മുഹമ്മദ് ആരിഫിനൊപ്പം സാരസ് കൊക്ക് | Photo: Twitter.com/GargiRawat
ഗുരുതരമായി പരിക്കേറ്റ് പറക്കാന്‍ കഴിയാത്ത നിലയില്‍ കണ്ടെത്തിയ സാരസ് കൊക്കിന് ആവശ്യമായ പരിചരണം നല്‍കി ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവന്ന മുഹമ്മദ് ആരിഫിനെ പ്രേക്ഷകര്‍ മറന്നുകാണില്ല. എവിടെപ്പോയാലും ആരിഫിനെ പിന്തുടരുന്ന സാരസ് കൊക്കിന്റെ സ്‌നേഹം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. മുഹമ്മദ് ആരിഫ് സംരക്ഷിച്ചു പോന്നിരുന്ന ആ സാരസ് കൊക്കിനെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അധികൃതര്‍ വന്യജീവി സങ്കേതത്തിലേക്ക് മാറ്റിയ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ചൊവ്വാഴ്ചയോടെ ആരിഫിന്റെ വീട്ടിലെത്തിയ വനംവകുപ്പ് അധികൃതര്‍ കൊക്കിനെ വീണ്ടെടുക്കാനുളള നടപടികള്‍ ആരംഭിക്കുകയായിരുന്നു. 'എനിക്ക് വനംവകുപ്പിന്റെ നിയമങ്ങള്‍ അറിയില്ല. ഞാനൊരു കര്‍ഷകനാണ്.കൊക്കിനെ ഞാന്‍ കൂട്ടിലടച്ച് ഒന്ന് അനങ്ങാൻ പോലും സമ്മതിക്കാതെ ഇരിക്കുന്ന അവസ്ഥയിലായിരുന്നെങ്കിൽ നിങ്ങള്‍ പറയുന്നത് എനിക്ക് മനസിലായേനെ. എന്നാല്‍ അത് ചുറ്റും ഇഷ്ടം പോലെ പറന്നു നടക്കുന്നതല്ലേ നിങ്ങള്‍ കണ്ടത്. ഞാന്‍ അതിനെ പിടിച്ചുവെച്ചതായി നിങ്ങള്‍ ആരെങ്കിലും കണ്ടിട്ടുണ്ടോ', എന്നായിരുന്നു ആരിഫിന്റെ പ്രതികരണം. പലതവണ പറത്തിവിട്ടിട്ടും കൊക്ക് പിന്നേയും ആരിഫനരികിലേക്ക് തന്നെ പറന്നുവരികയായിരുന്നു.അഥവാ കൊക്ക് ദൂരേക്ക് പോയാല്‍ തന്നെ സൂര്യാസ്തമയത്തോടെ തിരികെ എത്തുകയാണ് പതിവെന്നും ആരിഫ് പറയുന്നു.
പക്ഷിയെ റായ്ബറേലിയിലെ സമസ്പുര്‍ വന്യജീവി സങ്കേതത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണിപ്പോള്‍.കഴിഞ്ഞ ചൊവ്വാഴ്ചയോടെയാണ് സമസ്പുര്‍ സങ്കേതത്തില്‍ സാരസ് കൊക്കിനെ എത്തിച്ചത്. എത്തിച്ചയുടനെ തന്നെ പറഞ്ഞു വിടുകയായിരുന്നുവെന്നും ആരിഫ് പറയുന്നു. 'അവര്‍ അതിനെ ഏതവസ്ഥയിലാണ് സൂക്ഷിച്ചതെന്നറിയില്ല. അതിനെ പൂട്ടിയിട്ടുണ്ടാകണം. അല്ലാത്തപക്ഷം അത് എന്റെ അടുത്തേക്ക് വരുമായിരുന്നു. അതിനെ സ്വതന്ത്രമാക്കി വിടണമെന്നാണ് എന്റെ ആഗ്രഹം. സ്വതന്ത്രയായാല്‍ അത് എന്നിലേക്ക് തന്നെ മടങ്ങിവരുമെന്ന് എനിക്കറിയാം'-ആരിഫ് പറയുന്നു. ആരിഫിന്റെ വിഷയം യു.പിയിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഏറ്റെടുത്തുകഴിഞ്ഞു
'സംരക്ഷണവും അനുകമ്പയും രണ്ട് വ്യത്യസ്ത കാര്യങ്ങളാണ്. ആപത്തില്‍ പെട്ട പക്ഷിയെ നിങ്ങള്‍ക്ക് രക്ഷിക്കാം, പക്ഷേ അതിനെ ഉത്തരവാദപ്പെട്ടവരുടെ പക്കല്‍ തിരികെ ഏല്‍പ്പിക്കണ്ട ഒരു ചുമതല കൂടിയുണ്ട്.വന്യജീവികള്‍ വന്യസ്വഭാവം കാണിക്കും. കൊക്ക് ഒരു വന്യജീവിയാണ്, ആരെങ്കിലും ആക്രമിക്കപ്പെട്ടാല്‍ ആരാണ് ഉത്തരവാദിത്വം ഏറ്റെടുക്കുക?'....വൈല്‍ഡ്ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയില്‍ സാരസ് ക്രെയ്ന്‍ കണ്‍സര്‍വേഷന്‍ പ്രൊജക്ടിന് നേതൃത്വം നല്‍കുന്ന സമീര്‍ കുമാര്‍ സിന്‍ഹ പറയുന്നു.കൊക്കിനെ സഹായിക്കാന്‍ താത്പര്യമുണ്ടെങ്കില്‍, പക്ഷികളുടെ ആവാസകേന്ദ്രമായ തണ്ണീര്‍ത്തടങ്ങള്‍ സംരക്ഷിക്കുകയാണ് വേണ്ടതെന്നും സിന്‍ഹ പറയുന്നു
പറക്കുന്ന പക്ഷികളില്‍ ഏറ്റവും ഉയരം കൂടിയ പക്ഷി കൂടിയാണ് സാരസ് കൊക്കുകള്‍. ആറ് അടിയോളം പൊക്കം വെയ്ക്കുവാന്‍ സാരസ് കൊക്കുകള്‍ക്ക് സാധിക്കും. ഉത്തര്‍പ്രദേശിന്റെ തണ്ണീര്‍ത്തടങ്ങളിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ സാരസ് കൊക്കുകള്‍ താമസിക്കുന്നത്. ഉത്തര്‍പ്രദേശിന്റെ സംസ്ഥാന പക്ഷി കൂടിയാണ് സാരസ് കൊക്ക്.
Content Highlights: sarus crane in utharpradesh have been moved to wildlife sanctuary
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..