യുവ ഡോക്ടറെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി മർദിച്ചു
കൊച്ചി : അടിയന്തര ചികിത്സ ആവശ്യപ്പെട്ട് ഡോക്ടറെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി മർദിച്ച് 3.25 ലക്ഷം രൂപ വിലമതിക്കുന്ന വസ്തുക്കൾ നടനും നടിയും ഉൾപ്പെടുന്ന സംഘം കവർന്നതായി പരാതി. ഒന്നാം പ്രതി മൂവാറ്റുപുഴ കല്ലൂർക്കാട് പെരുമ്പള്ളിക്കുന്നേൽ ബിബിൻ ബേബി (നടൻ ബിബിൻ പെരുമ്പള്ളി-43), രണ്ടാംപ്രതി പെരുമ്പാവൂർ വെങ്ങോല ആലിൻചുവട് കവല സ്വദേശി കെ.ബി. വിഷ്ണു (31), മൂന്നാംപ്രതി പുതിയകാവ് അൻസൽ അപ്പാർട്ട്മെന്റിൽ താമസിക്കുന്ന നടി അതുല്യ ചന്ദ്ര (32) എന്നിവരെ കടവന്ത്ര എസ്.എച്ച്.ഒ. ഹരികൃഷ്ണനും സംഘവും വ്യാഴാഴ്ച അറസ്റ്റ് ചെയ്തു. വൈദ്യപരിശോധനയ്ക്കുശേഷം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ മൂവരേയും റിമാൻഡ് ചെയ്തു. അന്യായമായി തടങ്കലിൽ വെക്കൽ, ഭീഷണിപ്പെടുത്തൽ, മനഃപൂർവം മുറിവേൽപ്പിക്കൽ, കവർച്ച തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ ചേർത്താണ് കേസെടുത്തത്. ഒൻപത് പ്രതികൾ കൂടി പിടിയിലാകാനുണ്ടെന്നാണ് വിവരം. ഹണിട്രാപ് ആണോയെന്നും പോലീസ് സംശയിക്കുന്നുണ്ട്.
നഗരത്തിനടുത്ത് താമസിക്കുന്ന 41-കാരനായ ഡോക്ടറാണ് പരാതിക്കാരൻ. നവംബർ രണ്ടിന് വൈകീട്ട് 6.30-നും രാത്രി 10.30-നും ഇടയിലാണ് സംഭവം. പ്രതികളിലൊരാളുടെ മാതൃസഹോദരിക്ക് ആരോഗ്യപ്രശ്നമുണ്ടെന്ന് പറഞ്ഞ് വൈറ്റില പൊന്നുരുന്നിയിലെ ജൂനിയർ ജനതാ റോഡിലുള്ള ബിബിന്റെ ഫ്ലാറ്റിലേക്ക് അതുല്യ ചന്ദ്രയാണ് ഡോക്ടറെ വിളിച്ചത്. നടൻ ബിബിൻ ഡോക്ടറുടെ കരണത്ത് അടിക്കുകയും കസേരയിൽ ബലമായി ഇരുത്തി വാരിയെല്ലിൽ ഇടിക്കുകയും ചെയ്തു. വിഷ്ണു ഡോക്ടറുടെ രണ്ട് മൊബൈൽ ഫോണുകളും സ്മാർട്ട് വാച്ചും ഇയർപോഡും തട്ടിയെടുക്കുകയും നടി അതുല്യ ചന്ദ്ര കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പോലീസ് പറഞ്ഞു. മറ്റ് പ്രതികൾ ഡോക്ടറെ തടഞ്ഞുവെച്ച് മർദിച്ചു. ശാരീരിക അവശത മൂലം രണ്ട് ദിവസത്തിന് ശേഷമാണ് ഡോക്ടർ പോലീസിനെ സമീപിച്ചത്.
എന്നാൽ, ഫ്ലാറ്റിൽ നടന്നതിനെക്കുറിച്ച് പ്രതികൾ മറ്റൊരു വിവരണമാണ് പോലീസിനോട് പറഞ്ഞത്. രോഗിയായ സ്ത്രീ ഫ്ലാറ്റിൽ ഉണ്ടായിരുന്നുവെന്നതിനും തെളിവു ലഭിച്ചിട്ടില്ല.
Published: 06 Nov 2026, 02:46 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented