ഭൂഗർഭ ടാങ്ക് നിർമാണം അവസാന ഘട്ടത്തിൽ

To advertise here,

പള്ളുരുത്തി : ഇടക്കൊച്ചി മേഖലയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് അമൃത് പദ്ധതിപ്രകാരം നഗരസഭ നടപ്പാക്കുന്ന ടാങ്ക് നിർമാണവും പൈപ്പിടൽ ജോലികളും ഡിസംബറിൽ പൂർത്തിയാകുമെന്ന് മേയർ വി.കെ. മിനിമോൾ പറഞ്ഞു. ദീപക് ജോയ് എം.എൽ.എ.യ്ക്കൊപ്പം ജോലികളുടെ പുരോഗതി വിലയിരുത്താനെത്തിയതാണ് മേയർ.

ഓവർഹെഡ്ടാങ്കിന്റെ നിർമാണം പൂർത്തിയായിട്ടുണ്ട്. ഭൂഗർഭ ടാങ്ക് നിർമാണം അവസാനഘട്ടത്തിലാണ്. അമൃത് പദ്ധതിവഴി ഇടക്കൊച്ചി മേഖലയിൽ 700 ലേറെ സൗജന്യ കുടിവെള്ള കണക്ഷൻ നൽകിയിട്ടുണ്ട്. ഇടക്കൊച്ചിയിൽ കോഴിക്കൂട് ബസ് സ്റ്റോപ്പ് മുതൽ ഇടക്കൊച്ചി തെക്കേഅറ്റം വരെയുള്ള മേഖലയിലെ പൈപ്പിടൽ ജോലികൾ ഉടനെ പൂർത്തിയാക്കുമെന്ന് ജല അതോറിറ്റി ഉദ്യോഗസ്ഥർ പറഞ്ഞു.

ഈ മേഖലയിലേക്ക് വെള്ളം എത്തിക്കുന്നതിന് മരട്ടിൽനിന്ന് പൈപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്. ടാങ്കുകളുടെ നിർമാണജോലികൾ പൂർത്തിയായാൽ മേഖലയിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ കഴിയും.

13 ലക്ഷം ലിറ്റർ ജലം സംഭരിക്കാൻ ശേഷിയുള്ള ഓവർ ഹെഡ് ടാങ്കാണ് ഇപ്പോൾ പൂർത്തായിട്ടുള്ളത്. ഭൂഗർഭ ടാങ്കിന് അഞ്ചുലക്ഷം ലിറ്റർ വെള്ളം ശേഖരിക്കാനുള്ള ശേഷിയുണ്ടാകും.

ഭുഗർഭ ടാങ്കിൽ സംഭരിക്കുന്ന വെള്ളം ഓവർഹെഡ് ടാങ്കിലേക്കെത്തിച്ച് അവിടെ നിന്ന് ഇടക്കൊച്ചിയിലെ വിവിധ സ്ഥലങ്ങളിലേക്ക് പമ്പിങ് നടത്താനാണ് ലക്ഷ്യമിടുന്നത്.

നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ ടി.കെ. അഷറഫ്, ആന്റണി പൈനുതറ, കൗൺസിലർ ലസിതാ പീറ്റർ, മുൻ കൗൺസിലർമാരായ ജോൺ റിബല്ലോ, അഭിലാഷ് തോപ്പിൽ, പി.ഡി. സുരേഷ്, ജീജ ടെൻസൻ, ജല അതോറിറ്റി ഉദ്യോഗസ്ഥർ എന്നിവരും ഇവർക്കൊപ്പമുണ്ടായിരുന്നു.