അടുക്കളയിൽ നിലം അടിച്ചുവാരുന്നതിനിടെ അയാൾ പ്രത്യക്ഷപ്പെട്ടു. ഓടി അരിച്ചാക്കിരിക്കുന്ന ഇടത്തേക്ക് മറഞ്ഞു. അരിച്ചാക്ക് മാറ്റിയപ്പോൾ വാതിലിന്റെ മറയിലേക്ക്. വാതിൽ പാളി മാറ്റിയപ്പോൾ ഗ്യാസ് സിലിണ്ടർ ഇരിക്കുന്നിടത്തേക്ക്. വിട്ടില്ല. അവിടെ നിന്ന് ഇളക്കിചാടിച്ചു. പറന്നുപൊങ്ങി മുന്നിലേക്ക് തന്നെ വന്നു. ചൂലെടുത്ത് ഒറ്റയടി. ചത്തുമലച്ചെന്ന് കരുതി. കുറച്ച് സമയം ചത്തപോലെ കിടന്നു. പിന്നെ അതാ വീണ്ടും ജീവൻ വെയ്ക്കുന്നു..ഇളകുന്നു..പാറ്റ നമ്മൾ കരുതുംപോലെ നിസ്സാരക്കാരനല്ല. സൂപ്പർ പവറൊക്കെയുള്ള ചങ്ങാതിയാണ്. ആള് അടുക്കളയിൽ കുറെ ശല്യക്കാരനാണ്. കഞ്ഞിയിൽ മണ്ണുവാരിയിടുന്നപോലെ കുറെ നക്കിത്തരങ്ങളൊക്കെയുണ്ട്. എന്നാൽ പുള്ളിയുടെ ശരിക്കുമുള്ള പവർ അറിഞ്ഞാൽ ആരും അന്തം വിട്ടുപോകും!
പ്രകൃതിയുടെ 'റീസൈക്ലിംഗ്' ഏജന്റുകൾ
ഉണങ്ങിയ ഇലകൾ, ചീഞ്ഞഴുകിയ സസ്യങ്ങൾ, മറ്റ് ജൈവമാലിന്യങ്ങൾ എന്നിവ തിന്നുതീർക്കാൻ പാറ്റകൾ മുന്നിലാണ്. അവ മാലിന്യങ്ങളെ ദ്രവിപ്പിച്ച് മണ്ണിലേക്ക് ആവശ്യമായ നൈട്രജൻ തിരികെ നൽകുന്നു. വീട്ടിൽ കാണുന്നവയല്ല, കാട്ടുപാറ്റകളാണ് ഈ ദൗത്യം നിർവഹിക്കുന്നത്.
വൈദ്യശാസ്ത്രത്തിലെ പുതിയ പ്രതീക്ഷ!
പാറ്റകളുടെ തലച്ചോറിലും നാഡീവ്യവസ്ഥയിലുമുള്ള ചില സംയുക്തങ്ങൾക്ക് ബാക്ടീരിയ വിരുദ്ധ (Anti-bacterial) ഗുണങ്ങളുണ്ടെന്ന് ഗവേഷണങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. ഭാവിയിൽ അതിശക്തമായ പുതിയ ആന്റിബയോട്ടിക്കുകൾ വികസിപ്പിക്കാൻ പാറ്റകൾ കാരണമായേക്കാം.
'റോബോട്ടിക്‌സ്' രംഗത്തെ താരം
പാറ്റകൾക്ക് കുഞ്ഞുവിടവുകളിലൂടെപ്പോലും ശരീരത്തിന്റെ വലിപ്പം കുറച്ച് വേഗത്തിൽ ഓടാൻ കഴിയും. പാറ്റകളുടെ ഈ ശരീരഘടനയും ഓട്ടവുമൊക്കെ പഠിച്ചാണ് ശാസ്ത്രജ്ഞർ 'പാറ്റാ റോബോട്ടുകളെ' (Cockroach Robots) നിർമിക്കുന്നത്. ഭൂകമ്പമോ മറ്റ് ദുരന്തങ്ങളോ ഉണ്ടാകുമ്പോൾ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിപ്പോകുന്ന മനുഷ്യരെ കണ്ടെത്താൻ ഈ കുഞ്ഞുറോബോട്ടുകൾക്ക് സാധിക്കും.
ആയുസ്സും ജീവൻ നിലനിർത്താനുള്ള കഴിവുകളും :
സാധാരണ വീടുകളിൽ കാണുന്ന പാറ്റകളുടെ ആയുസ്സ് സ്പീഷിസ് അനുസരിച്ച് ഒരുവർഷം മുതൽ രണ്ടു വർഷം വരെയാണ്.
തലയില്ലാതെയും ജീവിക്കും : പാറ്റയുടെ ശ്വസനവ്യവസ്ഥ തലയിലല്ല, മറിച്ച് ശരീരത്തിലെ ചെറിയ സുഷിരങ്ങളിലാണ് (Spiracles). അതിനാൽ തല വേർപെട്ടാലും ഏഴുദിവസം വരെ ജീവിക്കാൻ കഴിയും!
വെള്ളത്തിനടിയിൽ ശ്വാസമടക്കിപ്പിടിക്കും: ഏകദേശം 30 -40 മിനിറ്റ് വരെ വെള്ളത്തിനടിയിൽ ശ്വാസമടക്കിപ്പിടിച്ചിരിക്കാൻ പാറ്റകൾക്ക് കഴിയും.
റേഡിയേഷനെ ചെറുക്കും: മനുഷ്യന് താങ്ങാൻ കഴിയുന്നതിനേക്കാൾ എത്രയോ ഇരട്ടി ആണവ വികിരണങ്ങളെ (Radiation) അതിജീവിക്കാൻ പാറ്റകൾക്ക് സാധിക്കും.
ദിനോസറുകൾക്കും മുമ്പേ : ഭൂമിയിൽ ദിനോസറുകൾ ജനിക്കുന്നതിനും ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുൻപേ പാറ്റകളുടെ പൂർവികർ ഉണ്ടായിരുന്നു.
അതിവേഗ ഓട്ടക്കാർ: സ്വന്തം ശരീരവലിപ്പവുമായി താരതമ്യം ചെയ്താൽ ഭൂമിയിലെ ഏറ്റവും വേഗതയേറിയ ജീവികളിൽ ഒന്നാണ് പാറ്റ.ഒരു സെക്കൻഡിൽ അവയുടെ ശരീര ഭാരത്തിന്റെ 50 ഇരട്ടി ദൂരം ഓടാൻ അവയ്ക്ക് കഴിയും!
എന്തും കഴിക്കും: പേപ്പർ, പശ, സോപ്പ്, മുടി തുടങ്ങി എന്ത് വേണമെങ്കിലും ദഹിപ്പിക്കാനുള്ള ശേഷിയുണ്ട്.
Content Highlights: Cockroaches act as vital natural recycling agents by decomposing organic waste., Researchers are studying cockroach brain compounds for new antibiotic development., Cockroach anatomy inspires disaster-relief robotics due to their agility., They possess extreme survival traits like living without a head and resisting radiation., Cockroaches are ancient creatures, predating dinosaurs by millions of years.
Published: 27 Jul 2026, 11:48 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented