
ന്യൂഡല്‍ഹി: ജൂണ്‍ ഒന്നുമുതല്‍ സെക്രട്ടേറിയറ്റില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ നിരോധിക്കുമെന്ന് പരിസ്ഥിതിമന്ത്രി ഗോപാല്‍ റായ് പറഞ്ഞു. സംസ്ഥാനവ്യാപകമായി ജൂലായ് ഒന്നിന് നിരോധനം നടപ്പാക്കുന്നതിന് മുന്നോടിയായാണ് നടപടി. പപ്പര്‍ പ്ലേറ്റുകള്‍, കപ്പുകള്‍, സ്‌ട്രോകള്‍ എന്നിവ മാത്രമാണ് ഉപയോഗിക്കുകതെന്ന് ഉറപ്പാക്കും. ഒറ്റത്തവണ പ്ലാസ്റ്റിക് ഉപയോഗിച്ച് നിര്‍മിക്കുന്ന കുപ്പികള്‍ ഒഴിവാക്കി വെള്ളം കുടിക്കാന്‍ മണ്‍ഗ്ലാസുകളോ സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ഗ്ലാസുകളോ പേപ്പര്‍ കപ്പുകളോ ഉപയോഗിക്കാന്‍ ജീവനക്കാരോട് ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു.
ക്ഷണ കത്തുകള്‍, സിഗരറ്റ് പെട്ടികള്‍, 100 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക്/പി.വി.സി. ബാനറുകള്‍, ഇയര്‍ ബഡ്സ്, ബലൂണുകള്‍ക്കുള്ള പ്ലാസ്റ്റിക് സ്റ്റിക്കുകള്‍, പതാകകള്‍, മിഠായി-ഐസ്‌ക്രീം കോലുകള്‍, ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലേറ്റുകള്‍, കപ്പുകള്‍, ഗ്ലാസുകള്‍, ഫോര്‍ക്കുകള്‍, സ്പൂണുകള്‍, കത്തികള്‍, സ്ട്രോകള്‍, ട്രേകള്‍, മധുരപലഹാരങ്ങള്‍ പൊതിയുന്ന സില്‍വര്‍ ഫോയില്‍ ഉള്‍പ്പെടെയുള്ള പാക്കേജിങ് ഫിലിമുകള്‍ തുടങ്ങിയവ ജൂലായ് ഒന്നുമുതല്‍ സംസ്ഥാനവ്യാപകമായി നിരോധിക്കും.
ബദല്‍മാര്‍ഗങ്ങള്‍ക്കായുള്ള കരടുനയം തയ്യാറാക്കിയിട്ടുണ്ട്. സെറാമിക്, മുള, വന ഉപകരണങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കാനാണ് സാധ്യത. പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുന്നതിന് മുന്നോടിയായി മാലിന്യ ഉത്പാദനം കണക്കാക്കാനും ഹോട്‌സ്പോട്ടുകള്‍ കണ്ടെത്തുന്നതിനുമായി സംസ്ഥാന സര്‍ക്കാര്‍ സര്‍വേ നടത്തുന്നുണ്ട്.
വാണിജ്യ സ്ഥാപനങ്ങള്‍, മാളുകള്‍, മാര്‍ക്കറ്റിടങ്ങള്‍, സിനിമാ തിയറ്റേറുകള്‍, റെസ്റ്റോറന്റുകള്‍, വിനോദസഞ്ചാരസ്ഥലങ്ങള്‍, ആരാധനാലയങ്ങള്‍, കോളേജുകള്‍, സ്‌കൂളുകള്‍, ഓഫീസ് കോംപ്ലക്‌സുകള്‍, ആശുപത്രികള്‍ എന്നിവിടങ്ങളിലാണ് ഡല്‍ഹി മലിനീകരണ നിയന്ത്രണ സമിതി (ഡി.പി.സി.സി.) സര്‍വേ നടത്തുന്നത്.
പ്ലാസ്റ്റിക് നിരോധനം; സ്‌കൂളുകള്‍ക്കും നിര്‍ദേശം
ന്യൂഡല്‍ഹി: ഒറ്റത്തവണമാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ നിരോധനം ഘട്ടംഘട്ടമായി നിര്‍ത്തലാക്കുന്നതിന്റെ ഭാഗമായി തലസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും പുനരുപയോഗിക്കാവുന്ന പാത്രങ്ങള്‍ സൂക്ഷിക്കാന്‍ പ്രത്യേകമുറി (ബര്‍തന്‍ ഭണ്ഡാര്‍) സജ്ജീകരിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. ആദ്യഘട്ടത്തില്‍, പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്ക് പകരം സ്റ്റീല്‍, ഗ്ലാസ് ഉത്പന്നങ്ങള്‍ ഉപയോഗിക്കണമെന്ന് വിദ്യാഭ്യാസ ഡയറക്ടറേറ്റ് കര്‍ശനനിര്‍ദേശം നല്‍കി.
സ്‌കൂളുകളിലെ ദൈനംദിന ഉപയോഗത്തിനും പ്രത്യേക ചടങ്ങുകളിലും പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പൂര്‍ണമായും ഒഴിവാക്കി, പകരം ഇവ ഉപയോഗിക്കണം. രണ്ടാംഘട്ടത്തില്‍ മാലിന്യസംസ്‌കരണ പദ്ധതി നടപ്പാക്കാന്‍ സ്‌കൂളുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.
പരിസ്ഥിതിമന്ത്രാലയം കഴിഞ്ഞ ഓഗസ്റ്റിലാണ് പോളിസ്റ്റൈറൈന്‍, വികസിപ്പിച്ച പോളിസ്റ്റൈറൈന്‍ എന്നീ ഉത്പന്നങ്ങളുടെ നിരോധനം സംബന്ധിച്ച് ആദ്യ ഉത്തരവിറക്കിയത്. നിര്‍മാണം, ഇറക്കുമതി, സംഭരണം, വിതരണം, വില്‍പ്പന, ഉപയോഗം എന്നിവ നിരോധിച്ചുകൊണ്ടുള്ള വിജ്ഞാപനവും പുറപ്പെടുവിച്ചു. ജൂലായ് ഒന്നുമുതലാണ് നിരോധനം നിലവില്‍വരിക. ജൂണ്‍ ഒന്നുമുതല്‍ ഡല്‍ഹി സെക്രട്ടേറിയറ്റിലും ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ നിരോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനവും അധികൃതര്‍ പുറത്തിറക്കി.
Content Highlights: single use plastics will be banned in secretariat New Delhi
Published: 17 May 2022, 08:05 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented