ന്യൂഡൽഹി: ശൈത്യകാലം എത്തുന്നതോടെ ന്യൂഡൽഹിയിൽ വായുമലിനീകരണം മൂലമുള്ള പ്രതിസന്ധി ഈ വർഷവും ആവർത്തിക്കുകയാണ്. ദീപാവലിക്ക് തൊട്ടുമുമ്പുള്ള ആഴ്ചയിൽ ഡൽഹിയിലെ ശരാശരി പി.എം 2.5 സാന്ദ്രത 236 µg/m³ ആയി ഉയർന്നിരുന്നു. ഇത് 2025-ലെ ഇതേ കാലയളവിലെ 120 µg/m³ എന്നതിന്റെ ഇരട്ടിയായി. 2024-ലെ 179 µg/m³ എന്ന കണക്കിനെയും മറികടന്നു.

To advertise here,

തണുപ്പുകാലത്ത് കാറ്റിന്റെ വേഗത കുറയുന്നതും അന്തരീക്ഷത്തിന്റെ താഴ്ന്ന പാളികളിൽ മാലിന്യ കണികകൾ അടിഞ്ഞുകൂടുന്നതുമാണ് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുന്നത്. വിഷവാതക പുറന്തള്ളലും സമീപ പ്രദേശങ്ങളിൽനിന്നുള്ള മലിനീകരണവുമാണ് ഡൽഹിയിലെ വായുമലിനീകരണത്തിന്റെ പ്രധാന കാരണങ്ങൾ. 

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റിയോറോളജിയുടെ ഡിസിഷൻ സപ്പോർട്ട് സിസ്റ്റത്തിന്റെ കണക്കുകൾ പ്രകാരം, നവംബർ ആദ്യവാരത്തിൽ ഡൽഹിയിലെ പി.എം 2.5 മലിനീകരണത്തിന്റെ 54 ശതമാനവും സമീപത്തുള്ള എൻ.സി.ആർ ജില്ലകളിൽനിന്നാണ് എത്തിയത്. ദീപാവലി ദിനത്തിൽ ഡൽഹിയിലെ ശരാശരി എയർ ക്വാളിറ്റി ഇൻഡക്സ് 376 ആയിരുന്നു. ഇത് കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണ്.

പ്രാദേശിക മലിനീകരണത്തിൽ ഏറ്റവും വലിയ പങ്ക് ഗതാഗത മേഖലയ്ക്കാണ് (52 ശതമാനം). ഗാർഹിക ആവശ്യങ്ങൾ (13 ശതമാനം), വ്യവസായ ശാലകൾ (11 ശതമാനം), നിർമാണ പ്രവർത്തനങ്ങൾ (ഏഴ് ശതമാനം), ഊർജ ഉപഭോഗവും മാലിന്യം കത്തിക്കലും (അഞ്ച് ശതമാനം വീതം), റോഡിലെ പൊടിപടലങ്ങൾ (നാല് ശതമാനം) എന്നിവയാണ് മറ്റ് പ്രധാന സ്രോതസ്സുകൾ. കൃഷിയിടങ്ങളിലെ വൈക്കോൽ കത്തിക്കലും മലിനീകരണത്തോത് ഉയർത്തുന്നുണ്ട്. 

സർക്കാരിൻ്റെ ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാൻ (ഗ്രാപ്) വഴിയുള്ള നിയന്ത്രണങ്ങൾ, വാഹന നിയന്ത്രണം, പാർക്കിങ് ഫീസ് വർധിപ്പിക്കൽ, വർക്ക് ഫ്രം ഹോം നിർദേശങ്ങൾ തുടങ്ങിയ അടിയന്തര നടപടികൾക്ക് താൽക്കാലികമായി മലിനീകരണത്തിന്റെ തീവ്രത കുറയ്ക്കാൻ മാത്രമേ സാധിക്കുവെന്നാണ് വിദഗ്ധർ പറയുന്നത്.

പൊതുഗതാഗത സംവിധാനങ്ങൾ ശക്തിപ്പെടുത്താതെ ഇത്തരം താൽക്കാലിക നടപടികൾകൊണ്ടുമാത്രം ശാശ്വത പരിഹാരം ഉണ്ടാകില്ല. നഗരത്തിൽ വർഷംമുഴുവൻ നീണ്ടുനിൽക്കുന്ന ആസൂത്രിത മലിനീകരണ വിരുദ്ധ പ്രവർത്തനങ്ങളും അയൽ സംസ്ഥാനങ്ങളുമായുള്ള ഏകോപനവും ശക്തമായ നിയമനിർമാണവും ഉറപ്പാക്കിയാൽ മാത്രമേ തലസ്ഥാനത്തെ മലിനീകരണ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണാൻ സാധിക്കൂവെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.