മലപ്പുറം: പാമ്പുവിഷബാധകൊണ്ടുള്ള മരണങ്ങൾ ഇല്ലാതാക്കാനും അപകടങ്ങൾ തടയാനുമായി സംസ്ഥാനത്ത് പ്രത്യേക കർമപദ്ധതിക്ക് തുടക്കമായി. 2030 ആകുന്നതോടെ പാമ്പുവിഷബാധകൊണ്ടുള്ള മരണങ്ങൾ പൂർണമായി തടയുകയാണ് ലക്ഷ്യം.
പാമ്പുവിഷബാധയെ വിജ്ഞാപിത രോഗമായി കണക്കാക്കും. അതനുസരിച്ച്, പാമ്പുകടിയേറ്റ് ചികിത്സ തേടി എത്തുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ എല്ലാ ആശുപത്രികളും യഥാസമയം ആരോഗ്യവകുപ്പിന് നൽകണം.
പ്രാഥമിക പരിചരണങ്ങൾ മെച്ചപ്പെടുത്തുക, അടിയന്തര ചികിത്സാസൗകര്യങ്ങളും ആന്റിവെനം ലഭ്യതയും ഉറപ്പാക്കുക, വ്യാപക ബോധവത്കരണം നടത്തുക തുടങ്ങി വിവിധ തലങ്ങളിലുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് നടപ്പാക്കുകയാണ് ലക്ഷ്യം.
ആവശ്യമായ ആന്റിവെനം സംസ്ഥാനത്തുതന്നെ നിർമിക്കുക എന്നതും പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. പാമ്പുകടിയുമായി ബന്ധപ്പെട്ട വിപുലമായ വിവരശേഖരണം നടത്തി കൃത്യമായ ഡാറ്റാബേസ് തയ്യാറാക്കി പാമ്പുകടി പ്രതിരോധവഴികൾ നോക്കുക, ചികിത്സാസൗകര്യങ്ങൾ ഒരുക്കുക തുടങ്ങിയവയൊക്കെ പദ്ധതിയിൽ ഉൾപ്പെടും.
സംസ്ഥാനത്ത് ഒരുവർഷം ശരാശരി 8000 പേർക്കുവരെ പാമ്പുകടിയേൽക്കുന്നുണ്ടെന്നാണ് കണക്ക്. എന്നാൽ, പാമ്പുകടിയേറ്റുള്ള മരണങ്ങൾ കാര്യമായി കുറച്ചുകൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ട്. ഈവർഷം ഏപ്രിലിൽ ഒരാഴ്‌ചയ്ക്കിടെ ആറുപേർ പാമ്പുകടിയേറ്റ് മരിച്ചിരുന്നു.
ഇതുൾപ്പെടെ ഈവർഷം ഒൻപതു മരണങ്ങളാണ് റിപ്പോർട്ട്ചെയ്തിട്ടുള്ളത്. 2020-ൽ പാമ്പുകടിയേറ്റ് 76 പേർ മരിച്ചു. ആ വർഷമാണ് വനം വകുപ്പ് സർപ്പ ആപ്പിന് രൂപംകൊടുക്കുകയും വ്യാപകമായ ബോധവത്കരണത്തിനു തുടക്കമിടുകയും ചെയ്തത്.
സർപ്പ വൊളന്റിയർമാരുടെ പ്രവർത്തനം വലിയതരത്തിലുള്ള ബോധവത്കരണമാണ് കേരളത്തിലുണ്ടാക്കിയത്. അക്കൊല്ലം മുതൽ പാമ്പുവിഷബാധാ മരണങ്ങൾ ക്രമമായി കുറയ്ക്കാനും കഴിഞ്ഞിട്ടുണ്ട്.
പാമ്പുകളെക്കുറിച്ചും പാമ്പുകടിയെക്കുറിച്ചുമുള്ള ബോധവത്കരണപരിപാടികൾ കൂടുതൽ മെച്ചപ്പെടുത്തി അപകടസാധ്യതകൾ പരമാവധി ഒഴിവാക്കുക, വനം, കൃഷി, ട്രൈബൽ വെൽഫെയർ, വിദ്യാഭ്യാസം, തദ്ദേശസ്വയംഭരണം, ആരോഗ്യം തുടങ്ങി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പാമ്പുകടി മരണമില്ലാത്ത കേരളം സാധ്യമാക്കുകയാണു ലക്ഷ്യം.
Content Highlights: State-wide mission to achieve zero snakebite deaths by 2030. Snakebite officially classified as a notifiable disease. Mandatory data reporting for hospitals to the Health Department. Focus on local anti-venom production and improved emergency care. Inter-departmental coordination (Health, Forest, Agriculture, Education).
Published: 31 Jul 2026, 09:13 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented