ന്യൂയോർക്ക് സിറ്റി: പസഫിക് സമുദ്രത്തിൽ രൂപംകൊണ്ട എൽ നിനോ പ്രതിഭാസം അത്യന്തം വിനാശകരമായ ഘട്ടത്തിലേക്ക് കടക്കുന്നതായി ലോകമെമ്പാടുമുള്ള കാലാവസ്ഥാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. 1950-ന് ശേഷമുള്ള ഏറ്റവും ശക്തമായ എൽ നിനോ പ്രതിഭാസങ്ങളിലൊന്നാണ് ഇതെന്നും, മനുഷ്യനിർമ്മിതമായ കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം ഇത് കൂടുതൽ വർദ്ധിപ്പിക്കുമെന്നും ഐക്യരാഷ്ട്രസഭയുടെ പ്രകൃതി-കാലാവസ്ഥാ ഏജൻസിയായ വേൾഡ് മെറ്റിയറോളജിക്കൽ ഓർഗനൈസേഷൻ (ഡബ്ല്യൂ.എം.ഓ.) വ്യക്തമാക്കി. പസഫിക് സമുദ്രത്തിൽ സംഭരിക്കപ്പെട്ട വൻതോതിലുള്ള താപം അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെടുന്നതോടെ ഭൂമിയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും അസാധാരണമാംവിധം കഠിനമായ ചൂട് അനുഭവപ്പെടുമെന്നാണ് വിലയിരുത്തൽ.

To advertise here,

ഭൂമിയുടെ കാലാവസ്ഥാ ഭൂപടം പങ്കുവെച്ച പ്രമുഖ അന്തരീക്ഷ ശാസ്ത്രജ്ഞൻ റയാൻ മോ, ഭൂമി ഏതാണ്ട് പൂർണ്ണമായും 'ചുവപ്പ്' മേഖലയിലാണെന്ന് നിരീക്ഷിച്ചു. യുണൈറ്റഡ് സ്റ്റേറ്റ്സ് ഒഴികെയുള്ള മറ്റെല്ലാ പ്രദേശങ്ങളിലും ആഗോള താപനം അതിന്റെ ഏറ്റവും ഉയർന്ന ശേഷിയിൽ തുടരുകയാണെന്നും 2027 ഫെബ്രുവരി വരെ ഈ പ്രതിഭാസം നീണ്ടുനിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നൈനോ 3.4 (Nino3.4) മേഖലയിലെ താപനില സാധാരണയേക്കാൾ 3.4 ഡിഗ്രി സെൽഷ്യസ് ഉയർന്നതായി മറ്റൊരു കാലാവസ്ഥാ ശാസ്ത്രജ്ഞനായ സീക്ക് ഹൗസ്‌ഫാദർ ചൂണ്ടിക്കാട്ടി. ചരിത്രത്തിൽ ഇതുവരെ രേഖപ്പെടുത്തിയ ഏത് എൽ നിനോ സംഭവങ്ങളേക്കാളും ഉയർന്ന നിരക്കാണിത്.

കാലാവസ്ഥാ വിദഗ്ദ്ധനായ ലിയോൺ സൈമൺസ് ഇതിനെ "സൂപ്പർ-ഡ്യൂപ്പർ എൽ നിനോ" എന്നാണ് വിശേഷിപ്പിച്ചത്. 2026-ന്റെ അവസാന മാസങ്ങളിൽ ലോകത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും സമുദ്രോപരിതല താപനില ശരാശരിയേക്കാൾ വളരെ ഉയർന്നു നിൽക്കാൻ വലിയ സാധ്യതയുണ്ടെന്ന് ഡബ്ല്യു.എം.ഒ പ്രവചിക്കുന്നു. എൽ നിനോയുടെ കേന്ദ്രഭാഗമായ സെൻട്രൽ, ഈസ്റ്റേൺ ട്രോപ്പിക്കൽ പസഫിക്കിലെ സമുദ്രോപരിതല താപനില ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ സാധാരണയേക്കാൾ 3.7 ഡിഗ്രി സെൽഷ്യസ് (6.7 ഡിഗ്രി ഫാരൻഹീറ്റ്) വരെ ഉയർന്ന് പുതിയ റെക്കോർഡ് കുറിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എൽ നിനോ-സതേൺ ഓസിലേഷൻ ചക്രത്തിലെ ചൂടേറിയ ഘട്ടമായ എൽ നിനോ, ലോകമെമ്പാടുമുള്ള കാലാവസ്ഥാ രീതികളെ നേരിട്ട് സ്വാധീനിക്കുകയും രണ്ട് മുതൽ ഏഴ് വർഷം വരെയുള്ള ഇടവേളകളിൽ ആവർത്തിക്കുകയും ചെയ്യുന്ന സ്വാഭാവിക പ്രതിഭാസമാണ്. ആഗോള താപനില ഉയർത്തുന്നതിനോടൊപ്പം ചില പ്രദേശങ്ങളിൽ കനത്ത വരൾച്ചയ്ക്കും മറ്റ് ചിലയിടങ്ങളിൽ അതിതീവ്ര മഴയ്ക്കും ഇത് കാരണമാകുന്നു. ഈ വർഷത്തെ "സൂപ്പർ എൽ നിനോ" കാരണം 2026 ജൂൺ മുതൽ 2027 ഫെബ്രുവരി വരെയുള്ള കാലയളവിൽ ആഗോളതലത്തിൽ നാലരലക്ഷത്തിലധികം മരണങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഷിക്കാഗോ സർവ്വകലാശാലയിലെ ക്ലൈമറ്റ് ഇംപാക്ട് ലാബിലെ ഗവേഷകർ പ്രവചിക്കുന്നു.