ഒരുകാലത്ത് ലോകത്തെ ഏറ്റവും വലിയ ഹിമശൈലമായിരുന്ന എ23എ (A23a) അതിന്റെ അന്ത്യത്തിലെത്തി. പതിറ്റാണ്ടുകളോളം അന്റാർട്ടിക്കൻ കടലിൽ പ്രതാപത്തോടെ നിലകൊണ്ട ഈ ഭീമൻ മഞ്ഞുപാളി ഇപ്പോൾ അതിവേഗം വിഘടിച്ചുകൊണ്ടിരിക്കുകയാണെന്ന് ചൈനീസ് ഉപഗ്രഹമായ ഫെങ്യുൻ-3 കണ്ടെത്തി. 2023 മുതൽ ഉപഗ്രഹം ഹിമശൈലത്തെ സൂക്ഷ്മമായി നിരീക്ഷിച്ചുവരുകയാണ്.
1986-ൽ അന്റാർട്ടിക്കയിലെ ഫിൽക്നർ ഹിമപാളിയിൽ (Filchner Ice Shelf)നിന്ന് വേർപെടുമ്പോൾ എ23എയ്ക്ക് ഏകദേശം 4170 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുണ്ടായിരുന്നു. എന്നാൽ, ഏറ്റവും പുതിയ ഉപഗ്രഹ ചിത്രങ്ങളനുസരിച്ച് ഇതിന്റെ വിസ്തീർണം വെറും 506 ചതുരശ്ര കിലോമീറ്ററായി ചുരുങ്ങി. അതായത് ആദ്യ വലുപ്പത്തിന്റെ എട്ടിലൊന്നായി ഈ മഞ്ഞുമല മാറി. കഴിഞ്ഞ ഏതാനും ആഴ്ചകളായി വിഘടിക്കുന്നതിന്റെ വേഗം വർധിച്ചതായി നാഷണൽ സാറ്റലൈറ്റ് മെറ്റീരിയോളജിക്കൽ സെന്ററിലെ ശാസ്ത്രജ്ഞരും കണ്ടെത്തി.
ചൂട് ഉയരുന്നതുമൂലം മഞ്ഞുപാളിയിൽനിന്ന് ഒഴുകുന്ന ജലം വിള്ളലുകളിലൂടെ ഇറങ്ങിച്ചെന്ന് വലിയ മർദം ചെലുത്തുന്നതിലൂടെ മഞ്ഞുപാളികൾ പൊട്ടിപ്പിളരുന്നു. ദക്ഷിണാർധഗോളത്തിലെ നിലവിലെ വേനൽക്കാല സാഹചര്യവും മൂന്ന് ഡിഗ്രി സെൽഷ്യസിനു മുകളിലുള്ള കടൽവെള്ളത്തിലെ ചൂടും മഞ്ഞുപാളിയെ വേഗത്തിൽ ഉരുക്കും. വരും ആഴ്ചകളിൽത്തന്നെ എ23എ പൂർണമായും ഇല്ലാതാകുമെന്നാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തൽ. കാലാവസ്ഥാമാറ്റത്തിന്റെയും ആഗോളതാപനത്തിന്റെയും പശ്ചാത്തലത്തിൽ അതിപ്രാധാന്യത്തോടെയാണ് ഈ സംഭവത്തെ ഗവേഷകർ കാണുന്നത്.
Content Highlights: Once the world`s largest iceberg, A23a, is rapidly disintegrating. Discover how this massive ice sheet is shrinking and its implications for climate change.
Published: 22 Jan 2026, 04:06 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented