അന്റാര്‍ട്ടിക്കയിലെ ബെല്ലിങ്‌സ്ഹൗസണ്‍ കടലിന് സമീപത്തെ പ്രദേശത്ത് കഴിഞ്ഞ വര്‍ഷം ചത്തൊടുങ്ങിയത് 10,000 ചക്രവർത്തി പെന്‍ഗ്വിൻ (Emperor penguin) കുഞ്ഞുങ്ങള്‍. സമുദ്രോപരിതലത്തില്‍ വെള്ളം തണുത്തുറഞ്ഞ് രൂപപ്പെടുന്ന ഹിമപാളികൾ ഉരുകി വേര്‍പ്പെട്ടതാണ് ഇത്രയധികം പെന്‍ഗ്വിന്‍ കുഞ്ഞുങ്ങള്‍ ചാകാൻ കാരണം. നീന്താന്‍ സഹായിക്കുന്ന തൂവലുകള്‍ വികസിക്കുന്നതിന് മുന്‍പാണ് പെന്‍ഗ്വിന്‍ കുഞ്ഞുങ്ങള്‍ ചത്തത്. തണുപ്പ് കൂടിയോ മുങ്ങിയോ ആകാം ഇവ ചത്തതെന്നാണ് നിഗമനം. 

To advertise here,

ബെല്ലിങ്‌സ്ഹൗസണ്‍ ഭാഗത്തെ അഞ്ച് എംപറര്‍ പെന്‍ഗ്വിനുകളുടെ കോളനികള്‍ ഗവേഷകര്‍ പഠനത്തിന് വിധേയമാക്കിയാണ് കണക്കെടുപ്പ് നടത്തിയത്. റോത്ത്ഷീല്‍ഡ് ദ്വീപ്, വെര്‍ഡി ഇന്‍ലെറ്റ്, സ്‌മൈലേ ദ്വീപ്, ബ്രയാന്‍ പെനിന്‍സുല, ഫ്രോഗ്നര്‍ പോയിന്റ് തുടങ്ങിയവയാണ് ഈ അഞ്ചിടങ്ങള്‍. റോത്ത്ഷീല്‍ഡ് ദ്വീപ് ഒഴികെയുള്ള ഇടങ്ങളില്‍ പെന്‍ഗ്വിനുകളുടെ പ്രജനനം വിജയം കണ്ടില്ല. യൂറോപ്യന്‍ യൂണിയനിന്റെ സെന്റിനെല്‍-2 ഉപഗ്രഹങ്ങള്‍ ഉപയോഗിച്ച് അവയുടെ വിസര്‍ജ്യങ്ങളുടെ സാന്നിധ്യം മനസ്സിലാക്കിയാണ് പെന്‍ഗ്വിനുകള്‍ ആ മേഖലയില്‍ സജീവമാണോ എന്ന് വിലയിരുത്തുന്നത്.

പെന്‍ഗ്വിന്‍ സാന്നിധ്യമുള്ള പ്രദേശത്തെ പാറകള്‍ക്ക്  പെന്‍ഗ്വിന്‍ സാന്നിധ്യമില്ലാത്ത പ്രദേശത്തേക്കാള്‍ പിങ്ക് നിറമാണ് ഉപഗ്രഹചിത്രങ്ങളിൽ. ഇത് സാമ്പിളായെടുത്താണ് ബാക്കിയുള്ള പെന്‍ഗ്വിന്‍ കോളനികളും ഗവേഷകര്‍ അടയാളപ്പെടുത്തിയത്. 

പ്രായപൂര്‍ത്തിയായ എംപറര്‍ പെന്‍ഗ്വിനുകള്‍ മാര്‍ച്ച് മാസത്തില്‍ ദക്ഷിണ അര്‍ദ്ധഗോളത്തില്‍ ശീതക്കാലമെത്തുന്നതിന് മുന്‍പ് ഹിമപാളികളിലെത്തും. ഇണചേരലും, മുട്ടയിടലും, കുഞ്ഞുങ്ങള്‍ക്ക് ആഹാരം നല്‍കുന്നതു പോലും ഈ ഹിമപാളികളിലാണ്. പിന്നീടുള്ള മാസങ്ങളില്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരാകുന്നത് വരെ പെന്‍ഗ്വിന്‍ കുഞ്ഞുങ്ങള്‍ ഇവിടെയാകും. ഡിസംബര്‍, ജനുവരി സമയത്ത് സമുദ്രങ്ങളിലേക്ക് കുഞ്ഞുങ്ങള്‍ എത്തിപ്പെടും. എന്നാല്‍ ഡിസംബറെത്തും മുന്‍പേ, അതായത് നവംബറില്‍ നാല് കോളനികളിലെ ഹിമപാളികള്‍ നാശം അഭിമുഖീകരിക്കുന്നത് ഗവേഷകരുടെ ശ്രദ്ധയില്‍പ്പെട്ടു. കുഞ്ഞുങ്ങളെ നീന്താന്‍ സഹായിക്കുന്ന തൂവലുകള്‍ രൂപപ്പെടും മുന്‍പായിരുന്നു ഇത്. ഇങ്ങനെയാണ് ആയിരക്കണക്കിന് പെന്‍ഗ്വിന്‍ കുഞ്ഞുങ്ങള്‍ ചത്തതായി ഗവേഷകര്‍ കണ്ടെത്തിയത്. 

