ഭീമാകാരമായ ആകൃതിയും കൂര്‍ത്ത് വലിപ്പമുള്ള കൊമ്പും തൊലിക്കട്ടിയും എല്ലാംകൂടി ചേര്‍ന്ന് ഭയപ്പെടുത്തുന്ന രൂപമാണെങ്കിലും മനുഷ്യനെക്കൊണ്ട് രക്ഷയില്ലാതായിപ്പോയവരാണ് കാണ്ടാമൃഗങ്ങള്‍. അന്താരാഷ്ട്രവിപണിയില്‍ അത്രയേറെ മൂല്യമുള്ള വസ്തുവാണ് കാണ്ടാമൃഗത്തിന്റെ കൊമ്പ്. ഇത് ലഭിക്കുന്നതിനായി വലിയ തോതിലാണ് കള്ളക്കടത്തുകാര്‍ ഈ പാവം ജീവിയെ കൊന്നൊടുക്കുന്നത്. ലോകത്ത് ഓരോ 20 മണിക്കൂറിലും ഓരോ കാണ്ടാമൃഗം കൊമ്പിനായി കൊല്ലപ്പെടുന്നു എന്നാണ് വിദഗ്ധര്‍ പറയുന്നത്.

To advertise here,

വലിയ ഒറ്റക്കൊമ്പുള്ളവ, സുമാത്രന്‍, ജാവന്‍, കറുപ്പ്, വെള്ള എന്നിങ്ങനെ അഞ്ച് ഇനം കാണ്ടാമൃഗങ്ങളാണ് ലോകത്തുള്ളത്. ഇവയെല്ലാം വംശനാശ ഭീഷണിയിലാണ് എന്നതാണ് മറ്റൊരു വസ്തുത. അതുകൊണ്ടുതന്നെ കാണ്ടാമൃഗങ്ങളെ സംരക്ഷിക്കാന്‍ തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യുകയാണ് ആഫ്രിക്കയിലെ മൃഗസംരക്ഷകര്‍. വേട്ടക്കാരില്‍നിന്നും രക്ഷപ്പെടുത്താനായി കാണ്ടാമൃഗങ്ങളുടെ കൊമ്പുകള്‍ പാതി മുറിച്ചുവിടുന്ന പദ്ധതി വരെ ഇടയ്ക്ക് ആഫ്രിക്കയില്‍ നടപ്പിലാക്കിയിരുന്നു.

ഇപ്പോഴിതാ കാണ്ടാമൃഗത്തിന്റെ കൊമ്പ് സംരക്ഷിക്കുന്നതിനായി പുതിയ പദ്ധതിയുമായി എത്തിയിരിക്കുകയാണ് ദക്ഷിണാഫ്രിക്കയിലെ വിദഗ്ധര്‍. കാണ്ടാമൃഗങ്ങളെ പിടിച്ച് അവയുടെ കൊമ്പുകളില്‍ റേഡിയോ ആക്ടീവ് മെറ്റീരിയല്‍ ഘടിപ്പിക്കുകയാണ് അവരിപ്പോള്‍. റൈസോടോപ് പ്രോജക്ട് എന്ന് പേര് നല്‍കിയിട്ടുള്ള പദ്ധതിയിലൂടെ 20 കാണ്ടാമൃഗങ്ങളുടെ കൊമ്പുകളിലാണ് ഇപ്പോള്‍ റേഡിയോ ആക്ടീവ് മെറ്റീരിയല്‍ ഘടിപ്പിച്ചിട്ടുള്ളത്.

സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ: https://mbi.page.link/mbes

വിറ്റ്‌വാട്ടര്‍സ്രാന്‍ഡ് സര്‍വകലാശാലയിലെ റേഡിയേഷന്‍ ആന്‍ഡ് ഹെല്‍ത്ത് ഫിസിക്‌സ് യൂണിറ്റ് ഡയറക്ടര്‍ ജെയിംസ് ലാര്‍കിന്റെ നേതൃത്വത്തിലാണ് റൈസോടോപ് പ്രോജക്ട് നടപ്പിലാക്കുന്നത്. തീരെ ചെറിയ രണ്ട് റേഡിയോ ആക്ടീവ് ചിപ്പുകള്‍ കണ്ടാമൃഗത്തിന്റെ കൊമ്പിനുള്ളില്‍ ഘടിപ്പിക്കുകയാണ് ചെയ്യുന്നത്. കാണ്ടാമൃഗങ്ങള്‍ക്കോ അവയുടെ ആവാസവ്യവസ്ഥയ്‌ക്കോ ഈ റേഡിയോ ആക്ടീവ് ചിപ്പ് മൂലം ഒരു വിധത്തിലുള്ള ദോഷവും ഉണ്ടാവില്ലെന്ന് വിദഗ്ധര്‍ പറയുന്നു.

