കാഠ്മണ്ഡു: ഹിമാലയന്‍ മേഖല സന്ദര്‍ശിച്ച് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറെസ്. കാലാവസ്ഥാ മാറ്റത്തിന്റെ പ്രത്യാഘാതങ്ങളിലേക്കും പ്രദേശം സന്ദര്‍ശിച്ച അദ്ദേഹം വിരല്‍ ചൂണ്ടി. "ഇന്ന്  എവറസ്റ്റിന്റെ ബേസില്‍ നിന്ന് ഹിമാലയം നേരിട്ട് കൊണ്ടിരിക്കുന്ന കാലാവസ്ഥാ പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങള്‍ ഞാന്‍ കണ്ടറിഞ്ഞു. താപനില കൂടുമ്പോള്‍ മഞ്ഞുരുകയും അതുഭീഷണി ഉയര്‍ത്തുകയും ചെയ്യുന്നു, #ClimateAction", എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവെച്ച കുറിപ്പില്‍ അന്റോണിയോ പറയുന്നു. 

To advertise here,

മൂന്ന് ദശാബ്ദത്തിനിടെ നേപ്പാളിന്റെ മഞ്ഞുപാളികളുടെ മൂന്നിലൊന്നും നഷ്ടമായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദശാബ്ദത്തെ അപേക്ഷിച്ച് മഞ്ഞുപാളികള്‍ 65 ശതമാനം വേഗതയില്‍ ഉരുകുന്നതായും ഗുട്ടറെസ് പ്രതികരിച്ചു. ഗ്രീന്‍ലന്‍ഡ്, അന്റാര്‍ട്ടിക്ക പോലുള്ള ഇടങ്ങളിലെ സമാനമായ അവസ്ഥയാണ് ഹിമാലയത്തിലുള്ളത്. 

വന്‍തോതില്‍ മഞ്ഞുരുകുന്നത് വിനാശകരമായ പ്രളയദുരിതങ്ങളിലേക്ക് വഴിമാറും, ആഗോള താപനിലയിലെ വര്‍ധനവ് 1.5 ഡിഗ്രിക്കുളളില്‍ നിലനിര്‍ത്തുക അനിവാര്യമാണെന്നും ഗുട്ടറെസ് മുന്നറിയിപ്പ് നൽകുന്നു. ഒക്ടോബര്‍ 29-നാണ് നാലുദിവസത്തെ നേപ്പാള്‍ സന്ദര്‍ശനത്തിനായി ഗുട്ടറെസ് കാഠ്മണ്ഡുവിലെത്തിയത്. നേപ്പാള്‍ പ്രധാനമന്ത്രിയുടെ ക്ഷണപ്രകാരമായിരുന്നു അദ്ദേഹത്തിന്റെ വരവ്. യു.എന്‍ സെക്രട്ടറി ജനറലായി ചുമതലയേറ്റ ശേഷം ഇതാദ്യമായിട്ടാണ് നേപ്പാളിലേക്ക് ഗുട്ടറെസ് എത്തുന്നത്.