കേപ് ടൗണ്‍: ദക്ഷിണാഫ്രിക്കയില്‍ ഈവർഷം വേട്ടയാടി കൊന്നത് നൂറിലധികം കാണ്ടാമൃഗങ്ങളെ. ജനുവരി ഒന്ന് മുതല്‍ മാര്‍ച്ച് 31 വരെയുള്ള കണക്കാണിത്. ദക്ഷിണാഫ്രിക്കയിലെ പരിസ്ഥിതി വകുപ്പ് മന്ത്രിയായ ഡിയോണ്‍ ജോര്‍ജ്ജാണ് ഇതുസംബന്ധിച്ച് കണക്കുകള്‍ പുറത്തുവിട്ടത്. 

To advertise here,

കണക്കുകള്‍ പ്രകാരം 2025-ന്റെ ആദ്യത്തെ മൂന്ന് മാസത്തിനുള്ളില്‍ 103 കാണ്ടാമൃഗങ്ങളെ വേട്ടക്കാര്‍ കൊന്നൊടുക്കി. ഇതില്‍ കൂടുതലും നടന്നത് ദേശീയോദ്യാനങ്ങളിലാണ്. 65 കാണ്ടാമൃഗങ്ങള്‍ ദേശീയോദ്യാനങ്ങളില്‍ വേട്ടയാടി കൊല്ലപ്പെട്ടു. രാജ്യത്തിന്റെ വന്യജീവി സമ്പത്തിനാകെ ഭീഷണിയാണ് ഈ വേട്ടയാടലുകളെന്നും ദക്ഷിണാഫ്രിക്കന്‍ പരിസ്ഥിതി മന്ത്രി പ്രതികരിച്ചു. 

ലോകത്തില്‍വെച്ച് ഏറ്റവുമധികം കാണ്ടാമൃഗങ്ങളുള്ള രാജ്യങ്ങളിലൊന്ന് കൂടിയാണ് ദക്ഷിണാഫ്രിക്ക. 16,000-നും 18,000-നുമിടയില്‍ കാണ്ടാമൃഗങ്ങളാണ് രാജ്യത്തുള്ളത്. 

കാണ്ടാമൃഗങ്ങളുടെ ഉപജാതികളായ ബ്ലാക്ക് റൈനോയെയും വൈറ്റ് റൈനോയെയും ദക്ഷിണാഫ്രിക്കയില്‍ കാണാനാകും. ഇതില്‍ത്തന്നെ ബ്ലാക്ക് റൈനോകള്‍ ഗുരുതര വംശനാശഭീഷണി നേരിടുന്ന കാണ്ടാമൃഗ വിഭാഗമാണ്. 6,400 ബ്ലാക്ക് റൈനോകള്‍ മാത്രമാണ് ലോകത്താകെ ശേഷിക്കുന്നത്. ഇതില്‍തന്നെ 2,000 ബ്ലാക്ക് റൈനോകളുള്ളത് ദക്ഷിണാഫ്രിക്കയിലാണ്.