ധാക്ക: വംശനാശഭീഷണി നേരിടുന്ന പുള്ളിപ്പുലികളേക്കുറിച്ച് പ്രതീക്ഷയുണർത്തുന്ന കണ്ടെത്തലുമായി ബം​ഗ്ലാദേശ്. ബം​ഗ്ലാദേശിലെ ചിറ്റ​ഗോങ് മലനിരകളിലെ ക്യാമറ ട്രാപ്പിലാണ് പുള്ളിപ്പുലിയുടെ ചിത്രം പതിഞ്ഞത്. ഇന്ത്യയും മ്യാൻമറുമായി അതിർത്തി പങ്കിടുന്ന ബം​ഗ്ലാദേശിന്റെ മലനിരകളിലെ വനപ്രദേശത്ത് ഇപ്പോഴും പുള്ളിപ്പുലിയുടെ സാന്നിധ്യമുണ്ടെന്നതിലേക്കാണ് കാര്യങ്ങൾ വിരൽ ചൂണ്ടുന്നതെന്ന് വിദ​ഗ്ധർ പറയുന്നു. 

To advertise here,

ബം​ഗ്ലാദേശിലെ ക്രിയേറ്റീവ് കൺസർവേഷൻ അലയൻസ് (സിസിഎ) ക്യാമറ ട്രാപ്പിൽ പതിഞ്ഞ പുള്ളിപ്പുലിയുടെ ചിത്രം പുറത്തുവിട്ടിട്ടുണ്ട്. വംശനാശം സംഭവിക്കാതെ ഈ സ്പീഷിസിനെ സംരക്ഷിക്കുകയാണ് വേണ്ടതെന്ന് സിസിഎയിലെ വിദ​ഗ്ധർ ഒന്നടങ്കം പറയുന്നു. ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ്‌ നേച്ചർ (ഐയുസിഎന്‍) പട്ടികപ്രകാരം ആ​ഗോളതലത്തിൽത്തന്നെ വംശനാശനാശ ഭീഷണി നേരിടുന്ന വന്യജീവിയാണ് പുള്ളിപ്പുലിയെങ്കിലും സൗത്ത് ഏഷ്യൻ രാജ്യമായ ബം​ഗ്ലാദേശിൽ ഇവ ​ഗുരുതര വംശനാശഭീഷണി നേരിടുന്നവയുടെ പട്ടികയിലാണ്.

ബംഗ്ലാദേശിൽ ഇവയുടെ സാന്നിധ്യം രേഖപ്പെടുത്തുന്നത് അപൂർവമാണ്. ആവാസവ്യവസ്ഥാ നാശം, ഇരകളുടെ ലഭ്യതക്കുറവ്, വേട്ടയാടൽ തുടങ്ങിയവ പുള്ളിപ്പുലികളുടെ എണ്ണം കുറയാനുള്ള കാരണങ്ങളാണ്. പുള്ളിപ്പുലികളുടെ മാത്രമല്ല, കടുവകളുടെയും പ്രധാന ആവാസവ്യവസ്ഥ കൂടിയാണ് ബം​​ഗ്ലാദേശ്. 2024 ഒക്ടോബറിൽ പുറത്തുവിട്ട സർവേ റിപ്പോർട്ടുകൾ പ്രകാരം രാജ്യത്ത് 125 കടുവകളാണുള്ളത്.