ന്യൂഡൽഹി: ഉത്തര്‍പ്രദേശുകാരനായ മുഹമ്മദ് ആരിഫും ഒരു സാരസ് കൊക്കും തമ്മിലുള്ള ബന്ധം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇപ്പോഴിതാ ആരിഫില്‍ നിന്ന് പിരിഞ്ഞതിന് ശേഷം ഇരുവരും വീണ്ടും കണ്ടുമുട്ടുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ഇതോടെ നിരവധി പേരാണ് കൊക്കിനെ ആരിഫിന് തന്നെ തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്. 

To advertise here,

ഇക്കാര്യം ആവശ്യപ്പെട്ട് ബിജെപി എം.പി വരുൺ ഗാന്ധി ട്വീറ്റ് ചെയ്തു. പരസ്പരം കണ്ടതിന്റെ സന്തോഷപ്രകടനം ഇവരുടെ സ്‌നേഹം എത്ര ശുദ്ധമാണെന്നതിന്റെ തെളിവാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. സാരസ് കൊക്കിന്റെയും ആരിഫിന്റെയും കഥ ഏറെ പ്രത്യേകതകളുള്ളതാണ്. കൂട്ടില്‍ ജീവിക്കാനല്ല, മറിച്ച് ആകാശത്തില്‍ പറക്കാനാണ് ഈ മനോഹര ജീവിയെ നിര്‍മിച്ചിരിക്കുന്നത്. അവന്റെ ആകാശവും സ്വാതന്ത്യവും തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് അദ്ദേഹത്തിന്റെ കുറിപ്പ് അവസാനിക്കുന്നത്. 

ആരിഫില്‍ നിന്ന് കൊക്കിനെ മാറ്റിയതിന് ശേഷം സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. മനുഷ്യന് സഹജീവികളോടുള്ള സ്‌നേഹം ബി.ജെ.പി ഇഷ്ടപ്പെടുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മറ്റുള്ളവരുടെ സങ്കടത്തില്‍ സന്തോഷം കണ്ടെത്തുന്നവര്‍ക്ക് ഒരിക്കലും സന്തോഷിക്കാന്‍ കഴിയില്ലെന്നും അഖിലേഷ് പറഞ്ഞു.

കാലിന് പരിക്കേറ്റതിനെ തുടര്‍ന്ന് പരിപാലിക്കാന്‍ തയ്യാറായ യുവാവുമായി പെട്ടെന്നുതന്നെ സാരസ് കൊക്ക് ചങ്ങാത്തം കൂടുകയായിരുന്നു. എന്നാല്‍ സംരക്ഷിത വിഭാഗത്തില്‍പെടുന്ന വന്യജീവികളെ വളര്‍ത്തരുതെന്ന് ചൂണ്ടിക്കാട്ടി മാര്‍ച്ചിലാണ് വനംവകുപ്പ് അധികൃതര്‍ കൊക്കിനെ വന്യജീവി സങ്കേതത്തിലേക്ക് മാറ്റിയത്. പിരിഞ്ഞെങ്കിലും ഇരുവരും തമ്മിലുള്ള ബന്ധം മുറിഞ്ഞിട്ടില്ലെന്ന് വീഡിയോയില്‍ നിന്ന് വ്യക്തമാണ്. 

കാൺപുര്‍ മൃഗശാലയില്‍ സാരസ് കൊക്കിനെ കാണാന്‍ എത്തിയ മുഹമ്മദ് ആരിഫിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. സാരസ് കൊക്കുള്ള കൂടിന് സമീപം നില്‍ക്കുന്ന ആരിഫാണ് വീഡിയോ ദൃശ്യങ്ങളിലുള്ളത്. ആപത്തില്‍ തനിക്ക് രക്ഷകനായ ആളെ കണ്ടതും സന്തോഷത്തില്‍ എന്ത് ചെയ്യണമെന്നറിയാതെ കൂടിനുള്ളില്‍ പരക്കം പായുന്ന സാരസ് കൊക്കിനെ ദൃശ്യങ്ങളില്‍ കാണാം.