അന്റാര്‍ട്ടിക്കയില്‍ മാത്രം കണ്ടുവരുന്ന രണ്ട് പെന്‍ഗ്വിന്‍ വിഭാഗങ്ങളിലൊന്നായ ചക്രവർത്തി പെന്‍ഗ്വിനുകള്‍ ലോകത്തില്‍ വെച്ചേറ്റവും വലിയ പെന്‍ഗ്വിന്‍ വിഭാഗക്കാര്‍ കൂടിയാണ്. 2050 ഓടെ ഇവയുടെ അംഗസംഖ്യ 26 മുതല്‍ 47 ശതമാനം വരെയായി കുറയുമെന്നാണ് കരുതപ്പെടുന്നത്. ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്വര്‍ (ഐയുസിഎന്‍) പട്ടികപ്രകാരം വംശനാശത്തിന്റെ വക്കിലാണ് ഇക്കൂട്ടര്‍. 

കാലാവസ്ഥാ വ്യതിയാനം അന്റാര്‍ട്ടിക്കയിൽ മഞ്ഞുരുകലിന്റെ വേഗം കൂട്ടിയിരിക്കുകയാണ് വേനല്‍ക്കാലത്തുണ്ടാകുന്ന ഹിമപാളികളുടെ തോതില്‍ റെക്കോഡ് ഇടിവാണ് 2016-ല്‍ രേഖപ്പെടുത്തിയത്. ഭൂഖണ്ഡത്തിന് ചുറ്റുമുള്ള സമുദ്ര ജലം ചൂട് പിടിക്കുന്നതാണ് മഞ്ഞുരുകലിലേക്ക് നയിക്കുന്നതെന്ന് അന്റാര്‍ട്ടിക്കന്‍ കടല്‍ മഞ്ഞിനെ കുറിച്ച് പഠനങ്ങള്‍ നടത്തുന്ന ഡോ.കരോളിന്‍ ഹോംസ് പറയുന്നു. കാറ്റിന്റെ ഗതി മഞ്ഞ് കൂടുതല്‍ കരപ്രദേശങ്ങളില്‍ അടിയാന്‍ കാരണമായതായും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇത് മഞ്ഞ് വ്യാപിക്കുന്നതിന് ഒരു പരിധി വരെ തടസ്സമായി. 

 പ്രജനന പ്രക്രിയ്ക്ക് ഹിമപാളികളെയാണ് ചക്രവർത്തി പെന്‍ഗ്വിനുകള്‍ ആശ്രയിക്കുക. ഇത് ഉരുകുകയോ തകരുകയോ ചെയ്താല്‍ കുഞ്ഞുങ്ങള്‍ അപകടത്തിലാകും.ഇത് രൂപപ്പെടാനുള്ള സമയത്തെ ആശ്രയിച്ചാകും പുതിയ കുഞ്ഞുങ്ങള്‍ പിറക്കുക. കോളനികളിലെ ഒഴുകുന്ന മഞ്ഞുപാളികളുടെ അഭാവം കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നതിന് ഇനി തടസ്സമാകും. ഒരു വര്‍ഷത്തേക്ക് എങ്കിലും പുതിയ കുഞ്ഞുങ്ങള്‍ ജനിക്കാന്‍ സാധ്യതയില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. 2018-നും 2022-നുമിടയില്‍ 60-ലധികം എംപറര്‍ പെന്‍ഗ്വിനുകളുടെ കോളനികളെയാണ് മഞ്ഞുരുകല്‍ ബാധിച്ചത്. 

Read also-അന്റാര്‍ട്ടിക്കയുടെ തനത് വിഭാഗം; എംപറര്‍ പെന്‍ഗ്വിനുകള്‍ സംരക്ഷണ പട്ടികയിലേക്ക്‌

placeholder
സ്മെെലേ ദ്വീപിലെ കടൽ മഞ്ഞ് തകരുന്നതിന്റെ ചിത്രങ്ങൾ, കോപ്പർനിക്കെസ് സെന്റിനെൽ പകർത്തിയ ദൃശ്യം
സ്മെെലേ ദ്വീപിലെ കടൽ മഞ്ഞ് തകരുന്നതിന്റെ ചിത്രങ്ങൾ, കോപ്പർനിക്കെസ് സെന്റിനെൽ ഉപ​ഗ്രഹം പകർത്തിയ ദൃശ്യം

Read also-പെന്‍ഗ്വിനുകളിലെ ഭീമന്മാര്‍; എംപറര്‍ പെന്‍ഗ്വിനുകളുടെ പുതിയ കോളനി കണ്ടെത്തി

'കമ്മ്യൂണിക്കേഷന്‍സ് എര്‍ത്ത് ആന്‍ഡ് എന്‍വയോണ്‍മെന്റ്' എന്ന ജേണലില്‍ എംപറര്‍ പെന്‍ഗ്വിനുകളുടെ നാല് കോളനികളിലെ ഹിമപാളികൾ ഉരുകിയത് സംബന്ധിച്ച പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.