തേജ്പുര്‍: 40 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അസമിലെ വന്യജീവി സങ്കേതങ്ങളിലേക്ക് കാണ്ടാമൃഗങ്ങള്‍ തിരിച്ചെത്തി. സംസ്ഥാനത്തെ ലായോഖാവാ, ബൂരാചാപോരി വന്യജീവി സങ്കേതങ്ങളിലേക്കാണ് വര്‍ഷങ്ങള്‍ക്ക് ശേഷം കാണ്ടാമൃ​ഗങ്ങൾ‍ വീണ്ടുമെത്തിയത്. വേട്ടയാടല്‍, ഭൂമി കൈയ്യേറ്റമടക്കമുളളവ മൂലം ഈ പ്രദേശങ്ങളില്‍ നിന്ന് കാണ്ടാമൃഗങ്ങളുടെ ഏറിയ പങ്കും അപ്രത്യക്ഷമായിരുന്നുവെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പ്രതികരിച്ചു. 

To advertise here,

"ലായോഖാവായിലേക്കും ബൂരാചാപോരിയിലേക്കും കാണ്ടാമൃഗങ്ങള്‍ 40 വര്‍ഷത്തിനൊടുവില്‍ എത്തിയിരിക്കുകയാണ്. അനധികൃത കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനായി സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതി വിജയകരമായത് ഇവയുടെ മടങ്ങിവരവിന് സഹായകരമായി", ഹിമന്ത ബിശ്വ ശര്‍മ സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമായ എക്‌സില്‍ കുറിച്ചു. 

സംരക്ഷിത പ്രദേശങ്ങളായിരുന്നുവെങ്കിലും ഇവിടങ്ങളില്‍ വലിയ തോതില്‍ അനധികൃത ഭൂമി കൈയ്യേറ്റം നടന്നിരുന്നു. കഴിഞ്ഞ വര്‍ഷം ഇത്തരം കൈയ്യേറ്റങ്ങള്‍ അധികൃതര്‍ പൂര്‍ണമായും ഒഴിപ്പിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

ഗ്രേറ്റര്‍ കാസിരംഗയുടെ ഭാഗം കൂടിയായ ലായോഖാവായിലും ബൂരാചാപോരിയിലും കാസിരംഗ നാഷണല്‍ പാര്‍ക്ക് (കെഎന്‍പി) ഡയറക്ടര്‍ സൊണാലി ഘോഷ് രണ്ടുകാണ്ടാമൃ​ഗങ്ങളെ കണ്ടെത്തിയത് പ്രദേശത്ത് ഇവയുടെ സാന്നിധ്യം ഇപ്പോഴുമുണ്ടെന്ന് തിരിച്ചറിയുന്നതില്‍ നിര്‍ണായകമായി. 1983-വരെ ഇവിടങ്ങളില്‍ 45-നും 50-നുമിടയില്‍ കാണ്ടാമൃഗങ്ങളുണ്ടായിരുന്നു. വേട്ടയാടല്‍ എണ്ണം കുറയാനുള്ള പ്രധാന കാരണമായി. 

ഔറഞ്ച് നാഷണല്‍ പാര്‍ക്ക്, കാസിരംഗയുടെ കിഴക്കന്‍ പ്രദേശം എന്നിവിടങ്ങളില്‍ നിന്ന് കാണ്ടാമൃഗങ്ങള്‍ സാധാരണയായി ലായോഖാവായിലേക്കും ബൂരാചാപോരിയിലേക്കും പ്രവേശിക്കാറുണ്ടെങ്കിലും അധികം നാള്‍ ഇവിടങ്ങളില്‍ തുടരാറില്ലെന്നും അധികൃതര്‍ പറയുന്നു. കാണ്ടാമൃഗങ്ങളെ കൂടാതെ ഈ വന്യജീവി സങ്കേതങ്ങളിലായി പത്ത് കടുവകളുമുണ്ട്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 13 മുതല്‍ 15 വരെയാണ് വന്യജീവി സങ്കേതങ്ങളിലെ അനധികൃത കൈയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചത്.