുത്തുപകരുന്നതായി ഐ.എസ്.ആർ.ഒ.യുടെ കീഴിലുള്ള നാഷണൽ റിമോട്ട് സെൻസിങ് സെന്റർ ഡെപ്യൂട്ടി ഡയറക്ടർ ഡോ. എൻ. അപർണ പറഞ്ഞു. പ്ലിമൗത്ത് മറൈൻ ലബോറട്രി പ്രിൻസിപ്പൽ സയന്റിസ്റ്റ് പ്രൊഫ. ശുഭാ സത്യേന്ദ്രനാഥ്, സി.എം.എഫ്.ആർ.ഐ. ഡയറക്ടർ ഡോ. ഗ്രീൻസൺ ജോർജ്, ഐ.എസ്.ആർ.ഒ. നാഷണൽ റിമോട്ട് സെൻസിങ് സെന്റർ ഡെപ്യൂട്ടി ഡയറക്ടർ ഡോ. എൻ. അപർണ, സിമ്പോസിയം കൺവീനർ ഡോ. ഷാജു എസ്.എസ്. എന്നിവർ പ്രസംഗിച്ചു.