വാഷിങ്ടണ്‍: വംശനാശഭീഷണി നേരിടുന്ന മൊണാര്‍ക്ക് ചിത്രശലഭങ്ങളെ സംരക്ഷിക്കാൻ പദ്ധതിയുമായി അമേരിക്ക. എന്‍ഡാന്‍ജേഡ് സ്പീഷിസ് ആക്ടില്‍ (വംശനാശ ഭീഷണി നേരിടുന്ന ജീവികളെ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട നിയമം) ഉള്‍പ്പെടുത്തി സംരക്ഷണം നല്‍കാനാണ് രാജ്യം ആലോചിക്കുന്നത്. ഇതിനായി പൊതുജനങ്ങളുടെ അഭിപ്രായങ്ങള്‍ ക്ഷണിച്ചിരിക്കുകയാണ് ഫിഷ് ആന്‍ഡ് വൈല്‍ഡ്‌ലൈഫ് സര്‍വീസ്. 

To advertise here,

ഒരുകാലത്ത് സര്‍വസാധാരണമായിരുന്ന മൊണാര്‍ക്ക് ചിത്രശലഭങ്ങള്‍ ഇന്ന് വന്‍തോതില്‍ ഭീഷണി നേരിടുകയാണ്. 2022-ലാണ് ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ (ഐയുസിഎന്‍) വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളുടെ പട്ടികയിലേക്ക് മൊണാര്‍ക്ക് ചിത്രശലഭങ്ങളെയും ഉള്‍പ്പെടുത്തിയത്.

കാലാവസ്ഥാ വ്യതിയാനം, അതിശൈത്യം എന്നിവ മൊണാര്‍ക്ക് ചിത്രശലഭങ്ങളെയും അവയുടെ ദേശാടനക്രമത്തെയും ബാധിച്ചു. കീടനാശിനികളുടെ വ്യാപക ഉപയോഗവും ഇവയുടെ എണ്ണം കുറയുന്നതിന് ഇടയാക്കി. വടക്കേ അമേരിക്കയിലാണ് മൊണാര്‍ക്ക് ചിത്രശലഭങ്ങളെ കൂടുതലായി കണ്ടുവന്നിരുന്നത്. എന്നാല്‍, ഇവിടങ്ങളിലും മൊണാര്‍ക്ക് ചിത്രശലഭങ്ങളുടെ എണ്ണം വന്‍തോതില്‍ കുറഞ്ഞു. 

വടക്കേ അമേരിക്കയുടെ കിഴക്കന്‍ പ്രദേശത്ത് 1980-കള്‍ മുതല്‍ മൊണാര്‍ക്ക് ചിത്രശലഭങ്ങളുടെ എണ്ണത്തിൽ 80 ശതമാനത്തോളം കുറവുവന്നു. അതേസമയം, പടിഞ്ഞാറന്‍ മേഖലയില്‍ മൊണാര്‍ക്ക് ചിത്രശലഭങ്ങളുടെ എണ്ണം 95 ശതമാനമായാണ് കുറഞ്ഞത്. കൂടുതല്‍ സംരക്ഷണം നല്‍കിയില്ലെങ്കില്‍ എണ്ണം ഇനിയും കുറയുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. 

30 വര്‍ഷത്തോളമായി മൊണാര്‍ക്ക് ചിത്രശലഭങ്ങളുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നും സംരക്ഷണത്തിനായി ശക്തമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഇനിയും എണ്ണം കുറയുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. കറുപ്പ്, ഓറഞ്ച് നിറങ്ങളിലാണ് മൊണാർക്ക് ചിത്രശലഭങ്ങൾ കാണപ്പെടുന്നത്.