തോല്പെട്ടി: കാട് വീണ്ടും തളിർക്കുകയാണ്. മഴപെയ്തൊഴിഞ്ഞിട്ടും നിർത്താതെ മരംപെയ്യുന്നു, പുതുനാമ്പുകളിടുന്നു, മരങ്ങൾ ആകാശങ്ങളിലേക്ക് പടരുന്നു, കിളികളും പൂമ്പാറ്റകളും മടങ്ങിയെത്തുന്നു... അധിനിവേശസസ്യമായ മഞ്ഞക്കൊന്നയുടെ പിടിയിൽനിന്ന് കാടിനെ വീണ്ടെടുത്തതിന്റെ അഭിമാനകഥ തുടങ്ങുന്നതിങ്ങനെയാണ്.

To advertise here,

വയനാട് വന്യജീവിസങ്കേതത്തിൽ ഉൾപ്പെട്ട തോല്പെട്ടി ഡിവിഷനിൽ അധിനിവേശസസ്യമായ മഞ്ഞക്കൊന്നയെ (സെന്ന) പൂർണമായും പിഴുതെടുത്ത 383 ഏക്കർ ഭൂമിയിൽനിന്നാണ് പ്രത്യാശനിറയുന്ന ഈ അനുഭവം. സന്നദ്ധസംഘടനയായ ഫോറസ്റ്റ് ഫസ്റ്റ് സമിതിയുടെ നേതൃത്വത്തിലായിരുന്നു സെന്ന നിർമാർജനവും കാടിന്റെ വീണ്ടെടുപ്പും നടന്നത്. 383 ഏക്കറിലാണ് പൂർണമായും സെന്നയെ വേരടക്കം നശിപ്പിച്ചത്. ഇതുൾപ്പെടെ 560 ഏക്കറിലാണ് കാടിന്റെ വീണ്ടെടുപ്പ് പ്രവർത്തനങ്ങൾ നടക്കുന്നത്. 80 തനതു സ്പീഷീസ് സസ്യങ്ങളാണ് കഴിഞ്ഞ അഞ്ചുവർഷംകൊണ്ട് ഈ കാട്ടിലാകെ നട്ടത്. സെന്നയുടെ വേരുകളുൾപ്പെടെ നശിപ്പിക്കുന്നതാണ് ഫോറസ്റ്റ് ഫസ്റ്റിന്റെ രീതി.

46,450 തൊഴിൽദിനങ്ങളുടെ അധ്വാനം. കുളിർമാവ്, കുന്തിരിക്കം, മഞ്ഞക്കടമ്പ്, അങ്കോലം, കരിമത്തി... സെന്നയൊഴിഞ്ഞ മണ്ണിൽ മരങ്ങളൊന്നൊന്നായി വളർന്നു. ഇടതിങ്ങി, ആദ്യമഴയിൽ പുല്ലുമുളച്ചു. തിന്നാൻ ചെറുമൃഗങ്ങളെത്തി. 15-ഓളം തനത് ഇനം പുല്ലിനങ്ങളും വേരാഴ്ത്തി.

placeholder
തോല്പെട്ടി ഡിവിഷനിൽ ഫോറസ്റ്റ് ഫസ്റ്റ് സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന സെന്ന നിർമാർജനത്തിൽ നിന്ന്

കാട് പച്ചപ്പ് വീണ്ടെടുത്തതോടെ സെന്നയിൽനിന്ന് ഒഴിഞ്ഞുമാറിയ പക്ഷിമൃഗാദികളും തിരികെയെത്തുന്നതാണ് കണ്ടതെന്ന് സർവേയിലും വ്യക്തമായതായി ഫോറസ്റ്റ് ഫസ്റ്റ് കോ-ഫൗണ്ടർ മീരാ ചന്ദ്രൻ പറഞ്ഞു. ‘കാട്ടാന, മാൻ, കേഴമാൻ, കാട്ടി, കരടി, പുലി, കടുവ തുടങ്ങിയ മൃഗങ്ങളുടെ സാന്നിധ്യം ഈ പ്രദേശങ്ങളിൽ കൂടി. കാട്ടാനകളുടെ സ്വാഭാവിക ആവാസവ്യവസ്ഥകളിലൊന്നാണിത്. പക്ഷിസർവേയിൽ 184 ഇനം പക്ഷികളെ കണ്ടെത്തി. ഷഡ്പദങ്ങൾ ഉൾപ്പെടെയുള്ള ചെറുപ്രാണികളുടെ സാന്നിധ്യവും കൂടി. ഒരിക്കൽ സെന്ന തിങ്ങിനിറഞ്ഞ ഒരുമേഖല വൃത്തിയാക്കിയിറങ്ങുമ്പോൾ നോക്കിനിൽക്കുന്ന കാട്ടിയെയാണ് കണ്ടത്. ഞങ്ങളുടെ പണി ആദ്യംമുതലേ നിരീക്ഷിക്കുന്നപോലെയൊരു നിൽപ്പ്’ -മീര അഭിമാനത്തോടെ പറയുന്നു.

സെന്നവനങ്ങളുടെ സാന്നിധ്യം 2019-ൽ 26.07 ശതമാനത്തിൽനിന്ന് 2023-ഓടെ ഒരുശതമാനമായി കുറഞ്ഞു. അതേസമയം പുൽമേടുകളും മരങ്ങളും നിറഞ്ഞ സ്വാഭാവിക വനമേഖല 25.91 ശതമാനമായി ഉയർന്നു. ഈ ശ്രമങ്ങളിലൊക്കെ വനത്തോടുചേർന്നുള്ള ഗോത്ര ഉന്നതികളിൽനിന്നുള്ളവരെ പങ്കാളിയാക്കിയതോടെ ഗോത്രജനതയുടെ തൊഴിൽലഭ്യതയും സാമ്പത്തികാവസ്ഥയും മെച്ചപ്പെടുത്താനും ഫോറസ്റ്റ് ഫസ്റ്റിന് സാധിച്ചു. 22 പേരിൽനിന്ന് തുടങ്ങി നൂറോളം ഗോത്രവിഭാഗക്കാരായ തൊഴിലാളികൾ ഇപ്പോൾ ഫോറസ്റ്റ് ഫസ്റ്റിനൊപ്പം കാടിനായി അധ്വാനിക്കുന്നു. വയനാട് വന്യജീവിസങ്കേതത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ പിന്തുണയോടെ തുടങ്ങിയ പദ്ധതി ഹൈക്കോടതിയുടെ വിദഗ്ധസമിതി റിപ്പോർട്ടിലും പ്രകീർത്തിക്കപ്പെട്ടു. ഇപ്പോൾ നാഗർഹോളെ കടുവസങ്കേതത്തിലേക്കും സെന്നനിർമാർജനം വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് ഫോറസ്റ്റ് ഫസ്റ്റ് പ്രവർത്തകർ.