പെരുമ്പാവൂർ : പെരുമ്പാവൂരിലെ ഇ.എസ്.ഐ. ഡിസ്‌പെൻസറി കെട്ടിടത്തിന്റെ നവീകരണം ഉടൻ തുടങ്ങുമെന്ന് മനോജ് മൂത്തേടൻ എം.എൽ.എ. അറിയിച്ചു.

To advertise here,

ഫണ്ട് അനുവദിക്കുകയും ടെൻഡർ നടപടികൾ പൂർത്തീകരിച്ച് കരാർ വയ്ക്കുകയും ചെയ്തിട്ടുണ്ട്. നിലവിലുള്ള കെട്ടിടത്തിന്റെ തേപ്പ് പൊളിച്ചുമാറ്റി പുതുതായി തേയ്ക്കുന്നതിനും തറ ഭാഗങ്ങൾ മുഴുവനും ടൈൽ വിരിക്കുകയും ടെറസിൽ മേൽക്കൂര നിർമിക്കുകയും ടോയ്‌ലെറ്റ്, പരിശോധനാമുറി, ഫാർമസി, ഫയൽ സൂക്ഷിക്കുന്നമുറി ഉൾപ്പെടെ ഫർണിഷിങ് ചെയ്യുന്നതിനും കെട്ടിടം മുഴുവൻ പെയിന്റ് ചെയ്യുന്നതിനും നവീകരണ പ്രവൃത്തികളിൽ തുക വകയിരുത്തിയിട്ടുണ്ട്.

50 കിടക്കകളെങ്കിലും ഉള്ള കിടത്തി ചികിത്സയ്ക്ക് സൗകര്യമുള്ള ആശുപത്രിയാക്കി ഡിസ്‌പെൻസറിയെ മാറ്റുന്നതിനുള്ള ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് എം.എൽ.എ. പറഞ്ഞു. 1986-ൽ പണികഴിപ്പിച്ച ഡിസ്‌പെൻസറി കെട്ടിടത്തിന്റെ മേൽത്തട്ടിൽ നിന്ന് കോൺക്രീറ്റ് ഇളകിവീഴുന്നത് പതിവാണ്. മഴപെയ്താൽ വ്യാപകമായ ചോർച്ചയമുണ്ട്. തറയിലെ ടൈലുകൾ പൊട്ടിപ്പൊളിഞ്ഞു. ഫയലുകൾ സൂക്ഷിക്കാൻ സൗകര്യമില്ല. ഫാർമസി സൗകര്യവും പരിമിതം.

40,000 ത്തോളം തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളും ഡിസ്‌പെൻസറിയെ ആശ്രയിക്കുന്നുണ്ട്. ദിവസവും നൂറുകണക്കിന് രോഗികൾ ചികിത്സ തേടിയെത്തുന്നുണ്ടെങ്കിലും ഇവർക്ക് ഇരിക്കാൻ പോലും സൗകര്യമില്ല. ശൗചാലയങ്ങൾ വൃത്തിഹീനമാണ്. രണ്ടേക്കറുളള ഡിസ്‌പെൻസറിയുടെ പരിസരം കാടുകയറിക്കിടക്കുന്നു. ഇവിടുത്തെ അസൗകര്യങ്ങൾ ചൂണ്ടിക്കാട്ടി ഇ.എസ്.ഐ. കോർപ്പറേഷന് നിവേദനം നൽകിയതിനേ തുടർന്നാണ് നവീകരണത്തിന് നടപടിയായതെന്ന് എം.എൽ.എ. അറിയിച്ചു. വിഷയം നിയമസഭയിൽ സബ്മിഷനായി ഉന്നയിച്ചതായും 100 കിടക്കകളുളള ആശുപത്രിയായി ഉയർത്തണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നതെന്ന് മന്ത്രി ബിന്ദു കൃഷ്ണ മറുപടി പറഞ്ഞതായും എം. എൽ.എ. പറഞ്ഞു.

അധികൃതർ ആശുപത്രി സന്ദർശിക്കും

ഡിസ്‌പെൻസറിയുടെ സൗകര്യങ്ങളും വികസന പ്രവർത്തനങ്ങളും നേരിട്ടു മനസ്സിലാക്കുന്നതിനും ചർച്ച ചെയ്യുന്നതിനുമായി കോർപ്പറേഷൻ ബോർഡ് അംഗവും റീജണൽ ഡയറക്ടറും 16-ന് ഡിസ്‌പെൻസറി സന്ദർശിക്കും.കോർപ്പറേഷൻ അംഗം ദുരൈരാജ്, റീജണൽ ഡയറക്ടർ എം. ശങ്കർ എന്നിവരാണ് എത്തുന്നത്.