കോഴിക്കോട്: ഇടുക്കി ജില്ലയിലെ ഇരവികുളം നാഷണൽ പാർക്കിൽനിന്ന് കാരറ്റ് കുടുംബത്തിൽപ്പെടുന്ന ടെട്രാറ്റീനിയം എന്ന ജനുസ്സിൽപ്പെടുന്ന ‘ടെട്രാറ്റീനിയം മണിലാലിയാനം’ എന്ന പുതിയ സസ്യത്തെ തിരിച്ചറിഞ്ഞു.

To advertise here,

സസ്യശാസ്ത്രഗവേഷകനും ഇന്ത്യൻ അസോസിയേഷൻ ഫോർ ആൻജിയോസ്‌പേം ടാക്സോണമിയുടെ സ്ഥാപക പ്രസിഡന്റും കാലിക്കറ്റ് സർവകലാശാലയിലെ ബോട്ടണി വിഭാഗം മേധാവിയുമായിരുന്ന പ്രൊഫ കെ.എസ്. മണിലാലിനോടുള്ള ബഹുമാനാർഥമാണ് ‘ടെട്രാറ്റീനിയം മണിലാലിയാനം’ എന്നപേര് നൽകിയത്.

ഉയർന്നപ്രദേശങ്ങളിൽ ചോലവനങ്ങളോട് ചേർന്നുള്ള പുൽമേടുകളിൽമാത്രം കണ്ടുവരുന്ന, വെളുത്ത പൂക്കളും മണ്ണിനടിയിൽ വളരുന്ന റൈസോമുകളുമുള്ള ഈ സസ്യം മഴക്കാലത്തുമാത്രം വളർന്ന് പുഷ്പിക്കുന്നവയാണ്. നവംബറിൽ ഇന്ത്യൻ അസോസിയേഷൻ ഫോർ ആൻജിയോസ്‌പേം ടാക്സോണമിയുടെ കോറൽജൂബിലി വാർഷിക കോൺഫറൻസ് കോഴിക്കോട് ദേവഗിരി കോളേജിൽ നടത്താൻ തയ്യാറെടുക്കുന്ന വേളയിലാണ് ഈ കണ്ടുപിടിത്തം. സ്വീഡനിൽനിന്ന് പ്രസിദ്ധീകരിക്കുന്ന രാജ്യാന്തര ജേണലായ ‘നോർഡിക് ജേണൽ ഓഫ് ബോട്ടണി’യിൽ ഈ പുതിയ സസ്യത്തെക്കുറിച്ചുള്ള വിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ദേവഗിരി സെയ്ന്റ് ജോസഫ്‌സ് കോളേജിലെ ബോട്ടണി വിഭാഗം ഗവേഷക സി. രേഖ, ഗൈഡായ കെ.എം. മനുദേവ്, കോയമ്പത്തൂരിലെ ബൊട്ടാണിക്കൽ സർവേ ഓഫ് ഇന്ത്യ, സതേൺ റീജണൽ സെന്റർ ഗവേഷകവിദ്യാർഥിയായ അമൃത സുന്ദരൻ, ഗൈഡും ശാസ്ത്രജ്ഞയുമായ സുജന കെ. അർജുനൻ എന്നിവരാണ് ഗവേഷകസംഘത്തിലുള്ളത്.