തേഞ്ഞിപ്പലം: പശ്ചിമഘട്ടത്തില്‍നിന്നും വടക്കുകിഴക്കന്‍ ഹിമാലയനിരകളില്‍ നിന്നുമായി ആറു പുതിയ സസ്യങ്ങളെ തിരിച്ചറിഞ്ഞ് കാലിക്കറ്റ് സര്‍വകലാശാലയിലെ ഗവേഷകസംഘം. സസ്യശാസ്ത്രവിഭാഗം പ്രൊഫസര്‍ ഡോ. സന്തോഷ് നമ്പിയുടെ നേതൃത്വത്തിലാണ് കണ്ടെത്തല്‍. ജസ്നേറിയെസിയെ കുടുംബത്തില്‍പ്പെട്ട സസ്യങ്ങളെക്കുറിച്ചുള്ള പഠനത്തിന്റെ ഭാഗമായി ചേമഞ്ചേരി സ്വദേശി എം.കെ. അഖില്‍, ഒല്ലൂര്‍ സ്വദേശി വിഷ്ണുമോഹന്‍ എന്നിവര്‍ ഹെന്‍കെലിയ ജനുസ്സില്‍പ്പെട്ട സസ്യത്തെ മേഘാലയയിലെ ഈസ്റ്റ് ഖാസി ജില്ലയില്‍നിന്നു കണ്ടെത്തി. ഇതിന് ഹെന്‍കെലിയ ഖാസിയാന എന്ന് പേരുനല്‍കി.

Eriocaulon sanjappae
എരിയോക്കോളൻ സഞ്ജപ്പേ

മെലാസ്റ്റോമെറ്റേസിയ സസ്യ കുടുംബത്തിലെ 'സുന്ദരിയില' എന്നറിയപ്പെടുന്ന സോണറില ജനുസ്സിലുള്ളതാണ് മറ്റൊരു സസ്യം. സൗത്ത് ഗോവ സാല്‍സെറ്റ് താലൂക്കിലെ ചന്ദ്രേശ്വര്‍ മലയില്‍നിന്നു കണ്ടെത്തിയ ചെറിയ കിഴങ്ങുകളോടുകൂടിയ സസ്യത്തിന് സോണറില കൊങ്കനെന്‍സിസ് എന്നാണ് പേരിട്ടിരിക്കുന്നത്. പ്രൊഫ. സന്തോഷ് നമ്പി, ഗവേഷക തൃശ്ശൂര്‍ ചേലക്കര സ്വദേശിനി എസ്. രശ്മി, ഗോവ യൂണിവേഴ്സിറ്റി ബോട്ടണി ഗവേഷക പി.എഫ്. അക്ഷത്ര എന്നിവരാണ് തിരിച്ചറിഞ്ഞത്.

ഇടുക്കിയിലെ സപുഷ്പിസസ്യങ്ങളുടെ ക്രോഡീകരണവുമായി ബന്ധപ്പെട്ട കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ പ്രോജക്ടിന്റെ ഭാഗമായി ഡോ. സന്തോഷ് നമ്പി, ഗവേഷകരായ വിഷ്ണുമോഹന്‍, ഡാനി ഫ്രാന്‍സിസ്, ദിവ്യ കെ. വേണുഗോപാല്‍ എന്നിവര്‍ മൂന്നു പുതിയ സസ്യങ്ങളെ കണ്ടെത്തി. കാശിത്തുമ്പ കുടുംബത്തില്‍പ്പെട്ട ഇമ്പേഷ്യന്‍സ് രക്തകേസര, ബര്‍മാനിയേസിയെ കുടുംബത്തില്‍പ്പെട്ട ബര്‍മാനിയ മൂന്നാറെന്‍സിസ്, ഒറോബാങ്കെസിയെ കുടുംബത്തില്‍പ്പെട്ട പാരസൊപൂബിയ രാഘവേന്ദ്രെ എന്നീ സസ്യങ്ങളെ ആനമുടി, മൂന്നാര്‍, മതികെട്ടാന്‍ചോല എന്നിവിടങ്ങളില്‍നിന്നാണ് കണ്ടെത്തിയത്.

1909-ല്‍ എ. മീബോള്‍ഡ് പീരുമേട്ടില്‍നിന്നു ശേഖരിച്ച ബര്‍മാനിയ ഇന്‍ഡിക്ക എന്ന സസ്യത്തെ 110 വര്‍ഷങ്ങള്‍ക്കുശേഷം മീനുളിയാന്‍പാറയില്‍നിന്ന് കണ്ടെത്തി എന്നതും ശ്രദ്ധേയമാണ്.

Impatiens raktakesara
ഇമ്പേഷ്യൻസ് രക്തകേസര

പാരസൊപൂബിയ രാഘവേന്ദ്രെ എന്ന സസ്യത്തെ ഈ ജനുസ്സില്‍പ്പെട്ട മറ്റു സസ്യങ്ങളില്‍നിന്ന് വ്യത്യസ്തമാക്കുന്നത് ദളം, വിദളം, വിത്തുകള്‍ എന്നിവയുടെ പ്രത്യേകതകളാണ്. ഇന്ത്യന്‍ സസ്യശാസ്ത്രജ്ഞനായ ഡോ. ആര്‍. രാഘവേന്ദ്ര റാവുവിനോടുള്ള ബഹുമാന സൂചകമായിട്ടാണ് ഈ സസ്യത്തിന് പേര് നല്‍കിയിരിക്കുന്നത്.

Burmannia munnarensis
ബർമേനിയ മൂന്നാറൻസിസ്

കാലിക്കറ്റ് സര്‍വകലാശാലയിലെ തന്നെ പ്രൊഫസര്‍ ഡോ. എ.കെ. പ്രദീപും മതികെട്ടാന്‍ചോല ദേശീയോദ്യാനത്തിലെ സസ്യവൈവിധ്യത്തെക്കുറിച്ച് പഠനം നടത്തുന്ന എസ്. ശ്യാം രാധും ഈ കണ്ടെത്തലിന്റെ ഭാഗമായുണ്ട്. ഡോ. സന്തോഷ് നമ്പിയും അഖിലുംചേര്‍ന്ന് വയനാട് ജില്ലയിലെ പെരിയയില്‍നിന്ന് എരിയോക്കോളന്‍ ജനുസ്സില്‍പ്പെട്ട ഒരു സസ്യത്തെക്കൂടി കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യന്‍ സസ്യശാത്രജ്ഞനായ ഡോ. എം. സഞ്ജപ്പയോടുള്ള ബഹുമാന സൂചകമായി ഈ സസ്യത്തിന് എരിയോക്കോളന്‍ സഞ്ജപ്പേ എന്നാണ് പേര് നല്‍കിയത്.

Content Highlights: six new plants have been discovered by scientists from calicut university