
വര്‍ഷം തോറും 120 മുതല്‍ 150 പേര്‍ വരെ പാമ്പുകടിയേറ്റ് മരിച്ചിരുന്ന കേരളത്തില്‍ കഴിഞ്ഞ നാലുവര്‍ഷമായി മരണനിരക്ക് 40-ല്‍ താഴെയാണ്. പാമ്പുകടി ഏല്‍ക്കാനുള്ള സാഹചര്യം കുറഞ്ഞതും കടിയേറ്റവര്‍ക്ക് കൃത്യമായ ചികിത്സ നല്‍കാനായതുമാണ് കാരണം. ഇതിന് വഴിയൊരുക്കിയതില്‍ 'സര്‍പ്പ', 'സ്‌നേക്ക്പീഡിയ' മൊബൈല്‍ ആപ്പുകളുടെയും 'സ്‌നേക്ക്‌സ് ഓഫ് കേരള ഐ.ഡി. ക്വെസ്റ്റ്' വാട്‌സ് ആപ്പ് ഗ്രൂപ്പിന്റേയും പങ്ക് വലുതാണ്.
രാജ്യത്തിന് മാതൃകയായി 'സര്‍പ്പ'
നാലുവര്‍ഷം മുന്‍പ് കേരള വനംവകുപ്പ് ആരംഭിച്ച 'സര്‍പ്പ' മൊബൈല്‍ ആപ്പിനെ അനുകരിച്ച് ഒഡിഷ, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങള്‍ മൊബൈല്‍ ആപ്പ് നിര്‍മാണം ആരംഭിച്ചുകഴിഞ്ഞു. ഈ ആപ്പ് അരലക്ഷത്തിലേറെ പേര്‍ ഇതിനകം ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞു. പാമ്പുകളെ പിടികൂടി അവയുടെ ആവാസവ്യവസ്ഥയില്‍ കൊണ്ടുപോയിടുന്നതിന് പരിശീലനം നല്‍കി ഒട്ടേറെ വൊളന്റിയര്‍മാരെ ഈ പദ്ധതിക്കായി തയ്യാറാക്കിയിട്ടുണ്ട്.
ഇവരുടെയെല്ലാം മൊബൈല്‍ നമ്പര്‍ ഈ ആപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. പേടിപ്പെടുത്തുന്ന രീതിയില്‍ പാമ്പിനെ എവിടെയെങ്കിലും കണ്ടാല്‍ ഈ ആപ്പുവഴി ബന്ധപ്പെട്ടാല്‍ 'റെസ്‌ക്യു' സംഘം അവിടെയെത്തി പിടികൂടും. നാലുവര്‍ഷത്തിനിടെ ഇപ്രകാരം 35,874 പേര്‍ ആപ്പിലുള്ളവരുമായി ബന്ധപ്പെടുകയും 34,559 പാമ്പുകളെ പിടികൂടുകയും ചെയ്തു. ഇതില്‍ 266 എണ്ണം രാജവെമ്പാലയും 11,566 എണ്ണം മൂര്‍ഖനും 23 എണ്ണം അണലിയും 7163 എണ്ണം മലമ്പാമ്പുമായിരുന്നു.
'റെസ്‌ക്യൂ'വിന് ഡോക്ടര്‍മാര്‍മുതല്‍ വീട്ടമ്മമാര്‍വരെ
'സര്‍പ്പ' ആപ്പില്‍ പാമ്പുകളെ പിടികൂടാന്‍ പരിശീലനം ലഭിച്ച 740 പേരാണ് നിലവിലുള്ളത്. ഇതില്‍ വീട്ടമ്മമാരും ഓട്ടോതൊഴിലാളികളും അഭിഭാഷകരും കൂലിത്തൊഴിലാളികളും ബിസിനസുകാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഡോക്ടര്‍മാരുമെല്ലാം ഉള്‍പ്പെടും. സ്വന്തം ജോലിയ്ക്കിടെയാണ് അത് നിര്‍ത്തിവെച്ച് പലപ്പോഴും 'റാപ്പിഡ് റെസ്‌ക്യൂ ടീം' അംഗങ്ങളായ ഇവര്‍ നാട്ടുകാരുടെയും പാമ്പുകളുടെയും രക്ഷയ്ക്ക് എത്തുന്നതെന്ന് 'സര്‍പ്പ'നോഡല്‍ ഓഫീസര്‍ വൈ. മുഹമ്മദ് അന്‍വര്‍ പറഞ്ഞു.
