അബുദാബി: അരളിച്ചെടിയുടെ (ഒലിയാന്‍ഡര്‍) കൃഷി, വ്യാപാരം എന്നിവ നിരോധിച്ചതായി അബുദാബി അഗ്രികള്‍ച്ചര്‍ ആന്‍ഡ് ഫുഡ് സേഫ്റ്റി അതോറിറ്റി അധികൃതര്‍ അറിയിച്ചു.

To advertise here,

അരളിപ്പൂക്കള്‍ കഴിക്കുന്നത് വിഷബാധയ്ക്ക് കാരണമാകുന്നതിനാലാണ് നടപടി. നിലവില്‍ ഈ ചെടികള്‍ വളര്‍ത്തുന്നവര്‍ അവ നശിപ്പിക്കണം.

പാറക്കെട്ടുകള്‍ നിറഞ്ഞ താഴ്വരകളിലും റോഡരികിലുമാണ് ഇവ പൊതുവെ കാണപ്പെടുന്നത്. ചെടിയുടെ ഇല, പൂവ്, വിത്ത് എന്നിവയുള്‍പ്പെടെ എല്ലാഭാഗങ്ങളിലും വിഷാംശമുണ്ട്. ഇവ ചെറിയ അളവില്‍പ്പോലും ശരീരത്തിലെത്തുന്നത് അപകടകരമാണ്. ശരീരത്തിലെത്തിയാല്‍ ഛര്‍ദി, വയറിളക്കം, അസാധാരണമായ ഹൃദയമിടിപ്പ് എന്നിവയുണ്ടാക്കും. ചില സാഹചര്യങ്ങളില്‍ മരണംവരെ സംഭവിച്ചേക്കാം.

നമുക്ക് അപരിചിതമായ ചെടികളും പൂക്കളും തൊടരുതെന്നും അബദ്ധവശാല്‍ അപകടമുണ്ടായാല്‍ പോയ്‌സണ്‍ ആന്‍ഡ് ഡ്രഗ് ഇന്‍ഫര്‍മേഷന്‍ സര്‍വീസസിന്റെ (പി.ഡി.ഐ.എസ്.) ഹോട്ട്ലൈനുമായി (800424) ബന്ധപ്പെടണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

വിഷസസ്യങ്ങള്‍ കണ്ടാല്‍ ജാഗ്രത പാലിക്കണമെന്ന് അഡാഫ്‌സയിലെ റെഗുലേറ്ററി ആന്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് അഫയേഴ്‌സ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ മൗസ സുഹൈല്‍ അല്‍ മുഹൈരി പറഞ്ഞു. അഡാഫ്‌സയുമായി സഹകരിച്ച് പൊതുയിടങ്ങളില്‍നിന്ന് അരളിച്ചെടികള്‍ നീക്കംചെയ്യുമെന്ന് മുനിസിപ്പാലിറ്റി ഗതാഗതവകുപ്പിലെ ഓപ്പറേഷന്‍സ് അഫയേഴ്‌സ് ഡയറക്ടര്‍ ജനറല്‍ ഡോ. സലേം അല്‍ കഅബി വ്യക്തമാക്കി.

പാര്‍ക്കുകള്‍, സംരക്ഷിത മേഖലകള്‍, സ്‌കൂളുകള്‍, പൊതു സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ഈ ചെടി നട്ടുപിടിപ്പിക്കാനോ പരിപാലിക്കാനോ പാടില്ലെന്ന് യു.എ.ഇ. കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയത്തിന്റെ കര്‍ശന നിര്‍ദേശമുണ്ട്.