തൃശ്ശൂർ: കഴിഞ്ഞ അഞ്ചുവർഷത്തിനിടെ (2021-2026) സർപ്പ വൊളന്റിയർമാർ സംസ്ഥാനത്തെ ജനവാസമേഖലയിൽ നിന്ന് പിടികൂടിയത് 77,000 പാമ്പുകളെ. പാമ്പുകടിയേറ്റുള്ള മരണങ്ങൾ കുറയ്ക്കുന്നതിനും ജനവാസമേഖലയിലെത്തുന്ന പാമ്പുകളെ ശാസ്ത്രീയമായി പിടികൂടി സുരക്ഷിതമായി വനമേഖലയിലേക്കയക്കുന്നതിനുമായി തുടങ്ങിയ സർപ്പ (സ്‌നേക് അവേർനസ് റെസ്‌ക്യൂ ആൻഡ് പ്രൊട്ടക്ഷൻ ആപ്പ്) വഴി പ്രവർത്തിക്കുന്ന സന്നദ്ധസംഘനാപ്രവർത്തകർ പിടികൂടിയ കണക്കുമാത്രമാണിത്. മൂർഖൻപാമ്പിനെയാണ് ഇക്കാലയളവിൽ ഏറ്റവും കൂടുതൽ (28,000) പിടികൂടിയത്. 4,000 അണലിയെയും 1,000 വെള്ളിക്കെട്ടനെയും 19,000 പെരുമ്പാമ്പുകളെയും 13,000 ചേരയെയും പിടികൂടിയിട്ടുണ്ട്. ഇതിലൊന്നുംപെടാത്ത മറ്റു 12,000 എണ്ണം വേറെയും.

To advertise here,

2020-ലാണ് സർപ്പ ആപ്പ് തുടങ്ങുന്നത്. ആദ്യസമയത്ത് കാര്യമായ പ്രതികരണമില്ലായിരുന്നു. 2024-ഓടെയാണ് ജനങ്ങൾ കാര്യമായ രീതിയിൽ ഇതുപയോഗിച്ചുതുടങ്ങിയത്. ഇന്ന് സംസ്ഥാനത്താകെ പരിശീലനം ലഭിച്ച 3,600 സർപ്പ വൊളന്റിയർമാരുണ്ട്. കൂലിപ്പണിക്കാർ മുതൽ ഡോക്ടർമാർവരെ ഇതിൽപ്പെടും. 24 മണിക്കൂറും തീർത്തും സൗജന്യമാണിവരുടെ സേവനം. പാമ്പുകടിയേൽക്കുന്ന സമയത്ത് അടിയന്തര സഹായത്തിനും ബോധവത്കരണത്തിനും ഇവരുണ്ടാകും. സാമൂഹിക വനവത്കരണവിഭാഗത്തിലെ റേഞ്ച് ഓഫീസർക്കാണ് ജില്ലകളിലെ സർപ്പ കോഡിനേറ്റർ ചുമതല. ഇവരുടെ മേൽനോട്ടത്തിലാണ് ജില്ലകളിലെ പ്രവർത്തനം.

ജാഗ്രത വേണം

''കഠിനമായ ചൂടാണ് പാമ്പുകൾ പുറത്തിറങ്ങാൻ കാരണമെന്ന് പറയുന്നുണ്ടെങ്കിലും ഏപ്രിൽ, മെയ് മാസങ്ങൾ മിക്ക പാമ്പുകളുടെയും പ്രജനനസമയംകൂടിയാണ്. മുട്ടകൾ വിരിഞ്ഞ് കുഞ്ഞുങ്ങൾ പുറത്തുവരുന്ന ഘട്ടം. ഈ സമയം കൂടുതൽ ജാഗ്രതയിലായിരിക്കണം നമ്മൾ. പെരുമാറുന്ന സ്ഥലങ്ങളിൽ, പ്രധാനമായും വീടിനു ചുറ്റുപാടും അകവും പാമ്പുകൾക്ക് ഇര തേടാനോ ഒളിക്കാനോ ഉള്ള സാഹചര്യം ഒഴിവാക്കണം. രാത്രിയിൽ നല്ല വെളിച്ചമുള്ള ടോർച്ച് ഉപയോഗിച്ചുമാത്രം പുറത്തിറങ്ങുക. കുട്ടികൾ കളിക്കുന്ന മുറ്റവും സ്ഥലങ്ങളുമെല്ലാം എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. കുട്ടികളോടൊപ്പം മുതിർന്നവരുടെ സാന്നിധ്യംകൂടി ഉറപ്പാക്കാൻ ശ്രദ്ധിക്കേണ്ടതാണ്.'' - സി.ടി. ജോജു, ജില്ലാ ഫെസിലിലേറ്റർ & മാസ്റ്റർ ട്രെയിനർ, സർപ്പ, തൃശ്ശൂർ.