കേപ് ടൗണ്‍: ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിച്ച 70 സതേണ്‍ വൈറ്റ് റൈനോകളെ റുവാണ്‍ഡയില്‍ അവതരിപ്പിച്ച് അധികൃതര്‍. 3,400 കിലോമീറ്ററോളം ദൂരം യാത്ര പൂര്‍ത്തിയാക്കിയാണ് സതേണ്‍ വൈറ്റ് റൈനോകള്‍ റുവാണ്‍ഡയില്‍ എത്തിച്ചേര്‍ന്നത്. ട്രക്കിലും ബോയിങ് 747 വിമാനത്തിലുമായിട്ടാണ് കാണ്ടാമൃഗങ്ങളെ റുവാണ്‍ഡയില്‍ എത്തിച്ചത്. 

To advertise here,

35 കാണ്ടാമൃഗങ്ങളുടെ രണ്ട് ബാച്ചുകളിലായിട്ടാണ് കാണ്ടാമൃഗങ്ങളെ റുവാണ്‍ഡയില്‍ എത്തിച്ചത്. ദക്ഷിണാഫ്രിക്കയിലെ മുനിവാന കണ്‍സര്‍വന്‍സിയില്‍നിന്ന് റുവാണ്‍ഡയിലെ അക്കഗേര നാഷണല്‍ പാര്‍ക്കിലാണ് കാണ്ടാമൃഗങ്ങളെ എത്തിച്ചത്. റുവാണ്‍ഡ ഡെവലപ്‌മെന്റ് ബോര്‍ഡ് (ആര്‍ഡിബി) ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മധ്യ ആഫ്രിക്കയിലെ ഏറ്റവും വലിയ സംരക്ഷിത തണ്ണീര്‍ത്തടം കൂടിയാണ് അക്കഗേര നാഷണല്‍ പാര്‍ക്ക്.

രണ്ടുദിവസമെടുത്താണ് കാണ്ടാമൃഗങ്ങളെ റുവാണ്‍ഡയിലെത്തിച്ചത്. വെറ്ററിനറി ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് നിലവില്‍ കാണ്ടാമൃഗങ്ങളുളളത്. ആവാസവ്യവസ്ഥ മാറിയ കാണ്ടാമൃഗങ്ങളുടെ ആരോഗ്യനില നിരീക്ഷിക്കുകയാണ് ലക്ഷ്യം. ഓരോ കാണ്ടാമൃഗങ്ങളും പുതിയ ആവാസവ്യവസ്ഥയോട് പൊരുത്തപ്പെടുമെന്ന ശുഭപ്രതീക്ഷയിലാണ് അധികൃതര്‍ ഉളളത്. 

ഒരുകാലത്ത് സബ്-സഹാറന്‍ ആഫ്രിക്കയില്‍ സര്‍വസാധാരണമായിരുന്ന വൈറ്റ് റൈനോകളുടെ എണ്ണം കുറയാന്‍ വേട്ടയാടല്‍ ഒരു പ്രധാന കാരണമായി. ഇന്റര്‍നാഷണല്‍ റൈനോ ഫൗണ്ടേഷന്‍ (ഐആര്‍എഫ്) പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ആഫ്രിക്കയില്‍ കാണ്ടാമൃഗങ്ങളുടെ വേട്ടയാടല്‍ 2022-നെ അപേക്ഷിച്ച് 2023-ല്‍ നാലുശതമാനമായി ഉയര്‍ന്നു. 2023-ല്‍ 586 കാണ്ടാമൃഗങ്ങളാണ് വേട്ടയ്ക്കിരയാക്കപ്പെട്ടത്. 

സതേണ്‍ വൈറ്റ് റൈനോയെ വംശനാശം നേരിടുന്ന വന്യജീവികളുടെ പട്ടികയിലാണ് പട്ടികപ്പെടുത്തിയിരിക്കുന്നത്. ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ (ഐയുസിഎന്‍) പട്ടികപ്രകാരം സതേണ്‍ വൈറ്റ് റൈനോകളുടെ 17,000 എണ്ണം മാത്രമാണ് ലോകത്താകെ ശേഷിക്കുന്നത്.