വിവാഹ സത്കാരത്തിൽ ഉപയോഗിക്കുന്ന അഞ്ചുലിറ്ററിൽ താഴെയുള്ള പ്ലാസ്റ്റിക് കുടിവെള്ള കുപ്പി, രണ്ടു ലിറ്ററിൽ താഴെയുള്ള ശീതള പാനിയക്കുപ്പികൾ, പ്ലാസ്റ്റിക് സ്‌ട്രോകൾ, ഭക്ഷണം കൊണ്ടുവരുന്ന പ്ലാസ്റ്റിക് ഉത്‌പന്നങ്ങൾ, പ്ലാസ്റ്റിക് പ്ലേറ്റ്, കപ്പ്, ബേക്കറികളിൽ ഉപയോഗിക്കുന്ന ബോക്സുകൾ തുടങ്ങിയവക്കാണ് ഹൈക്കോടതി നിരോധനം ഏർപ്പെടുത്തിയത്. ചീഫ് സെക്രട്ടറിയും തദ്ദേശഭരണവകുപ്പ് സെക്രട്ടറിയും ഉത്തരവ് നടപ്പാക്കാൻ നടപടിയെടുക്കണമെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസും ജസ്റ്റിസ് പി. ഗോപിനാഥും അടങ്ങിയ ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. ബ്രഹ്മപുരത്ത് രണ്ടുവർഷം മുൻപ് മാലിന്യത്തിന് തീപിടിച്ചതിനെത്തുടർന്ന് ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് നിർണായക ഉത്തരവ്. ഈ വർഷം ഗാന്ധി ജയന്തി ദിനം മുതൽ മാർഗനിർദേശങ്ങൾ പ്രാബല്യത്തിൽ വരും.

ഹൈക്കോടതിയിൽ അപ്പീൽ നിലനിൽക്കുന്നതിനാൽ 60 ജിഎസ്‌എമിൽ കൂടുതലുള്ള നോൺ വോവൻ ബാഗുകളുടെ കാര്യത്തിൽ നിരോധനം ബാധകമല്ല. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ ദോഷവശങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കണമെന്നും പകരമുള്ള സംവിധാനങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കണമെന്നും കോടതി നിരീക്ഷിച്ചു. പുനഃരുപയോഗ സാധ്യതയില്ലാത്ത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ ഉപയോഗവും വിൽപ്പനയും പാടില്ലെന്നും ഹൈക്കോടതിയുടെ മാർഗനിർദേശങ്ങളിൽ പറയുന്നു
 
സംസ്ഥാനത്ത് ഒരിടത്തും കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഔദ്യോഗിക പരിപാടികളിലും ഇത്തരം സാധനങ്ങൾ ഉപയോഗിക്കരുതെന്നും നിർദേശമുണ്ട്. സംസ്ഥാനത്താകെ വിവാഹച്ചടങ്ങുകൾ, ഓഡിറ്റോറിയങ്ങൾ, ഹോട്ടലുകൾ, റസ്റ്ററന്റുകൾ എന്നിവിടങ്ങളിലും ഇവ ഉപയോഗിക്കില്ലെന്ന വ്യവസ്ഥ ലൈസൻസിൽ ഉൾപ്പെടുത്തണം.

മലയോര വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കൊണ്ടുപോകാൻ അനുവദിക്കരുതെന്നും ഹൈക്കോടതി നിർദേശിച്ചു. ഇടുക്കി,‌ മൂന്നാർ, തേക്കടി, വാഗമൺ, തൃശ്ശൂർ, അതിരപ്പിള്ളി, ചാലക്കുടി-അതിരപ്പിള്ളി സെക്ടർ, പാലക്കാട്, നെല്ലിയാമ്പതി, വയനാട്, പൂക്കോട് തടാകം-വൈത്തിരി, സുൽത്താൻ ബത്തേരി, കർളാട് തടാകം, അമ്പലവയൽ ഹെറിറ്റേജ് മ്യൂസിയം തുടങ്ങിയവയാണ് പ്ലാസ്റ്റിക് വിലക്കുള്ള വിനോദസഞ്ചാരമേഖലകൾ. പ്ലാസ്റ്റിക് നിരോധിത മേഖലകളിൽ കുടിവെളള ലഭ്യത ഉറപ്പാക്കുന്നതിന് കിയോസ്‌കുകൾ സ്ഥാപിക്കണമെന്നും നിർദേശമുണ്ട്.  

To advertise here,