അന്താരാഷ്ട്ര അതിര്‍ത്തികളിലെത്തുമ്പോള്‍ റേഡിയേഷന്‍ സെന്‍സറുകള്‍ ഉപയോഗിച്ച് കണ്ടുപിടിക്കത്തക്കവിധം രൂപകല്‍പന ചെയ്തതാണ് ഈ ചിപ്പുകള്‍. ഇതിലൂടെ കാണ്ടാമൃഗത്തിന്റെ കൊമ്പ് കടത്തുന്നവരെ പിടികൂടാന്‍ സാധിക്കും. പിടിക്കപ്പെടാനുള്ള സാധ്യത കൂടുതലായതുകൊണ്ട് തന്നെ വേട്ടക്കാര്‍ കാണ്ടാമൃഗത്തിന്റെ കൊമ്പ് കടത്തുന്നത് നിര്‍ത്തുകയും അത് അവയെ വേട്ടയാടുന്നത് വരെ നിര്‍ത്താനും കാരണമാകുമെന്നും ജന്തുസ്‌നേഹികള്‍ വിശ്വസിക്കുന്നു.

'ഈ പുതിയ മാര്‍ഗമായിരിക്കാം കാണ്ടാമൃഗങ്ങളെ വേട്ടയാടുന്നത് എന്നെന്നേക്കുമായി നിര്‍ത്തലാക്കുന്നത്. ഞാന്‍ ഇതുവരെ കേട്ടിട്ടുള്ളതില്‍വെച്ച് ഏറ്റവും മികച്ച മാര്‍ഗമാണിത്,' - ലിംപോപോ റൈനോ ഓര്‍ഫണേജിന്റെ സ്ഥാപകന്‍ ആരി വാന്‍ ഡെവന്റര്‍ പറയുന്നു. ഈ റേഡിയോ ആക്ടീവ് മെറ്റീരിയല്‍ അഞ്ചുവര്‍ഷം പ്രവര്‍ത്തനക്ഷമമായിരിക്കും എന്നാണ് വിദഗ്ധര്‍ പറയുന്നത്. 18 മാസം കൂടുന്തോറും കൊമ്പ് വെട്ടിക്കളയുന്നതിനേക്കാള്‍ സമയവും ചെലവും ലാഭിക്കുന്നതാണ് പുതിയ പദ്ധതി.

റേഡിയോ ആക്ടീവ് മെറ്റീരിയല്‍ ഘടിപ്പിച്ചിട്ടുള്ള കാണ്ടാമൃഗങ്ങളെ തിരിച്ചറിയാനായി അവയുടെ കൊമ്പില്‍ പതിനായിരത്തോളം മൈക്രോഡോട്ടുകളും സ്പ്രേ ചെയ്തിട്ടുണ്ട്. ഇവയെ കൃത്യമായി നിരീക്ഷണത്തിന് വിധേയരാക്കും. ചിപ്പ് ഘടിപ്പിച്ചിട്ടുള്ള കാണ്ടാമൃഗങ്ങള്‍ക്ക് ആരോഗ്യപരമായും മറ്റ് പ്രശ്‌നങ്ങളൊന്നും കണ്ടെത്തുന്നില്ലെങ്കില്‍ ഈ മാര്‍ഗം കൂടുതല്‍ കാണ്ടാമൃഗങ്ങളിലേക്കും നടപ്പിലാക്കും. അങ്ങനെയെങ്കില്‍ ലോകത്തെമ്പാടുമുള്ള കാണ്ടാമൃഗവേട്ട തടയുന്നതിനായി പ്രയോഗിക്കാന്‍ കഴിയുന്ന ഏറ്റവും നല്ല മാര്‍ഗമാകും ഇതെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.