ഇനി എല്ലാ വന്യമൃഗങ്ങളും 'സര്‍പ്പ'യിലേക്ക്
പാമ്പുകളുമായുള്ള ഏറ്റുമുട്ടല്‍ കുറയ്ക്കാന്‍ രൂപവത്കൃതമായ 'സര്‍പ്പ' ആപ്പില്‍ ഇനി എല്ലാ വന്യജീവികള്‍ക്കും പങ്കാളിത്തം വരുന്നു. കാട്ടാന, കടുവ, കാട്ടുപന്നി, കരടി, കാട്ടുപോത്ത്, മുള്ളന്‍പന്നി എന്നിവയുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്താല്‍ അവിടേക്ക് റസ്‌ക്യൂ സംഘത്തെ അയക്കുന്നതോടൊപ്പം അവിടെ ഇങ്ങനെ ഒരു പ്രശ്‌നം ഉണ്ടെന്ന നോട്ടിഫിക്കേഷന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത എല്ലാവര്‍ക്കും ലഭിക്കുന്ന രീതിയിലാണ് പുതിയ സംവിധാനം. ഇത് രണ്ടു മാസത്തിനകം പ്രവര്‍ത്തനക്ഷമമാകും.
പരിചയപ്പെടുത്തി സ്‌നേക്ക്പീഡിയ
വിഷമുള്ളതും അല്ലാത്തതുമായ സര്‍വപാമ്പുകളുടെയും മലയാളത്തിലുള്ള വിവരണത്തോടൊപ്പം അവയുടെ വിവിധ ചിത്രങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയ സ്‌നേക്ക്പീഡിയ മൊബൈല്‍ ആപ്പിന് ഉപയോക്താക്കള്‍ ഇതിനകം ഒരുലക്ഷം കടന്നു. ഇതുവഴി പാമ്പുകളെ കൂടുതലായി പരിചയപ്പെടാനും ഏതെല്ലാമാണ് കുഴപ്പക്കാര്‍ എന്ന് നേരില്‍ കാണുമ്പോള്‍ തിരിച്ചറിയാനും സാധിക്കും. പാമ്പ് ഗവേഷകരുടെ വലിയ ഒരു ശൃംഖലയുമായി ബന്ധമുള്ളതുകൊണ്ട് തന്നെ പാമ്പുകളുടെ സൂക്ഷ്മമായ വിവരങ്ങള്‍ ഇതിലൂടെ ലഭിക്കുന്നുണ്ട്.
കാഷ്വാലിറ്റി ഡോക്ടര്‍മാര്‍ക്ക് ആശ്വാസമായി വാട്‌സാപ്പ് ഗ്രൂപ്പ്
കടിച്ച പാമ്പിന്റെ ചിത്രമോ, വല്ലപ്പോഴെങ്കിലും അവയെ ജീവനോടെ പിടിച്ചോ ഡോക്ടര്‍മാരുടെ അടുത്തെത്തുന്നവര്‍ കുറവല്ല. അത്തരം സാഹചര്യങ്ങളില്‍ പാമ്പിനെ തിരിച്ചറിഞ്ഞ് ചികിത്സ വേഗത്തിലാക്കാന്‍ പാമ്പു ഗവേഷകരുടെ വാട്‌സാപ്പ് ഗ്രൂപ്പ് ഏറെ ഗുണം ചെയ്യുന്നുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് 'സ്‌നേക്ക്‌സ് ഓഫ് കേരള ഐ.ഡി. ക്വെസ്റ്റ്'.
Content Highlights: sarpa app and snakepedia kerala forest department introduces apps to recognise snakes
Published: 16 Jul 2024, 11:19 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented