ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയില്‍ കാണ്ടാമൃഗങ്ങളുടെ കൊമ്പ് മുറിക്കുന്നത് വേട്ടയാടല്‍ 80 ശതമാനത്തോളം കുറയാന്‍ ഇടയാക്കിയതായി പഠനം. ദക്ഷിണാഫ്രിക്കയിലെ പ്രശസ്തമായ ക്രുഗര്‍ നാഷണല്‍ പാര്‍ക്കിന് ചുറ്റുമുളള 11 റിസര്‍വുകളില്‍ 2017 മുതല്‍ 2023 വരെ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. 

To advertise here,

ഈ 11 റിസര്‍വുകളാണ് ലോകത്തിലെ കാണ്ടാമൃഗങ്ങളുടെ വലിയൊരു പങ്കും ആവാസവ്യവസ്ഥയാക്കിട്ടുളളത്.  2017 മുതല്‍ 2023 വരെയുള്ള കാലയളവില്‍ ഈ റിസര്‍വുകളില്‍ 1,985 കാണ്ടാമൃഗങ്ങള്‍ വേട്ടയാടപ്പെട്ടു. 700-ഓളം വേട്ടക്കാര്‍ കുറ്റകൃത്യവുമായി ബന്ധപ്പെട്ട് പിടിയിലായി. 

2,284 കാണ്ടാമൃഗങ്ങളുടെ കൊമ്പുകൾ മുറിച്ചിരുന്നു. ഇത് വേട്ടയാടല്‍ 78 ശതമാനമായി കുറയാന്‍ കാരണമായി. കരിഞ്ചന്തയില്‍ വന്‍ ഡിമാന്‍ഡാണ് കാണ്ടാമൃഗങ്ങളുടെ കൊമ്പുകള്‍ക്കുള്ളത്. ഗുരുതര വംശനാശഭീഷണി നേരിടുന്ന ബ്ലാക്ക് റൈനോയടക്കമുള്ളവയുടെ പ്രധാന ആവാസവ്യവസ്ഥയാണ് ദക്ഷിണാഫ്രിക്ക. 2023-ന്റെ അവസാനത്തോടെ ദക്ഷിണാഫ്രിക്കയില്‍ ശേഷിച്ചത് 16,000 കാണ്ടാമൃഗങ്ങളാണ്. ഇവയില്‍ ഏറിയ പങ്കും വൈറ്റ് റൈനോകളാണ്. 

ദക്ഷിണാഫ്രിക്കയില്‍ പ്രതിമാസം 34 കാണ്ടാമൃഗങ്ങള്‍ എങ്കിലും കൊല്ലപ്പെടുന്നുണ്ടെന്നാണ് കണക്കുകളെന്ന് ദക്ഷിണാഫ്രിക്കയുടെ പരിസ്ഥിതി മന്ത്രി പ്രതികരിച്ചു. അമേരിക്കന്‍ അസോസിയേഷന്‍ ഫോര്‍ ദ അഡ്വാന്‍സ്‌മെന്റ് ഓഫ് സയന്‍സാണ് പഠനത്തിന് പിന്നില്‍. പഠനം സയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.