പുത്തൻകുരിശ് : വിശുദ്ധ മൂറോൻ കൂദാശയുടെയും മുളന്തുരുത്തി സുന്നഹദോസിന്റെ നൂറ്റൻപതാം വാർഷികത്തിന്റെയും വിളംബരവുമായി പരിശുദ്ധ പത്രോസ് തൃതീയൻ പാത്രിയർക്കീസ് ബാവയുടെ ഛായാചിത്രം വഹിച്ചുള്ള വിളംബരജാഥ തുടങ്ങി.

To advertise here,

കൊല്ലം ഭദ്രാസനത്തിലെ ആദിച്ചനല്ലൂർ സെയ്ന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ തുടങ്ങിയ ജാഥ കൊല്ലം ഭദ്രാസന മെത്രാപ്പോലീത്ത മാത്യൂസ് മാർ തേവോദോസിയോസ് ആശീർവദിച്ചു.

വൈദിക ട്രസ്റ്റി ഫാ. റോയി ജോർജ് കട്ടച്ചിറ, സഭാ വർക്കിങ് കമ്മിറ്റി അംഗങ്ങളായ ഗീവർഗീസ് കോണോത്ത് കോർഎപ്പിസ്കോപ്പ, സണ്ണി എൻ.ജെ., ജയ്സ് ജോൺ, കൊല്ലം ഭദ്രാസന സെക്രട്ടറി ഫാ. സാബു സാമുവൽ, തുമ്പമൺ ഭദ്രാസന സെക്രട്ടറി ഫാ. ജിനു സഖറിയ, നിരണം ഭദ്രാസന സെക്രട്ടറി ഫാ. റോജൻ രാജൻ, മാത്യൂസ് ഫിലിപ്പ് കോർഎപ്പിസ്കോപ്പ തുടങ്ങിയവർ നേതൃത്വം നൽകി.

ശനിയാഴ്ച രാവിലെ 7-ന് മഞ്ഞിനിക്കരയിൽനിന്നും ജാഥ യാത്ര തുടങ്ങും. മാന്തളിർ, മെഴുവേലി, കാരയ്ക്കാട് പള്ളികളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ഛായാചിത്ര ഘോഷയാത്ര നിരണം ഭദ്രാസനത്തിലെ പരുമല സെയ്ന്റ് ഗ്രിഗോറിയോസ് പാത്രിയർക്കൽ സെന്ററിൽ എത്തിച്ചേരുമ്പോൾ മെത്രാപ്പോലീത്തമാരായ ഗീവർഗീസ് മാർ കൂറിലോസ്, കുര്യാക്കോസ് മാർ ക്ലീമിസ്, മാത്യൂസ് മാർ തിമോത്തിയോസ് എന്നിവരുടെ നേതൃത്വത്തിൽ സ്വീകരണം നൽകും.

ഞായറാഴ്ച രാവിലെ വിശുദ്ധ കുർബാനയ്ക്കുശേഷം 11 മണിക്ക് മണർകാട് സെയ്ന്റ് മേരീസ് കത്തീഡ്രലിൽനിന്ന് ഛായാചിത്ര ഘോഷയാത്ര തുടങ്ങും. വിവിധ സ്ഥലങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി വൈകുന്നേരം 3.50-ന് മുളന്തുരുത്തി പള്ളിത്താഴത്ത് എത്തും.

മുളന്തുരുത്തിയിൽ വെച്ച് കൊച്ചി ഭദ്രാസനത്തിൽനിന്ന് എത്തിച്ചേരുന്ന ദീപശിഖയുമായി ചേർന്നുള്ള വിളംബര ഘോഷയാത്രകളെ സ്വീകരിക്കും.

തുടർന്ന് വൈകീട്ട് 5-ന് പുത്തൻകുരിശ് കാവുംതാഴത്ത് എത്തി മറ്റ് നാല് വിളംബരജാഥകളുമായി ചേർന്ന് ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ കബറിടം സ്ഥിതിചെയ്യുന്ന പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിലെ സെയ്ന്റ് അത്താനാസിയോസ് കത്തീഡ്രലിൽ എത്തിച്ചേരും.

ശ്രേഷ്ഠ കാതോലിക്കാ ജോസഫ് ബാവയും സഭയിലെ മെത്രാപ്പോലീത്തമാരും സഭാ ഭാരവാഹികളും ചേർന്ന് സ്വീകരിക്കും.