കാലടി : മണ്ഡലകാലം പടിവാതിൽക്കൽ എത്തിനിൽക്കേ കാലടിയിൽ അയ്യപ്പഭക്തർക്കായി ഇതുവരെ സൗകര്യങ്ങളൊന്നും ഒരുക്കിയിട്ടില്ല. ശബരിമല തീർഥാടകരുടെ പ്രധാന ഇടത്താവളങ്ങളിലൊന്നാണ് കാലടി. ശങ്കരാചാര്യരുടെ ജൻമനാടെന്ന പ്രാധാന്യം ഉൾക്കൊണ്ട് ശങ്കരാചാര്യരുമായി ബന്ധപ്പെട്ട ക്ഷേത്രങ്ങളിലും ദർശനം നടത്തിയാണ് ഭക്തർ മടങ്ങാറ്. മുതലക്കടവിലെ കുളിയും ഭക്തർ അനുഗ്രഹമായി കരുതുന്നു.
ആയിരക്കണക്കിന് ഭക്തരാണ് കഴിഞ്ഞവർഷങ്ങളിലൊക്കെ കാലടിയിലെ ശരണകേന്ദ്രത്തിന്റെ സൗകര്യം പ്രയോജനപ്പെടുത്തിയത്. പഞ്ചായത്തിന്റെ ഗ്രൗണ്ടിലാണ് ശരണകേന്ദ്രം പ്രവർത്തിപ്പിക്കാറുള്ളത്. ഭക്തർക്ക് വിരിവെയ്ക്കാനുള്ള സൗകര്യം, വെള്ളം, വെളിച്ചം, ശൗചാലയ സൗകര്യം, ഭക്ഷണം പാകം ചെയ്യാനുള്ള സൗകര്യം എന്നിവ ഒരുക്കി നൽകാറുണ്ട്. പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് ശരണകേന്ദ്രം പ്രവർത്തിക്കാറുള്ളത്. അടിസ്ഥാനസൗകര്യങ്ങൾ പഞ്ചായത്തും സന്നദ്ധ സംഘടനകളും ചേർന്ന് ഒരുക്കുകയും ഭക്തസംഘടനകൾ അന്നദാനം ഉൾപ്പെടെയുള്ള സൗര്യങ്ങൾ ഏർപ്പെടുത്താറുമാണ് പതിവ്. കഴിഞ്ഞവർഷവും ശരണകേന്ദ്രം തുടങ്ങാൻ താമസം നേരിട്ടു.
ശരണകേന്ദ്രത്തിന്റെ സമീപം ഷോപ്പിങ് കോംപ്ലക്സ് നിർമാണം നടക്കുന്നതിനാൽ കേന്ദ്രം അടച്ചുപൂട്ടിയ നിലയിലായിരുന്നു. തുടർന്ന് ഭക്തസംഘടനകൾ നടത്തിയ സമരത്തിനൊടുവിൽ സായീശങ്കര ശാന്തികേന്ദ്രവുമായി സഹകരിച്ച് പന്തലൊരുക്കി നൽകുകയായിരുന്നു. വിശ്വഹിന്ദു പരിഷത്തും സായീശങ്കര ശാന്തികേന്ദ്രവും അന്നദാനവും നൽകി. മുന്നൊരുക്കങ്ങൾ തീരുമാനിക്കാനായി ഒരുമാസം മുൻപ് പഞ്ചായത്ത് ഒരു യോഗം വിളിച്ചിരുന്നു. ഏർപ്പെടുത്തേണ്ട സൗകര്യങ്ങൾ ചർച്ചചെയ്യുകയും തീരുമാനമെടുക്കുകയും ചെയ്തതാണ്.
17-ന് മണ്ഡലകാലം ആരംഭിക്കും. അതിന് ഒരാഴ്ച മുൻപുതന്നെ അയ്യപ്പഭക്തർ എത്തിത്തുടങ്ങും. ഭക്തരുടെ വാഹനങ്ങൾക്ക് പാർക്കിങ് സൗകര്യം ഒരുക്കേണ്ടതുണ്ട്. ശൗചാലയങ്ങളും ഷവറും ഇനിയും ക്രമീകരിച്ചിട്ടില്ല. ശരണകേന്ദ്രത്തിൽ ചോർച്ചയുണ്ട്. പ്രദേശത്ത് ആവശ്യത്തിന് വെളിച്ചവുമില്ല. എത്രയും വേഗം അയ്യപ്പഭക്തർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കി ശരണകേന്ദ്രം തുറക്കണമെന്ന് വിവിധ ഭക്തസംഘടനകൾ ആവശ്യം ഉയർത്തിക്കഴിഞ്ഞു.
Published: 06 Nov 2026, 02:46 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented