പുനലൂർ : മണ്ഡലകാലത്തിനു മുന്നോടിയായി കൊല്ലം-തിരുമംഗലം ദേശീയപാതയിൽ നടന്നുവരുന്ന അറ്റകുറ്റപ്പണികളുടെ തുടർച്ചയായ ഒന്നാംഘട്ട ടാറിങ് (ബി.എം.) വെള്ളിയാഴ്ച തുടങ്ങും. ഭാഗീകമായ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടായിരിക്കും പ്രവൃത്തി.
പുനലൂരിലെ വാളക്കോട് റെയിൽവേ മേൽപ്പാലത്തിൽ ടാറിങ് നടക്കുന്ന ശനിയാഴ്ച പാതയിൽ ഗതാഗതം പൂർണമായും നിയന്ത്രിക്കും.
ഇക്കഴിഞ്ഞ സെപ്റ്റംബറിൽ സംസ്ഥാന അതിർത്തിയായ ആര്യങ്കാവ് കോട്ടവാസൽമുതൽ പുനലൂർ ടി.ബി. ജങ്ഷൻവരെ നടന്ന കുഴിയടയ്ക്കലിന്റെ തുടർച്ചയായാണ് ഈ ഭാഗങ്ങളിൽ ടാറിങ് നടക്കുന്നത്.
കോട്ടവാസലിൽനിന്ന് പുനലൂർ ദിശയിലേയ്ക്കാണ് പ്രവൃത്തി. കാലാവസ്ഥയും ഗതാഗതനിയന്ത്രണവും അനുകൂലമായാൽ രണ്ടുദിവസംകൊണ്ട് പൂർത്തിയാക്കാനാണ് ശ്രമം. ടാറിങ് നടക്കുന്ന ഭാഗങ്ങളിൽ ഒരുവരിയിൽ ഗതാഗതം അനുവദിക്കും.
എന്നാൽ ശനിയാഴ്ച ടാറിങ് നിശ്ചയിച്ചിരിക്കുന്ന വാളക്കോട് പാലത്തിന് വീതി കുറവായതിനാൽ പാതയിൽ പൂർണമായും ഗതാഗതം നിയന്ത്രിക്കേണ്ടിവരും. അന്നേദിവസം വാഹനങ്ങൾ ഇടമൺ സത്രംമുക്ക്, പാപ്പന്നൂർ, പുനലൂർ ടി.ബി. ജങ്ഷൻ റോഡ് വഴി തിരിച്ചുവിടാനാണ് ആലോചന.
പുനലൂർമുതൽ സംസ്ഥാന അതിർത്തിയായ ആര്യങ്കാവ് കോട്ടവാസൽവരെ അറ്റകുറ്റപ്പണിക്കായി 5.27 കോടി രൂപ ഏതാനും മാസംമുൻപ് കേന്ദ്രസർക്കാർ അനുവദിച്ചിരുന്നു.
ഇതുപയോഗിച്ചാണ് പ്രവൃത്തി നടത്തുന്നത്. എന്നാൽ മാസങ്ങൾക്കുമുൻപ് സമർപ്പിച്ച അടങ്കലിന് അനുമതി ലഭിച്ചത് ഏറെ വൈകിയായതിനാൽ റോഡ് കൂടുതൽ തകർന്നതുമൂലം ഈ തുകയ്ക്ക് പൂർണമായ അറ്റകുറ്റപ്പണി സാധ്യമാവാത്ത സ്ഥിതിയുണ്ട്.
കുഴിയടപ്പിനും ടാറിങ്ങിനും പുറമേ ഗതാഗതത്തടസ്സമുണ്ടാക്കുന്ന മരക്കൊമ്പുകൾ വെട്ടിനീക്കൽ, വശങ്ങളിലെ കാടുതെളിക്കൽ, മുന്നറിയിപ്പ് ബോർഡുകളും ക്രാഷ് ബാരിയറും സ്ഥാപിക്കൽ തുടങ്ങിയ പ്രവൃത്തികളാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഈമാസം 17-ന് മണ്ഡലകാലം ആരംഭിച്ചാൽ രണ്ടുമാസക്കാലം അനിയന്ത്രിതമായ ഗതാഗതത്തിരക്കായിരിക്കും പാതയിൽ. ഈ സാഹചര്യം കണക്കിലെടുത്താണ് അറ്റകുറ്റപ്പണി നടക്കുന്നത്. നിലവിൽ ടാറിങ് നടക്കുന്ന ഭാഗങ്ങളിൽ രണ്ടാംഘട്ട ടാറിങ് (ബി.സി.) ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും മിക്കവാറും മണ്ഡലകാലത്തിനു ശേഷമേ ഇതുണ്ടാവൂ.
വാളക്കോട്ട് പൊടിപൂരം
ടാറിങ്ങിനു മുന്നോടിയായി കഴിഞ്ഞയാഴ്ച ചല്ലിനിരത്തിയ വാളക്കോട് മേൽപ്പാലത്തിലും പരിസരങ്ങളിലും പൊടിശല്യത്തിൽ വലഞ്ഞ് സമീപവാസികളും യാത്രക്കാരും. വാഹനങ്ങൾ കടന്നുപോകുമ്പോൾ ഉയരുന്ന പൊടി സ്ഥലവാസികളുടെ കാഴ്ച മറച്ച് ശ്വാസംമുട്ടിക്കുകയാണ്. ഇതുമൂലം ഇവിടെ കടകളും വീടുകളും തുറക്കാനാവാത്ത സ്ഥിതിയുണ്ട്.
ബസുകളും ചരക്കുലോറികളുമുൾപ്പെടെയുള്ള വലിയ വാഹനങ്ങൾ കടന്നുപോകുമ്പോഴാണ് സ്ഥിതി ഗുരുതരമാകുന്നത്.
കുറെനേരത്തേയ്ക്ക് റോഡുപോലും കാണാനാവില്ല. ശനിയാഴ്ച ഇവിടെ ടാറിങ് ചെയ്യുന്നതോടെ പ്രശ്നം പരിഹരിക്കപ്പെട്ടേക്കുമെന്നാണ് പ്രതീക്ഷ.
പാലത്തിൽ വൻകുഴികൾ നിറഞ്ഞ് ഗതാഗതം അപകടസ്ഥിതിയായതോടെ പാലമുൾപ്പെടെ 150 മീറ്റർ ദൂരത്ത് ടാറിങ്ങിനായി ചല്ലിനിരത്തുകയായിരുന്നു.
Published: 06 Nov 2026, 02:27 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented