ജീവിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ടെങ്കിലും ഇത് പലപ്പോഴും നിയമപരമായി ഒരു പരിധിവരെ സാധ്യമായിട്ടുള്ളത് മനുഷ്യരുടെ കാര്യത്തിൽ മാത്രമായിരിക്കും. എന്നാൽ ജീവിക്കൂ, ജീവിതം ആസ്വദിക്കൂ കൂടെ ഞങ്ങളുണ്ട് എന്ന് പറഞ്ഞ് ഒരു കൂട്ടം തേനീച്ചകളെ ചേർത്തുപിടിച്ച് ഒരു ഭരണകൂടം രംഗത്തെത്തിയ വാർത്തവരികയാണ് പെറുവിൽ നിന്ന്. ഇതിനായി പ്രത്യേകം ഉത്തരവുമിറക്കി. ആമസോൺ മഴക്കാടുകളിലെ കൊമ്പില്ലാ തേനീച്ചകൾക്കാണ് ജീവിക്കാനുള്ള അവകാശം നിയമപരമായി നൽകി പെറുവിലെ സാറ്റിപ്പോ, നൗത്താ മുനിസിപ്പാലിറ്റികൾ ഉത്തരവിറക്കിയിരിക്കുന്നത്. ഇതോടെ ലോകത്ത് ആദ്യമായി ഇങ്ങനെയൊരു അവകാശം കിട്ടുന്ന ആദ്യ പ്രാണിവർഗമായും ഈ കൊമ്പില്ലാ തേനീച്ചകൾ മാറി.

To advertise here,

എന്തുകൊണ്ട് കൊമ്പില്ലാ തേനീച്ചകൾ

ആമസോൺ മഴക്കാടുകളിലെ ഏറ്റവും പ്രായം ചെന്ന തേനീച്ചവർഗങ്ങളാണ് കൊമ്പില്ലാ തേനീച്ചകൾ. മെലിപ്പോണിനി വിഭാഗത്തിൽപ്പെടുന്ന ഇവയ്ക്ക് ആമസോൺ മഴക്കാടുകളിലെ പച്ചപ്പ് നിലനിർത്തുന്നതിനും പ്രാദേശിക സംസ്‌കാരവുമായി ബന്ധപ്പെട്ടും നിർണായക സ്ഥാനമാണുള്ളത്. എന്നാൽ കഴിഞ്ഞ കുറെക്കാലമായി കാലാവസ്ഥാ മാറ്റവും ഇത് ആവാസ വ്യവസ്ഥയ്ക്കുണ്ടാക്കിയ തിരിച്ചടിയും കാരണം ഈ കൊമ്പില്ലാ തേനീച്ചകൾ വംശനാശ ഭീഷണിയിലുമാണ്. മാത്രമല്ല ഒരുവിഭാഗം യൂറോപ്യൻ തേനീച്ചകളിൽ നിന്നുള്ള ആക്രമണവും ഇവ നേരിടുന്നുണ്ട്. ഇതോടെയാണ് ഇവയെ സംരക്ഷിക്കുക ലക്ഷ്യമിട്ട് ജീവിക്കാനുള്ള അവകാശം നിയമപരമായി നൽകി അധികൃതർ ഉത്തരവിട്ടിരിക്കുന്നത്. നേരത്തെ ഈ തേനീച്ചകളെ പെറുവിന്റെ ദേശീയ പ്രാണിയായി അംഗീകരിച്ചിരുന്നു.

ലോകത്തിന്റെ വിവിധ ഉഷ്ണമേഖലാ പ്രദേശങ്ങളിൽ കാണപ്പെടുന്ന 500-ൽ അധികം വിഭാഗത്തിൽപ്പെടുന്ന കൊമ്പില്ലാ തേനീച്ചകളിൽ പകുതിയോളം ജീവിക്കുന്നത് ആമസോൺ മഴക്കാടുകളിലാണ്. പെറുവിൽ മാത്രം 170 വിഭാഗത്തിലുള്ളവ ജീവിക്കുന്നുണ്ട്. ഏകദേശം എട്ടുകോടി വർഷങ്ങൾക്ക് മുമ്പ് തന്നെ ഇവ മേഖലകളിലെ ഏറെ നിർണായകമായ പരാഗണജീവികളായിരുന്നു. ആമസോൺ മഴക്കാടുകളിൽ മാത്രം 80 ശതമാനം പച്ചപ്പുകളുടെയും പരാഗണത്തിന് പ്രധാന പങ്കുവഹിക്കുന്നതും ഈ കൊമ്പില്ലാ തേനീച്ചകളാണെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. ഇവയിൽ കൊക്കോ, കാപ്പി, അവക്കാടോ പോലുള്ള വിളകളും ഉൾപ്പെടും. ഒപ്പം ഇവിടെ ജീവിക്കുന്ന ആദിവാസി വിഭാഗങ്ങളുടെ പ്രാദേശിക സംസ്‌കാരത്തിലും ഈ തേനീച്ചകൾക്ക് നിർണായക സ്ഥാനമുണ്ട്.

പെറുവിലെ ആദിവാസി വിഭാഗമായ അശാനിങ്ക, കുക്കാമ-കുക്കാമരിയ ജനവിഭാഗങ്ങൾ ഈ ജീവി വർഗങ്ങളെ ആരാധിച്ചുപോരുന്നുണ്ട്. ആമസോൺ മഴക്കാടുകളിലെ ഈ വിഭാഗം ജനങ്ങളുടെ നിലനിൽപ്പിന്റെ പ്രധാന കണ്ണിയായും ഈ കൊമ്പില്ലാ തേനീച്ചകളെ കരുതിപ്പോരുന്നു. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഈ തേനീച്ചകളുടെ തേനിന്റെ ഉപയോഗം. അശാനിങ്ക വിഭാഗക്കാർ കൊമ്പില്ല തേനീച്ചകളുടെ തേൻ പല രോഗങ്ങൾക്കുള്ള മരുന്നുകളായി ഉപയോഗിക്കുന്നുണ്ട്. തീപ്പൊള്ളൽ പ്രതിരോധം, വിവിധ തരം ബാക്ടീരിയകൾക്കും വൈറസുകൾക്കുമെതിരേയുള്ള മരുന്ന് എന്നിവയ്‌ക്കെല്ലാം ഈ തേനീച്ചകളുടെ തേനിന് നിർണായക സ്ഥാനമുണ്ടെന്നും ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടുന്നു. മറ്റ് തേനീച്ചകളിൽ നിന്നും ലഭിക്കുന്ന തേനുകളിൽ നിന്നും വ്യത്യസ്തമായി വെള്ളത്തിന്റെ അംശം കുറവുള്ളതും രുചിയിൽ പോലും വ്യത്യാസമുള്ളതുമാണ് കൊമ്പില്ലാ തേനീച്ചകളുടെ തേനെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

എന്താണ് തേനീച്ചകൾ നേരിടുന്ന പ്രതിസന്ധി

ആമസോണിനെ സംബന്ധിച്ച് ഏറ്റവും വലിയ പ്രതിസന്ധി വനനശീകരണമാണ്. അനധികൃത മരംവെട്ടൽ, കൃഷി, കീടനാശിനിപ്രയോഗം, കന്നുകലികളുടെ ഉയർന്ന സാന്നിധ്യം എന്നിവയെല്ലാം പച്ചപ്പിന്റെ നാശത്തിന് പ്രധാന കാരണമാകുന്നുണ്ട്. അമിതമായ ഈ വനശീകരണം സ്വഭാവികമായി ഈ കൊമ്പില്ലാ തേനീച്ചകളുടെ ആവാസ വ്യവസ്ഥയെയും ബാധിച്ചു. കഴിഞ്ഞ കുറച്ചുകാലമായി വില്ലനായി കാട്ടുതീയുമുണ്ട്. കാലാവസ്ഥാ വ്യതിയാനം മേഖലയിൽ ചൂട് വർധിപ്പിക്കുക കൂടി ചെയ്തതോടെ മറ്റ് സ്ഥലങ്ങളിലേക്ക് കൂടിയേറിപ്പോവാൻ ഇവയെ പ്രേരിപ്പിക്കുന്നുവെന്നും ഇത് ഈച്ചകളുടെ സ്വഭാവത്തെ അപ്പാടെ മാറ്റിക്കളയുന്നുവെന്നും പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, തേനീച്ചകൾ അപ്രത്യക്ഷമാവുന്നതോടെ ഇതിന്റെ തേനിനെ  ആശ്രയിച്ച് കഴിയുന്ന ആദിവാസി വിഭാഗങ്ങളുടെ ജീവിതത്തെയും ഇത് ബാധിക്കാൻ തുടങ്ങി. ഇതാണ് ജീവിക്കാനുള്ള അവകാശം നൽകി ഭരണകൂടം അടിയന്തര ഇടപെടലിന് വഴിയൊരുക്കിയത്. ആമസോൺ റിസേർച്ച് ഇന്റർനാഷണൽ ഐയുസിഎൻ എന്നിവരുടെയെല്ലാം നേതൃത്വത്തിലായിരുന്നു തേനീച്ചകളെ കുറിച്ചുള്ള പഠനം നടന്നത്.

നിലനിൽക്കാനും ജീവിക്കാനുമുള്ള അവകാശം, ആരോഗ്യകരമായ അന്തരീക്ഷം, മലിനീകരണമില്ലാത്ത അന്തരീക്ഷത്തിനുള്ള അവകാശം, ഏതെങ്കിലും തരത്തിൽ ഭീഷണി നേരിടുമ്പോൾ അതിനെ നിയമപരമായി നേരിടാനുള്ള അവകാശം, സ്വാഭാവിക പ്രത്യുൽപ്പാദനത്തിനുള്ള അവകാശം തുടങ്ങി നിരവധി വ്യവസ്ഥകളാണ് തേനീച്ചകൾക്കായുള്ള ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നത്. കൊമ്പില്ലാ തേനീച്ചകളെ കുറിച്ചുള്ള അവബോധമില്ലായ്മ ഇവയുടെ സംരക്ഷണത്തിനായും മറ്റുമുള്ള ഫണ്ട് ലഭ്യതയ്ക്ക് തിരിച്ചടിയാവുന്നുണ്ടെന്നും പുതിയ നീക്കം ഗുണം ചെയ്യുമെന്നും ഇതുമായി ബന്ധപ്പെട്ടവരും ചൂണ്ടക്കാട്ടുന്നുണ്ട്.

രണ്ട് വർഷം മുന്നെയുള്ള തുടക്കം, ഒടുവിൽ നിയമം

2023-ൽ ആണ് തേനീച്ച സംരക്ഷണത്തിന്റെ ഭാഗമായി ഇവയുടെ ആവാസ വ്യവസ്ഥ വികസിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കമിട്ടത്. ഈ പഠനമാണ് തേനീച്ചകളുടെ നാശത്തിന് വനനശീകരണം പ്രധാന പങ്കുവഹിക്കുന്നതായി കണ്ടെത്തിയത്. ഇതിനിടെ പെറുവിന്റെ പ്രദേശിക പ്രാണി വർഗങ്ങളിൽ പ്രധാനിയാണ് കൊമ്പില്ലാ തേനീച്ചയെന്ന് തിരിച്ചറിയാനും ഇവയെ ദേശീയ പ്രാണിയായി അംഗീകരിക്കുന്നതിന് 2024-ൽ നിയമനിർമാണത്തിനും സാധിച്ചിരുന്നു.

കൊമ്പില്ലാ തേനീച്ചകൾ ആമസോണിലെ പ്രഥമ പരാഗണ ജീവിവർഗമാണ് എന്നതുകൊണ്ടു തന്നെ സസ്യങ്ങളുടെ വളർച്ചയിലും ജൈവ വൈവിധ്യങ്ങളുടെ നിലനിൽപ്പിനും നിർണായക പങ്കുവഹിക്കുന്നുണ്ട്. മാത്രമല്ല ഇവ വനസംരക്ഷണത്തിനും ആഗോള ഭക്ഷ്യസുരക്ഷയുടെ പോലും ഭാഗമാകുന്നുണ്ടെന്നും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻവെസ്റ്റിഗേഷൻ ഓഫ് പെറൂവിയനർ ആമസോണിലെ ഡയറക്ടറായ ഡോ. സീസർ ഡെൽഗാർ ചൂണ്ടിക്കാട്ടുന്നു. തേനീച്ചകളുടെ ആവാസ വ്യവസ്ഥ നശിപ്പിക്കുന്ന വനനശീകരണം, കീടനാശിനികളുടെയും കളനാശിനികളുടേയും ഉപയോഗം, കാലാവസ്ഥാ വ്യതിയാനം ചെറുക്കാനുള്ള പദ്ധതികളുടെ രൂപീകരണം, ശാസ്ത്രീയ ഗവേഷണത്തിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ചെല്ലാം പുതിയ ഓർഡിനൻസിൽ സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നുണ്ട്.

കൊമ്പില്ലാ തേനീച്ചകളെ പെറുവിന്റെ ദേശീയ പ്രാണിയയായി അംഗീകരിച്ച് 2024-ൽ പെറൂവിയൻ സർക്കാർ പാസാക്കിയ നിയമത്തിന്റെ പിന്തുടർച്ചയെന്നോണമാണ് ഇവയുടെ ജീവിക്കാനുള്ള അവകാശം സംബന്ധിച്ചുള്ള ഓർഡിനൻസും ഇപ്പോൾ രണ്ട് മുനിസിപ്പാലിറ്റികൾ ഇറക്കിയത്. രണ്ട് മുനിസിപ്പാലിറ്റികൾ മാത്രമാണ് ഇപ്പോൾ ഓർഡിനൻസ് പാസാക്കിയിട്ടുള്ളതെങ്കിലും ഇത് ദേശീയ നിയമമാക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്.

ആഗോളതലത്തിലെ പ്രാധാന്യം

ഇതുവരെ നദികൾക്കും പരിസ്ഥിതി വ്യവസ്ഥകൾക്കും ഉപയോഗിച്ചിരുന്ന സമീപനങ്ങൾ പ്രാണികളിലേക്കും ആദ്യമായി വ്യാപിപ്പിക്കാമെന്നതാണ് ഇതിന്റെ ആഗോളതലത്തിലുള്ള നേട്ടം. ജൈവ വ്യവസ്ഥകളുടെ അടിസ്ഥാന ഘടകങ്ങളായിരുന്നിട്ടും പലപ്പോഴും അവഗണിക്കപ്പെടുന്ന ജീവജാലങ്ങൾക്ക് നിയമപരമായ അവകാശം നൽകിക്കൊണ്ട് ഇത് സംരക്ഷണത്തിനായി പുതിയ വഴികൾ തുറക്കുന്നുമുണ്ട്.

ഇതിന്റെ മറപിടിച്ച് കൂടുതൽ വ്യാപകമായി അംഗീകരിക്കപ്പെട്ടാൽ അത്തരം ചട്ടക്കൂടുകൾ പരാഗജീവികളെ സംരക്ഷിക്കുന്നതിനും ഗോത്രവർഗക്കാരുടെ പാരിസ്ഥിതിക അറിവുകളെ ഭരണത്തിൽ സംയോജിപ്പിക്കുന്നതിനും അതുവഴി ജൈവവൈവിധ്യ നഷ്ടത്തെ നേരിടാനുള്ള പദ്ധതികളും ഒരുക്കാം.

ലോകമെമ്പാടും പരാഗജീവികളുടെ നാശം വർധിക്കുന്ന സാഹചര്യത്തിൽ ആമസോണിലെ ഈ കൊമ്പില്ലാ തേനീച്ചനിയമം പരിസ്ഥിതിശാസ്ത്രം, ഉത്തരവാദിത്തം എന്നിവ എങ്ങനെ കൂടിച്ചേരുന്നു എന്നതിനെ പുനർനിർവചിക്കുന്ന ഒരു മാതൃകകൂടിയായി മാറും.