പെന്‍ഗ്വിനുകളിലെ ഭീമന്മാരായ എംപറര്‍ പെന്‍ഗ്വിനുകള്‍ ഇന്ന് നിലനില്‍പ്പ് ഭീഷണിയിലാണ്. നിത്യജീവിതത്തിന്റെ ഭാഗമായ സമുദ്രപ്രദേശത്തെ ഹിമപാളികളുടെ (sea ice) അഭാവമാണ് ഈ പെന്‍ഗ്വിന്‍ ഇനത്തിന്റെ ഭാവിയെ കുറിച്ച് ആശങ്കകള്‍ ഉയര്‍ത്തുന്നത്. പ്രതികൂല സാഹചര്യത്തോട് പൊരുത്തപ്പെടാനാവാത്തത് മൂലം പെന്‍ഗ്വിന്‍ കുഞ്ഞുങ്ങളുടെ മരണനിരക്കും കൂടിയ സ്ഥിതിയാണ്. അന്റാര്‍ട്ടിക്കയിലെ എംപറര്‍ പെന്‍ഗ്വിനുകളെ കുറിച്ച് വിശദമായി പഠിക്കുന്ന ബ്രിട്ടീഷ് അന്റാര്‍ട്ടിക് സര്‍വേയുടെ സമീപകാല റിപ്പോര്‍ട്ടുകള്‍ അത്ര ശുഭസൂചനയല്ല നല്‍കുന്നത്‌. 

To advertise here,

2023-ലുണ്ടായ കടല്‍ ഹിമപാളികളുടെ കുറവ് 66 പെന്‍ഗ്വിന്‍ കോളനികളിലെ 14 എണ്ണം വരുന്നവയെയും ബാധിച്ചുവെന്ന് അന്റാര്‍ട്ടിക് സയന്‍സ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം മുന്‍വര്‍ഷം 19 കോളനികളെയാണ് കടല്‍ ഹിമപാളികളുടെ അസാന്നിധ്യം ബാധിച്ചത്.

ബ്രിട്ടീഷ് അന്റാര്‍ട്ടിക് സര്‍വേയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 2023-ല്‍ കടല്‍ ഹിമപാളികള്‍ അതിന്റെ ഏറ്റവും താഴ്ന്ന അളവിലെത്തി. ഈ കുറവ് നിരീക്ഷിക്കാന്‍ തുടങ്ങിയതിന് ശേഷം പെന്‍ഗ്വിന്‍ കുഞ്ഞുങ്ങളുടെ മരണനിരക്ക് ഉയരുന്നതിന് സംഭാവന ചെയ്ത രണ്ടാമത്തെ വര്‍ഷം കൂടിയാണ് 2023. 2022-ല്‍ പ്രത്യുത്പാദനം വിജയകരമല്ലാതാകുന്ന വലിയൊരു സാഹചര്യമുണ്ടായത് ആശങ്കയോടെയാണ് ശാസ്ത്രലോകം കണ്ടത്. 2018 മുതല്‍ ഇതുമായി ബന്ധപ്പെട്ട് എംപറര്‍ പെന്‍ഗ്വിന്‍ കുഞ്ഞുങ്ങളുടെ മരണനിരക്ക് പഠിക്കുന്നുണ്ടെങ്കിലും അടുത്ത കാലത്താണ് ഇത് ഗുരുതരാവസ്ഥയിലേക്കെത്തുന്നത്.

സമുദ്ര ഹിമപാളികളില്‍ പ്രത്യുത്പാദനം നടത്തുന്നവയാണ് എംപറര്‍ പെന്‍ഗ്വിനുകള്‍. മുട്ടകള്‍ ജൂലൈ-ഓഗസ്റ്റ് മാസക്കാലയളവിലാണ് വിരിയുക. വെള്ളത്തിലിറങ്ങാവുന്ന തരത്തിലേക്ക് തൂവലുകള്‍ വികസിക്കുന്നത് വരെ കുഞ്ഞുങ്ങള്‍ പരിചരിക്കപ്പെടുന്നു. തൂവലുകള്‍ വികസിക്കുന്നതിന് മുമ്പ് കടല്‍ മഞ്ഞുപാളികള്‍ ഉരുകിയാല്‍ ഇവ വെള്ളത്തില്‍ മുങ്ങിത്താഴാനുള്ള സാധ്യതയുണ്ട്.

മുന്‍വര്‍ഷങ്ങളില്‍ ബാധിക്കപ്പെട്ട കോളനികളെ പെന്‍ഗ്വിനുകള്‍ കുറച്ചുകൂടി ഭേദപ്പെട്ട കാലാവസ്ഥയുള്ള സ്ഥലങ്ങള്‍ തേടുന്നതായും പഠനം കണ്ടെത്തി. പ്രതികൂല സാഹചര്യങ്ങളില്‍ പൊരുത്തപ്പെടാനുള്ള പെന്‍ഗ്വിനുകളുടെ ശേഷിയായി ഇതിനെ വിലയിരുത്താമെങ്കിലും ഇത് താത്കാലിക പരിഹാരം മാത്രമാണെന്നാണ് പഠനത്തിന്റെ രചയിതാവായ പീറ്റര്‍ ഫ്രെറ്റ്‌വെല്‍ പറയുന്നു. അവയ്ക്ക് പൊരുത്തപ്പെടുന്നതിന് പരിമിതികളുണ്ടെന്നും പീറ്റര്‍ ഫ്രെറ്റ്‌വെല്‍ പറയുന്നു.

ആഗോള താപനത്തിലേക്കുള്ള മനുഷ്യപ്രേരിതമായ ഘടകങ്ങള്‍ കുറച്ച് മഞ്ഞുരുകല്‍ തടഞ്ഞാല്‍ മാത്രമേ ഈ ജീവിവര്‍ഗത്തെ സംരക്ഷിക്കാന്‍ സാധിക്കൂ. 2022-23 കാലയളവിലാണ് റെക്കോഡളവില്‍ കടല്‍ മഞ്ഞുപാളികള്‍ കുറഞ്ഞതായി രേഖപ്പെടുത്തുന്നത്. ഉപഗ്രഹങ്ങളുപയോഗിച്ചുളള വിശകലനം തുടങ്ങിയതിന് ശേഷമുള്ള കണക്കാണിത്. 1981-2010 കാലയളവിലെ ശരാശരി കടല്‍ മഞ്ഞുപാളി കുറവുമായി താരതമ്യം ചെയ്യുമ്പോള്‍ 30 % വര്‍ധനവാണ് 2022-23 ലുണ്ടായത്.  ഹരിതഗൃഹ വാതക ബഹിര്‍ഗമനം ഇതേ തോതില്‍ തുടരുകയാണെങ്കില്‍ ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ പെന്‍ഗ്വിനുകളുടെ എണ്ണം 99 ശതമാനമായി കുറയുമെന്നും പഠനം അടിവരയിടുന്നു.