
ലഖ്‌നൗ: ആപത്തില്‍പെട്ടവനെ സംരക്ഷിക്കുന്നയാളെ മറക്കരുതെന്നാണ് പറയാറ്. മനുഷ്യര്‍ക്ക് മാത്രമല്ല പ്രകൃതിയിലെ ഓരോ ജീവജാലങ്ങളും അങ്ങനെ തന്നെയാണെന്ന് ഓര്‍മ്മിപ്പിക്കുകയാണ് സോഷ്യല്‍ മീഡിയയിലെ ഒരു വൈറല്‍ വീഡിയോ. ഗുരുതരമായി കാലിന് പരിക്കേറ്റ സാരസ് കൊക്കിനെ സംരക്ഷിച്ചതാണ് ആരിഫ് എന്ന 30-കാരന്‍. ഇന്ന് ആ പക്ഷിയുടെ ഏറ്റവും വലിയ സുഹൃത്താണ് ആരിഫ്.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ഇരുവരും തമ്മിലുള്ള ബന്ധം ഉടലെടുക്കുന്നത്. കാലിന് പരിക്കേറ്റ നിലയിലാണ് സാരസ് കൊക്കിനെ ആദ്യം ആരിഫ് കണ്ടെത്തുന്നത്. രണ്ടാമതൊന്ന് ആലോചിക്കാതെ വേദനയില്‍ പുളയുന്ന പക്ഷിയെ ആരിഫ് ഒപ്പം കൂട്ടി ശുശ്രൂഷിച്ചു. വീടിന് പുറത്തു കെട്ടിയ ഷെഡ് രൂപത്തിലുള്ള ഔട്ട്ഹൗസിലാണ് ആരിഫ് പക്ഷിയെ പാര്‍പ്പിച്ചത്. ഏതാനും ദിവസങ്ങളെടുത്തു കാലിന് പറ്റിയ പരിക്ക് മാറാന്‍. ആരോഗ്യം വീണ്ടെടുത്ത സാരസ് കൊക്കിനെ ആരിഫ് തിരികെ വിട്ടു.
മനുഷ്യരോട് പൊതുവേ ഇണങ്ങാത്ത പ്രകൃതമാണ് സാരസ് കൊക്കുകള്‍ക്ക്. അതുകൊണ്ട് പക്ഷി തിരികെ വരില്ലെന്നാണ് ആരിഫ് കരുതിയത്. എന്നാല്‍ എല്ലാവരേയും അത്ഭുതപ്പെടുത്തി സാരസ് കൊക്ക് തിരികെ വന്നു. അന്നുമുതല്‍ തുടങ്ങിയ സൗഹൃദമാണ് ആരിഫും പക്ഷിയും തമ്മില്‍. എവിടെ പോയാലും ഒപ്പം കൂടും. പകല്‍ മുഴുവന്‍ മറ്റെവിടെയെങ്കിലും പോയാലും നേരമിരുട്ടിയാല്‍ പക്ഷി ആരിഫിന്റെ വീട്ടിലെത്തും. ജോലി കഴിഞ്ഞ് മടങ്ങിയെത്തുന്ന ആരിഫിനൊപ്പമാണ് രാത്രി ഭക്ഷണവും. കൊടുക്കുന്നതെന്തും കഴിക്കുന്ന പ്രകൃതക്കാരനാണ് ആളെന്ന് ആരിഫ് പറയുന്നു. ഹാര്‍വസ്റ്റിങ് ഓപ്പറേറ്ററായി ജോലി ചെയ്യുന്ന ആരിഫ് സ്‌കൂട്ടറില്‍ പോകുമ്പോള്‍ പിന്നാലെ പറക്കുന്ന സാരസ് കൊക്ക് ഇന്ന് ഗ്രാമീണര്‍ക്ക് പതിവ് കാഴ്ചയാണ്
ആരിഫും പക്ഷിയും തമ്മിലുള്ള സൗഹൃദം ഗ്രാമവാസികള്‍ക്കും കൗതുകമാണിന്ന്. ആരിഫിന്റെ കുടുംബത്തിലെ ഒരംഗമാണ് ഇപ്പോള്‍ സാരസ് കൊക്ക്. എന്നുകരുതി കുടുംബത്തിലെ മറ്റാരോടും പക്ഷി അടുക്കില്ലെന്നത് വേറെ കാര്യം! ആരിഫ് ഇല്ലാത്തപ്പോള്‍ ഭക്ഷണവുമായി ചെല്ലാന്‍ പേടിയാണെന്ന് ഭാര്യ മെഹ്‌റുനിസ പറയുന്നു. ഇരുവരുടെയും മക്കളും കൊക്കിന് സമീപം പോകില്ല. പറക്കുന്ന പക്ഷികളില്‍ ഏറ്റവും ഉയരം കൂടിയ പക്ഷിയായ സാരസ് കൊക്ക് മനുഷ്യരോട് അത്ര വേഗത്തില്‍ ഇണങ്ങുന്ന കൂട്ടരല്ല
നീണ്ട കഴുത്തുകളോടും, കാലുകളോടും കൂടിയ ഒരിനം ക്രൗഞ്ചപക്ഷിയാണ് സാരസ് കൊക്ക്. വന്യജീവി സംരക്ഷണ നിയമത്തിന് കീഴില്‍ വരുന്ന ഇവ സംരക്ഷിത വിഭാഗമായിട്ടാണ് കരുതപ്പെടുന്നത്. മനുഷ്യരുടെ സാന്നിധ്യം ചിലപ്പോഴൊക്കെ ഇവയെ അലോസരപ്പെടുത്തിയേക്കാമെന്ന് പറയുന്നു വന്യജീവി വിദ്ഗധര്‍. ചിറകിലുള്ള സ്പര്‍ശനമോ മറ്റ് തരത്തിലുള്ള സ്പര്‍ശനങ്ങളോ ചിലപ്പോള്‍ അനുവദനീയമല്ല. കാട്ടില്‍ തന്നെ ഇവയെ സ്വതന്ത്രരായി വിടുന്നതാണ് നല്ലതെന്നും വിദ്ഗധര്‍ പറയുന്നു. യുപിയിലെ അമേഠി ജില്ലയിലെ മണ്ട്ക ഗ്രാമത്തിലെ താമസക്കാരനാണ് ആരിഫ്.
Content Highlights: arif creates a bond with sarus crane in up
Published: 28 Feb 2023, 12:27 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented